തായ്‌വാൻ: വ്യാകുലമാതാവിന്റെ ദൈവാലയം പൊളിച്ചുനീക്കി റോഡ് നിർമിക്കാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ മധ്യസ്ഥ പ്രാർത്ഥനായജ്ഞവുമായി വിശ്വാസീസമൂഹം. ദൈവാലയം തകർക്കാൻ ഭരണകൂടത്തെ അനുവദിക്കരുതെന്ന പ്രാർത്ഥനയുമായി നൂറുകണക്കിന് വിശ്വാസികളാണ് ഇക്കഴിഞ്ഞ ദിവസം ദൈവാലയത്തിലെത്തിയത്.

തീർത്ഥാടകരുടെ പ്രിയപ്പെട്ട മരിയൻകേന്ദ്രമായ ഇവിടെ സെപ്റ്റംബർ 15നാണ് തിരുനാൾ. ദൈവാലയം പൊളിക്കാനുള്ള നീക്കം അറിഞ്ഞതിനാൽ, വ്യാകുലമാതാവിന്റെ നാമത്തിലുള്ള തീർത്ഥാടനകേന്ദ്രം ഈ തിരുനാളിൽ സാക്ഷ്യം വഹിച്ചത് ഇതുവരെ കണ്ടിട്ടില്ലാത്ത തീർത്ഥാടക പ്രവാഹത്തിനാണ്.

എല്ലാവരും പ്രാർത്ഥിച്ചത് ഒരേയൊരു കാര്യവും: ‘തങ്ങളുടെ ദൈവാലയത്തെ നാശത്തിന് വിട്ടുകൊടുക്കരുതേ.’ ദൈവമാതാവിനോട് പ്രാർത്ഥിച്ചാൽ തങ്ങളുടെ ജീവിതപ്രശ്‌നങ്ങളിൽ മാതാവ് അത്ഭുതകരമായ മാധ്യസ്ഥ്യം വഹിക്കുമെന്ന് ഇവിടെയെത്തുന്ന ഓരോ വിശ്വസിക്കും അനുഭവവേദ്യമാണ്. അതിനാൽ, ഈ തീർത്ഥാടനകേന്ദ്രത്തിന് തായ്‌വാനിലെ വിശ്വാസികളുടെ ജീവിതത്തിൽ അതുല്യമായ ഒരു സ്ഥാനമുണ്ട്.

വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ‘സ്വർഗത്തിലേക്കുള്ള കവാടം’ വിശേഷണവും ഈ ദൈവാലയത്തിനുണ്ട്. ദൈവാലയം പൊളിക്കുന്നതിനുള്ള നടപടികളുമായി പോവുകയാണ് ചൈനീസ് സർക്കാർ. ഇതിന്റെ ഭാഗമായി ദൈവാലയ കവാടത്തിൽ സ്ഥാപിച്ചിരുന്ന രൂപങ്ങളും മറ്റും കഴിഞ്ഞ ദിവസം തകർത്തിരുന്നു. വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉയരുന്ന എതിർപ്പുകൾ ഭരണകൂടം ഗൗനിക്കാത്ത സാഹചര്യത്തിൽകൂടിയാണ് ജനം ദൈവാലയത്തിൽ പ്രാർത്ഥനാകൂട്ടായ്മ ഒരുക്കിയത്.