ഇവിടെ വിശകലനവിധേയമാകുന്ന സംഭവവികാസത്തിന്റെ പ്രഭവകേന്ദ്രം മദ്ധ്യതിരുവിതാംകൂറില്‍ സീറോമലബാര്‍ സഭയിലെ വിശ്വാസതീക്ഷ്ണതയില്‍ ആരുടെയും പിന്നിലല്ലായെന്നഭിമാനിക്കുന്ന പുരാതന സുറിയാനി കത്തോലിക്കാ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരിടവകയിലെ 7 -ാം വാ ര്‍ഡാണ്. സ്ഥലനാമം വെളിപ്പെടുത്താന്‍ മടിക്കുന്നതുകൊണ്ട് സംഭവം യാഥാര്‍ത്ഥ്യമല്ലയെന്ന് കരുതേണ്ട.
ബഹു. വികാരിയച്ചന്റെ ക്ഷണപ്രകാരം സണ്‍ഡേസ്‌കൂള്‍ പി. റ്റി. എഫ്. സമ്മേളനത്തില്‍ ”സഭാത്മക ആദ്ധ്യാത്മികതയും വിശ്വാസപരിശീലനവും കുടുംബങ്ങളില്‍” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനാണ് ഞാന്‍ അവിടെയെത്തിയത്. സമ്മേളനം അവസാനിച്ചുകഴിഞ്ഞപ്പോള്‍ നാലു മക്കളുടെ അമ്മയും ബാങ്കുദ്യോഗസ്ഥയുമായ മോനിക്കാമ്മ മോതിരംപറമ്പില്‍ ചായകുടിച്ചുകൊണ്ടിരുന്ന എന്റെയടുക്കല്‍ വന്ന് സ്വയം പരിചയപ്പെടുത്തി. ഏഴാം വാര്‍ഡിന്റെ വനിതാ ലീഡര്‍; ഒരു ഉദ്യോഗസ്ഥയെന്ന ജാഡയൊന്നും കൂടാതെ മോനിക്കാമ്മ വിനയത്തോടെ വിവരാന്വേഷണം നടത്തിയപ്പോള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെങ്കില്‍പോലും എന്റെ ജോലിസ്ഥലവും അനുബന്ധവിവരങ്ങളും വെളിപ്പെടുത്തുന്നതില്‍ അപാകതയുണ്ടെന്ന് തോന്നിയില്ല.
അടുത്ത രണ്ടാംശനിയാഴ്ച ഓഫീസിലായിരുന്ന എന്നെ മോനിക്കാമ്മ ഫോണില്‍ വിളിച്ചു. ഉച്ചകഴിഞ്ഞ് വരുമെന്ന് അറിയിക്കാനായിരുന്നു. കൃത്യസമയത്തെത്തി കാര്യങ്ങള്‍ വിശദമാക്കിയപ്പോഴാണ് കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനത്തിന്റെ ഈണം മനസ്സിലെവിടെയോ ഒഴുകിപ്പടര്‍ന്നത്.
മോനിക്കാമ്മയുടെ 7 -ാം വാര്‍ഡിന്റെ ലീഡര്‍ അടയ്ക്കാപ്പറമ്പില്‍ ആന്റപ്പന്‍ സാറാണ്. ഒരു കേന്ദ്രഗവണ്‍മെന്റ് സ്ഥാപനത്തില്‍നിന്നു വി. ആര്‍. എസ് എടുത്തശേഷം ഇപ്പോള്‍ ഒരു പത്രസ്ഥാപനത്തില്‍ സെക്ഷന്‍ എഡിറ്ററായി ജോലിനോക്കുന്ന ആന്റപ്പന്‍ സാര്‍ മാര്‍ത്തോമ്മാ വിദ്യാനികേതനില്‍ നിന്നും ദൈവശാസ്ത്രബിരുദം നേടിയിട്ടുള്ള വ്യക്തിയും ഇടവകയുടെ സണ്‍ഡേസ്‌കൂള്‍ പ്രഥമാദ്ധ്യാപകനും കുടുംബക്കൂട്ടായ്മാ രംഗത്ത് ക്രിയാത്മക സഹകാരിയുമാണ്. 7 -ാം വാര്‍ഡിലെ കുടുംബക്കൂട്ടായ്മാ സമ്മേളനങ്ങളില്‍ ബഹു. വികാരിയച്ചന്‍ പ്രത്യേകം ചുമതലപ്പെടുത്തിയതനുസരിച്ച് പ്രബോധനങ്ങള്‍ നല്‍കുന്നത് സാറാണ്. അതുകൊണ്ട് 7 -ാം വാര്‍ഡിന്റെ കൂട്ടായ്മാസമ്മേളനങ്ങള്‍ പ്രാര്‍ത്ഥനയോടുകൂടി മാത്രം അവസാനിക്കാത്ത പ്രബോധനവും ചര്‍ച്ചയും സംശയനിവാരണവും എല്ലാം ഉള്‍ക്കൊള്ളുന്ന സജീവ സമ്മേളനങ്ങളാണ്. സമയമുള്ളപ്പോള്‍ വികാരിയച്ചനും സാറിന്റെ ക്ലാസ്സുകള്‍ ശ്രദ്ധിക്കാറുണ്ട്. ഒരിക്കല്‍പോലും വികാരിയച്ചന് ഒരു തിരുത്തലും നല്‍കേണ്ടിവന്നിട്ടില്ല. സാറു നല്‍കിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെ സഭാത്മകമായ ഒരു വിശ്വാസജീവിതശൈലി പുലര്‍ത്തുന്ന ഒരു കൂട്ടായ്മയായി 7 -ാം വാര്‍ഡ് മാറി. ക്രമേണ സീറോമലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനയുടെ ഭാഗമായ റംശാനമസ്‌ക്കാരം സായാഹ്നത്തില്‍ എല്ലാ കുടുംബങ്ങളെയും ഭക്തിസാന്ദ്രമാക്കി. ഈ സാഹചര്യത്തില്‍ ആണ് ഇടവകയില്‍ ഒരു നവീകരണ ധ്യാനം സം ഘടിപ്പിക്കപ്പെട്ടത്. ധ്യാനദിവസങ്ങളില്‍ ധ്യാനടീമില്‍ പെട്ട മൂന്നുപേര്‍ (രണ്ട് അത്മായരും ഒരു സന്ന്യാസിനിയും) ഉള്‍പ്പെടുന്ന ചെറുസംഘങ്ങള്‍ ഇടവകയിലെ ഓരോ വാര്‍ഡിലുമുള്ള വീടുകള്‍ കയറി ഇറങ്ങുകയും വൈകുന്നേരം വാര്‍ഡിലെ ഒരു വീട്ടില്‍ കുടുംബക്കൂട്ടായ്മാ സമ്മേളനം ചേരുകയും ചെയ്തു. 7 -ാം വാര്‍ഡിലെ സമ്മേളനം തുടങ്ങുമ്പോള്‍ ലീഡുചെയ്യുവാന്‍ നിയോഗിക്കപ്പെട്ടിരുന്ന കുടുംബനാഥന്‍ പതിവുപോലെ, എല്ലാവരും സമാധാനാശംസ നല്‍കിക്കഴിഞ്ഞപ്പോള്‍ ‘അത്യുന്നതങ്ങളില്‍ ദൈവത്തിനുസ്തുതി’ എന്ന പ്രാര്‍ത്ഥനയോടെ റംശാനമസ്‌ക്കാരം ആരംഭിച്ചു. പെട്ടെന്ന് ബഹു. സിസ്റ്റര്‍ അതു നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. അപ്പോള്‍ സംഘത്തില്‍പ്പെട്ട രണ്ട് ആത്മായരില്‍ ഒരാള്‍ കാനോനാനമസ്‌ക്കാരം ചൊല്ലുവാന്‍ വൈദികര്‍ക്കും സന്യസ്ഥര്‍ക്കും മാത്രമെ കടമയുള്ളുവെന്നും അത്മായര്‍ അതുചൊല്ലുന്നത് അടുത്തകാലത്ത് അല്മായരില്‍ കണ്ടുവരുന്ന ക്ലെറിക്കലൈസേഷന്‍ (വൈദികവല്‍ക്കരണം) എന്ന അനഭിമതമായ പ്രവണതയാണെന്നും പറഞ്ഞു. ഭക്താനുഷ്ഠാനങ്ങളുടെ വൈകാരികവശത്തില്‍ ഊന്നിയ ഒ രു ഉപദേശമായിരുന്നു പിന്നീട്. സമ്മേളനം അവസാനിച്ചപ്പോള്‍ ആന്റപ്പന്‍ സാര്‍ പറഞ്ഞത് വിശ്വസിച്ച നമ്മളൊക്കെ വിഡ്ഢികളായി എന്ന് പരസ്പരം പറഞ്ഞുകൊണ്ട് ആളുകള്‍ തിരിച്ചുപോയി. ”എനിക്കുമാത്രമല്ല പലര്‍ക്കും ഇത് കണ്‍ഫ്യൂഷന്‍ ഉളവാക്കി. സാര്‍ എനിക്ക് മറുപടിതന്നാല്‍ മാത്രം പോരാ. ഇക്കാര്യം ‘സത്യദര്‍ശന’ത്തില്‍ എഴുതിയാല്‍ എന്നെപ്പോലെയുള്ള വളരെപ്പേരുടെ കണ്‍ഫ്യൂഷന്‍ തീരുമല്ലൊ”. മോനിക്കാമ്മ പറഞ്ഞുനിര്‍ത്തി.
ഞാന്‍ ഷെല്‍ഫില്‍നിന്ന് ‘കര്‍ത്താവിന്റെ വചനം’ (Verbum Domini) എന്ന ബനഡിക്ട് 16 -ാമന്‍ പാപ്പായുടെ ശ്ലൈഹികാഹ്വാനം എടുത്തു. ഈ രേഖയുടെ 62 -ാം ഖണ്ഡികയില്‍ മാര്‍പ്പാപ്പാ ഇപ്രകാരം പഠിപ്പിക്കുന്നു.
”വിശുദ്ധലിഖിതത്തിന് ഊന്നല്‍ നല്‍കുന്ന പ്രാര്‍ത്ഥനാരൂപങ്ങളുടെ ഇടയില്‍ യാമപ്രാര്‍ത്ഥനയ്ക്ക് സംശയാതീതമായ ഒരു സ്ഥാനമുണ്ട്. ”വിശുദ്ധ ലിഖിതവുമായും സഭയുടെ സജീവ പാരമ്പര്യവുമായുള്ള സമ്പര്‍ക്കത്തിലേക്ക് വിശ്വാസികളെ ആനയിക്കുന്ന ദൈവവചനം ശ്രവിക്കുന്നതിന്റെ ഒരു സവിശേഷരൂപം”…
സഭയുടെ പരസ്യപ്രാര്‍ത്ഥനയെന്ന നിലയില്‍, യാമപ്രാര്‍ത്ഥന, ദൈവവചനം ശ്രവിക്കുന്നതിന്റെയും സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിന്റെയും താളക്രമത്തില്‍ മുദ്രിതമായി മുഴുവന്‍ ദിവസത്തെയും വിശുദ്ധീകരിക്കുകയെന്ന ക്രൈസ്തവ ആദര്‍ശമാണ് മുന്നോട്ടു വയ്ക്കുക. ഈ രീതിയില്‍ എല്ലാ പ്രവര്‍ത്തനവും ദൈവത്തിനു സമര്‍പ്പിക്കുന്ന സ്തുതിയോട് ബന്ധപ്പെടുന്നു.
ഈ പ്രാര്‍ത്ഥന, പ്രത്യേകിച്ച് പ്രഭാതപ്രാര്‍ത്ഥനയും സായാഹ്നപ്രാര്‍ത്ഥനയും ചൊല്ലുന്നത്, ദൈവജനത്തിന്റെയിടയില്‍ കൂടുതല്‍ വ്യാപകമാക്കാന്‍ സിനഡ് അഭ്യര്‍ത്ഥിച്ചു. വിശ്വാസികളുടെ ഭാഗത്ത് ദൈവവചനം കൂടുതല്‍ പരിചിതമാകുന്നതിലേക്കു നയിക്കാന്‍ ഇതിനു കഴിയും. ഞായറാഴ്ചകളുടെയും തിരുനാളുകളുടെയും സായാഹ്നനമസ്‌ക്കാരത്തിനുള്ള യാമപ്രാര്‍ത്ഥനകളുടെ മൂല്യത്തിനും, പ്രത്യേകിച്ച് പൗരസ്ത്യ ക ത്തോലിക്കാസഭകളില്‍, ഊന്നല്‍ നല്‍കേണ്ടതാണ്. ഈ ലക്ഷ്യത്തിനുവേണ്ടി സാധിക്കുന്ന ഇടങ്ങളിലൊക്കെ, ഇടവകകളും സ ന്യാസസമൂഹങ്ങളും, അല്മായ വിശ്വാസികളുടെ പങ്കാളിത്തത്തോടുകൂടി, ഈ പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു”. (VD. 62).
പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ നിര്‍ദ്ദേശം ഇതോടൊന്നിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും (ഉദ്‌ബോധനം 98).
”ആധികാരികമായ സിദ്ധാന്തങ്ങളുടെ നിക്ഷേപങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടുപോന്ന, പ്രാര്‍ത്ഥനയുടെ സവിശേഷമായ ഒരു ഉറവിടം വിശ്വാസികള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ എവിടെയെല്ലാം ജനത്തോട് ചേര്‍ന്ന് യാമപ്രാര്‍ത്ഥനകള്‍ ചൊല്ലിയിരുന്ന പതിവ് ക്ഷയിച്ചുപോകുകയോ പൂര്‍ണ്ണമായി അപ്രത്യക്ഷമാകുകയോ ചെയ്തിട്ടുണ്ടോ അവിടെയെല്ലാം യാതൊരു കാലതാമസവും കൂടാതെ പുരാതന പാരമ്പര്യം പുനഃസ്ഥാപിക്കേണ്ടതാണ്”. (ഉദ്‌ബോധനം 98).
വിശ്വാസികള്‍ക്ക് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും മൂല്യവും മനസ്സിലാക്കിക്കൊടുക്കുന്നതിനും അവര്‍ അതിനെ ഇഷ്ടപ്പെടുന്നതിനും, അതില്‍ പങ്കെടുത്ത് ആദ്ധ്യാത്മിക പോഷണം നേടുന്നതിനും ഉത്തരവാദപ്പെട്ടവര്‍ അവര്‍ക്കു സാധിക്കുന്നതിന്റെ പരമാവധി ചെയ്യേണ്ടതാണെന്നും സഭ അനുശാസിക്കുന്നു. (പൗരസ്ത്യസഭകളുടെ കാനന്‍നിയമം 289. 2 ഉദ്‌ബോധനം 98).
നസ്രാണികളുടെ സഭാജീവിതത്തെക്കുറിച്ച് 17 -ാം നൂറ്റാണ്ടില്‍ സാക്ഷ്യം നല്കുന്ന വിന്‍സന്റ് മരിയ രേഖപ്പെടുത്തുന്നതുപോലെ നസ്രാണികള്‍ ആഴമായ പ്രാര്‍ത്ഥനാജീവിതത്തിന്റെ ഉടമകളായിരുന്നു. ദീര്‍ഘനേരം അവര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു. രാവിലെയും വൈകുന്നേരവും കുടുംബങ്ങളില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നതില്‍ അവര്‍ പ്രത്യേക നിഷ്ഠ പാലിച്ചിരുന്നു. പൗരസ്ത്യ സുറിയാനിസഭയുടെ നിയമസംഹിതയായ ”കാനന്‍അപ്പസ്‌തൊലോരും” അല്മായരും ദിവസത്തില്‍ മൂന്നുനേരം പ്രാര്‍ത്ഥിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. പിന്നീടുണ്ടായ സെലൂഷ്യന്‍ നിയമങ്ങളും, അല്മായരും, വൈദികരും യാമപ്രാര്‍ത്ഥന മുടങ്ങാതെ ചൊല്ലണമെന്നു നിഷ്‌കര്‍ക്കുന്നു. 1561 -ല്‍ നൂനസ് ബെരറ്റോ രേഖപ്പെടുത്തുന്നതനുസരിച്ച് മലബാറില്‍ വൈദികരും ജനങ്ങളും രാവിലെയും വൈകുന്നേരവും യാമപ്രാര്‍ത്ഥന ചൊല്ലിയിരുന്നു. മേല്‍പ്പറഞ്ഞ നിയമങ്ങളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ നസ്രാണികള്‍ രാവിലെയും വൈകുന്നേരവുമുള്ള കുടുംബപ്രാര്‍ത്ഥനയ്ക്കു യാമ പ്രാര്‍ത്ഥനതന്നെ ഉപയോഗിച്ചിരുന്നുവെന്നു ന്യായമായും അനുമാനിക്കാം.
”സഭയുടെ ഈ പൊതുപ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ (വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍) മാമ്മോദീസ സ്വീകരിച്ചവരുടെ രാജകീയപൗരോഹിത്യം നിര്‍വ്വഹിക്കുന്നു” എന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു. (ccc. 1174).
കുടുംബക്കൂട്ടായ്മ (Familiaris Conso rtio), അല്മായവിശ്വാസികള്‍ എന്നീ ശ്ലൈഹികപ്രബോധനങ്ങളിലും യാമപ്രാര്‍ത്ഥന ചൊല്ലുന്ന വേദികളുടെ ഗണത്തില്‍ കുടുംബത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം.
ഇത്രയും പറഞ്ഞതില്‍നിന്നും വികാരിയച്ചന്റെ അനുവാദത്തോടെ ആന്റപ്പന്‍ സാര്‍ പഠിപ്പിച്ചത് സഭയുടെ ആധികാരിക പ്രബോധനം തന്നെയായിരുന്നു എന്ന് ഉറപ്പിക്കാമല്ലൊ.
സത്യനാഥാനന്ദദാസ്