ഉത്തരേന്ത്യയിൽ പലേടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കും നേരേ നടക്കുന്ന അതിക്രമങ്ങൾക്ക് അടിസ്ഥാനം മതപരമായ അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല. വിവിധ സേവനമേഖലകളിൽ രാജ്യത്തെ ജനങ്ങൾക്കു വലിയ സംഭാവനകൾ ചെയ്ത വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിന്ദിക്കുന്നതു വലിയ നന്ദികേടും ഒപ്പം വിവരക്കേടുമാണ്. വികസനത്തിന്റെയും വിജ്ഞാനത്തിന്റെയും അരണ്ട വെളിച്ചം പോലും കടന്നുചെല്ലാതിരുന്ന പ്രദേശങ്ങളിൽ പ്രതിബന്ധങ്ങളെയും അപകടസാധ്യതകളെയും അവഗണിച്ചു ചെന്നെത്തി ജനങ്ങൾക്കു വെളിച്ചം പകർന്നുകൊടുത്ത പല മഹാന്മാരും മഹതികളുമുണ്ട്. അങ്ങനെ സേവനം ചെയ്തവരിൽ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുമുണ്ടാകാമെങ്കിലും വലിയ തോതിലും വ്യവസ്ഥാപിതമായും സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതു ക്രൈസ്തവരാണ്. അവരിൽ പലർക്കും പീഡനങ്ങളും പരിഹാസങ്ങളുമൊക്കെ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ഗ്രയം സ്റ്റെയിൻസിനെയും കുടുംബാംഗങ്ങളെയും തീയിട്ടു കൊന്ന സംഭവം, സിസ്റ്റർ റാണി മരിയയുടെ കൊലപാതകം എന്നിവയൊക്കെ ക്രൈസ്തവരുടെ സേവനപ്രവർത്തനങ്ങളോടുള്ള അസഹിഷ്ണുതയുടെ ഫലമായിരുന്നു. വിഷലിപ്തമായ വർഗീയ ചിന്തകൾ കൊണ്ടുനടക്കുന്നവർക്കു നന്മപ്രവൃത്തികളെ അംഗീകരിക്കാൻ കഴിയില്ലെന്നു മാത്രമല്ല, അവ അസ്വാസ്ഥ്യജനകവുമായിരിക്കാം.
സഹിഷ്ണുതയുടെയും മാനവികതയുടെയും മഹത്തായ പാരന്പര്യമുള്ള ഇന്ത്യക്ക് അടുത്തകാലത്തായി ഇവിടെ വളരുന്ന അസഹിഷ്ണുത ആഗോളവേദികളിൽ വലിയ അപമാനമായിട്ടുണ്ട്. അധഃസ്ഥിത സമൂഹങ്ങളുടെ ഇടയിൽ സാമൂഹ്യ സേവനമോ വിദ്യാഭ്യാസ പ്രവർത്തനമോ നടത്താൻ ആരെയും സമ്മതിക്കില്ലെന്ന സാഹചര്യം ഇവിടെ വളർന്നുവരുകയാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശിഷ്യ ഉത്തരേന്ത്യയിലെ തികച്ചും അവികസിതമായ പ്രദേശങ്ങളിൽ, ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും കൊളുത്തിയ വിളക്കുകൾ അനേകരെ പ്രകാശത്തിലേക്കു നയിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുന്പ് ആരംഭിച്ചതാണീ സേവനദൗത്യം. അത് സ്വതന്ത്ര ഇന്ത്യയിലും തുടർന്നു. തികഞ്ഞ നിസ്വാർഥതയോടെ ഇത്തരം സേവനരംഗങ്ങളിൽ പ്രവർത്തിച്ച നിരവധി മിഷനറിമാരുണ്ട്. മദർ തെരേസയെപ്പോലെ ചുരുക്കം ചിലരെ ലോകം അറിയുകയും ആദരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പലരെയും അവർ പ്രവർത്തിക്കുന്ന സമൂഹങ്ങൾക്കു പുറത്ത് ആരും അറിയുന്നില്ല.രാജ്യത്തെ പൊതുവിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസരംഗത്തും ക്രൈസ്തവ സ്ഥാപനങ്ങൾ നൽകിയ സംഭാവന അറിയാത്തവരല്ല നമ്മുടെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും. അവരിൽ മിക്കവരും ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചു വളർന്നവരാണ്. ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതോ ക്രൈസ്തവർ സാമൂഹ്യസേവനങ്ങളിൽ വ്യാപരിക്കുന്നതോ മതപരിവർത്തനമെന്ന ലക്ഷ്യത്തോടെയല്ല. ആയിരുന്നുവെങ്കിൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനമായിരിക്കില്ലായിരുന്നു. ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കി ഒരു മലയാളിവൈദികനെ ജയിലിലാക്കിയത് ഈയടുത്ത നാളിലാണ്. മതപരിവർത്തനം നടത്തിയെന്നും ആദിവാസിഭൂമി തട്ടിയെടുത്തെന്നുമൊക്കെയുള്ള കുറ്റങ്ങളാണു വൈദികന്റെമേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ ഫാ. ബിനോയി രണ്ടു വർഷമായി പേസ് മേക്കറുപയോഗിക്കുന്ന ഹൃദ്രോഗിയാണ്. ഈ വൈദികന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു പോലീസ് ജുഡീഷൽ കസ്റ്റഡിയിൽ അദ്ദേഹത്തെ വിടാനുള്ള ഉത്തരവു സന്പാദിച്ചത്. ഏറെ പ്രയത്നത്തിന്റെ ഫലമായി കഴിഞ്ഞദിവസം വൈദികനു ജാമ്യം ലഭിച്ചെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നു. ജാർഖണ്ഡിലെതന്നെ സാഹിബ്ഗഞ്ച് ജില്ലയിലെ മുണ്ട്ലി തീൻ പഹാഡിൽ ജെസ്വിറ്റ് സന്യാസസഭ നടത്തുന്ന സെന്റ് ജോൺ ബെർക്ക്മൻസ് ജൂണിയർ കോളജ് ഒരു സംഘം അക്രമികൾ അടിച്ചുതകർത്തതും അടുത്തനാളിലാണ്. 1961ൽ ആരംഭിച്ച ഈ സ്ഥാപനം പാവപ്പെട്ടവർക്കും ആദിവാസികൾക്കും വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നു. വികസനം എത്തിനോക്കാത്ത പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഇവിടെ പഠിക്കുന്നത്. ക്രൈസ്തവ സന്യാസികളുടെ സ്ഥാപനം ഈ സേവനം ചെയ്യുന്നതിൽ അസഹിഷ്ണുക്കളായ കുറെപ്പേർ ഒരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയായിരുന്നു. ബിജെപിയോട് ആഭിമുഖ്യമുള്ള വിദ്യാർഥിസംഘടനാ പ്രവർത്തകരും കോളജിനു പുറത്തുനിന്നെത്തിയ ചിലരുമായിരുന്നു അവർ. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസിനുനേർക്കും ആക്രമണമുണ്ടായി.പക്ഷേ, അക്രമികളെ പിടികൂടാൻ പോലീസ് തയാറായില്ല. അവരുടെ രാഷ്ട്രീയ പിൻബലത്തെക്കുറിച്ചു ബോധ്യമുള്ളതുകൊണ്ടാണു പോലീസ് നിഷ്ക്രിയത്വം പാലിച്ചത്. ജാർഖണ്ഡിൽ പലേടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരേ കുറെക്കാലമായി അതിക്രമങ്ങൾ നടന്നുവരുകയാണ്. ഫാ. ബിനോയിക്കെതിരേ തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്നു ജാമ്യം അനുവദിച്ചുകൊണ്ടു മജിസ്ട്രേറ്റ് വ്യക്തമാക്കി. ആദിവാസി ആക്ടുമായി ബന്ധപ്പെട്ട കേസായതിനാലാണു ജാമ്യം വൈകിയത്. ഫാ. ബിനോയിയുടെ കാര്യത്തിൽ കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാർ വളരെ സജീവമായി ഇടപെടുകയും ഡീൻ കുര്യാക്കോസ് എംപി നേരിട്ട് ആശുപത്രിയിലെത്തി വൈദികനെ സന്ദർശിക്കുകയും ചെയ്തു. ജാർഖണ്ഡിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേർക്കു നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ജാർഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയോടും പിസിസി അധ്യക്ഷനോടും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉജ്ജയിൻ രൂപതയുടെ കീഴിലുള്ള പുഷ്പ ആശുപത്രിക്കു നേരേ കഴിഞ്ഞവർഷം ആക്രമണം നടന്നു. 2017 ഡിസംബറിൽ സത്നയിൽ കരോൾ സംഘത്തിനു നേരേയും 2018 ജനുവരിയിൽ വിദിശയിലെ സെന്റ് മേരീസ് കോളജിലും മതതീവ്രവാദികൾ അക്രമം നടത്തി.ഒഡീഷയിൽ അര നൂറ്റാണ്ടു സേവനമനുഷ്ഠിച്ച കന്യാസ്ത്രീയെയും നാഗ്പുരിലെ സെന്റ് ചാൾസ് സെമിനാരിയിൽ പതിറ്റാണ്ടുകളായി സേവനം ചെയ്തുപോന്ന ഫാ. നൊയേൽ മൊളോക്കോയെയും വീസ നീട്ടി നൽകാതെ നാടുകടത്താൻ നടത്തിയ ശ്രമം ഭരണാധികാരികളുടെ മനോഭാവം വ്യക്തമാക്കുന്നു. കടുത്ത അസഹിഷ്ണുതയുടെ ഇത്തരം ഉദാഹരണങ്ങൾ ഇന്ത്യയുടെ മുഖം ലോകസമൂഹത്തിനു മുന്നിൽ വികൃതമാക്കുകയേ ഉള്ളൂ.
കടപ്പാട്- ദീപിക