ബ്ര.സൈജോ കൊല്ലംപറമ്പില്‍

മൂന്ന് പതിറ്റാണ്ട് മുമ്പ് ചങ്ങനാശേരി ബസ്സ്റ്റാന്റിലും മഡോണ ബസിലും മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു ചാക്കോച്ചന്റേത്. തുടക്കത്തില്‍ ബസ് കണ്ടക്ടറായിരുന്നു. പിന്നീട് ബസ് ഉടമസ്ഥനായി. അക്കാലത്തെ സ്വപ്‌നങ്ങള്‍ ബസിനെ കേന്ദ്രീകരിച്ചായിരുന്നു. ഇടയ്ക്ക് എവിടെയോവച്ച് ഒരു ദൈവവചനം ചാക്കോച്ചന്റെ കാതുകളില്‍ മുഴങ്ങി. ”നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും” (ലൂക്കാ 5:10). മനുഷ്യരെ ബസില്‍ കയറ്റിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ ഫാ. മരിയാനന്ദ് ആയത് വിസ്മയകരമായ വഴികളിലൂടെയായിരുന്നു. സീറോ മലബാര്‍ സഭയില്‍ ആദ്യമായി രൂപംകൊണ്ട ബനഡിക്റ്റന്‍ താപസ സന്യാസ സഭയായ പെരുംതൊട്ടി ദിവ്യകാരുണ്യ ആശ്രമത്തിന്റെ സ്ഥാപകനാണ് ഫാ. മരിയാനന്ദ് ഏത്തക്കാട്ട്. തിരുസഭയുടെ ആവശ്യങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുംവേണ്ടി ദൈവതിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയാണ് ഈ ആശ്രമത്തിന്റെ പ്രധാന ദൗത്യം. ഒപ്പം ദൈവജനത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു.
ചങ്ങനാശേരി ഏത്തക്കാട്ട് പരേതരായ ദേവസ്യാ-അന്നമ്മ ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമന്‍. അഞ്ച് സഹോദരങ്ങളും മൂന്ന് സഹോദരിമാരും. പത്താംക്ലാസ് പാസായതിനുശേഷം തുടര്‍പഠനത്തിനായി ടെക്‌നിക്കല്‍ ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്ന് എയര്‍ കണ്ടീഷന്‍, റഫ്രിജറേറ്റര്‍, ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയവ പഠിച്ചു. പിന്നീട് മാമ്മൂട് ഇടവകയിലേക്ക് താമസം മാറി. ഇടവകയിലെ അന്നത്തെ യുവദീപ്തി സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തകനായി. രാഷട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. പലതവണ ഗള്‍ഫില്‍ പോകാന്‍ പരിശ്രമിച്ചു. പക്ഷേ അത് നടന്നില്ല. അങ്ങനെയാണ് കണ്ടക്ടറായത്. ഗള്‍ഫ് യാത്ര നടക്കാതെ പോയത് ദൈവത്തിന്റെ കരുതലാണെന്ന് ഫാ. മരിയാനന്ദ് പറയുന്നു.
പരിശുദ്ധ അമ്മ അത്ഭുതകരമായി ഇടപെട്ട നിരവധി അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്താണ് അമ്മവീട്. ജന്മവീട് ആറ്റുതീരത്തായിരുന്നതിനാല്‍ ആറ്റില്‍ ചാടുന്നത് അന്നത്തെ ഹരമായിരുന്നു. ചാക്കോച്ചന് മൂന്നുവയസുള്ളപ്പോള്‍ ആറ്റിലിറങ്ങി. ഏറെ നേരമായിട്ടും കുഞ്ഞിനെ കണ്ടില്ല. ആകപ്പാടെ കൂട്ടക്കരച്ചിലും ബഹളവും. ആളുകള്‍ ഓടിക്കൂടി. ഏകദേശം അരകിലോമീറ്റര്‍ അകലെ ആറിന്റെ നടുഭാഗത്തായി ചെറിയൊരു തല കണ്ടു. നാനാഭാഗത്തുനിന്നും ആളുകള്‍ വള്ളത്തില്‍ പാഞ്ഞെത്തി. അമ്മയുടെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഇളയ അനുജത്തിയാണ് അന്ന് രക്ഷിച്ചത്. പക്ഷേ കുഞ്ഞിന് ബോധമില്ല. ചാക്കോച്ചന്റെ അമ്മ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ചു. കുഞ്ഞിനെ ജീവനോടെ കിട്ടിയാല്‍ ചങ്ങനാശേരി പാറേപ്പള്ളിയിലെ പാറേല്‍ മാതാവിന് അടിമ വയ്ക്കാമെന്ന്. കുട്ടിക്ക് ബോധം തിരിച്ച് കിട്ടി. ചെറുപ്പം മുതലേ താനും മരിയ ഭക്തനായിരുന്നെന്ന് ഫാ. മരിയാനന്ദ് പറയുന്നു. ”തന്നെ ആദ്യ കുര്‍ബാന സ്വീകരണത്തിനൊരുക്കിയ സിസ്റ്റേഴ്‌സാണ് എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ചത്. ആ പ്രാര്‍ത്ഥനയാണ് പരിശുദ്ധ മാതാവിലേക്ക് അടുപ്പിച്ചത്.”
ദൈവവിളി
യൗവനത്തില്‍ പൗരോഹിത്യത്തോട് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. ദൈവവിളിയെപ്പറ്റി പുച്ഛിച്ചും കളിയാക്കിയും സംസാരിച്ചിട്ടുണ്ട്. 1987-ല്‍ ഇരുപത്തിയെട്ട് വയസുള്ള ചാക്കോച്ചന്റെ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടു. തുടര്‍ന്ന് പൂര്‍ണമായും തളര്‍ന്നു. ജീവഛവമായി കിടന്ന കിടപ്പിലായി. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥത്താല്‍ ശരീരത്തിനേറ്റ തളര്‍ച്ച പൂര്‍ണമായും വിട്ടുമാറി, പരിപൂര്‍ണ സൗഖ്യം ലഭിച്ചു. അപ്പോള്‍ തീരുമാനിച്ചു ഇനിയുള്ള ജീവിതം ദൈവത്തിനുവേണ്ടി ആയിരിക്കുമെന്ന്.
ദൈവത്തിനുവേണ്ടി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ താന്‍ ബസ് ഉടമയായതിനാല്‍ ബസ് വില്‍ക്കണം. ചാക്കോച്ചന്‍ പ്രാര്‍ത്ഥിച്ചു: ‘എനിക്ക് ദൈവവിളിയുണ്ടെങ്കില്‍ നിശ്ചിത ദിവസത്തിനകം ബസ് വില്‍ക്കണം. അല്ലാത്തപക്ഷം താന്‍ വിവാഹം കഴിക്കും.’ ഉദ്ദേശിച്ചതിന്റെ രണ്ടുദിവസം മുമ്പേ ബസ് വില്‍ക്കുവാന്‍ സാധിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ ദൈവവിളി ഉറപ്പിച്ചു. നല്ലൊരു സുഹൃദ്‌വലയം ചാക്കോച്ചനുണ്ടായിരുന്നു. കൂട്ടുകാര്‍ നിരുത്സാഹപ്പെടുത്തി. തീരുമാനമെടുക്കാന്‍ കഴിയാതെ മനസ് അസ്വസ്ഥമായി. അവസാനം ചാക്കോച്ചന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാര്‍ക്ക് സന്തോഷമായി. അങ്ങനെയിരിക്കെ ചാക്കോച്ചന്റെ മനസിനെ വല്ലാതെ ഒരു കുറ്റബോധം അലട്ടി. ‘നേരത്തെ ഞാന്‍ ദൈവത്തിന് വാക്ക് കൊടുത്തിരുന്നല്ലോ. എന്നിട്ട് ഞാന്‍ ഇങ്ങനെ ഒരു ചതിയനാകുകയാണല്ലോ… ദൈവത്തെ കബളിപ്പിക്കുകയാണല്ലോ…’ മനസ് വല്ലാതെ അസ്വസ്ഥതപ്പെട്ടു. നേരെ ചങ്ങനാശേരി പാറേല്‍പ്പള്ളിയിലേക്ക് യാത്രയായി.
ക്ലൈമാക്‌സ്
പറേപ്പള്ളി ജംഗ്ഷനില്‍ ഇറങ്ങിയപ്പോള്‍ കാണുന്നത് കാഷായ വസ്ത്രധാരികളായ രണ്ട് സന്യാസിമാര്‍ പള്ളിയിലേക്ക് കയറുന്നതാണ്. ചാക്കോച്ചന്‍ അവരുടെ പിന്നാലെ ദൈവാലയത്തിലേക്ക് പ്രവേശിച്ചു. പ്രാര്‍ത്ഥനയ്ക്കിടെ ചാക്കോച്ചന്‍ മയങ്ങിപ്പോയി. ഈ സമയം ഒരു സ്വരം ചെവിയില്‍ മുഴങ്ങി. ‘നീ അവരോട് സംസാരിക്കുക.’ ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. വീണ്ടും ഒരു സ്വരം ഉള്ളില്‍നിന്നും നിര്‍ബന്ധിക്കുകയാണ് ‘നീ അവരോട് സംസാരിക്കുക.’ പെട്ടെന്ന് പള്ളിയില്‍നിന്ന് എഴുന്നേറ്റ് പുറത്തേക്ക് വന്നു. ആ സന്യാസിമാര്‍ കുരിശുംതൊട്ടിയില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു. അവര്‍ വാഗമണ്‍ കുരിശുമല ആശ്രമത്തില്‍നിന്നുള്ളവരായിരുന്നു. താനൊരു പ്രതിസന്ധിയിലാണെന്നും പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും അവരോട് പറഞ്ഞു.
കുരിശുമല ആശ്രമത്തില്‍ വന്ന് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞുകൊണ്ട് അവര്‍ അവിടേക്ക് ക്ഷണിച്ചു. തിരിച്ച് പള്ളിയിലേക്ക് കയറിയപ്പോള്‍ ചാക്കോച്ചന് മാതാവിന്റെ രൂപം വലുതാകുന്നതായി തോന്നി. ”ഞാനും എന്റെ തിരുക്കുമാരനും ഇതിനുവേണ്ടിയിട്ടാണ് നിന്നെ ഇത്രയും ഒരുക്കിയത്. ഇതാണ് നിന്റെ വഴി…” എന്ന സ്വരം കാതുകളില്‍ മുഴങ്ങുന്നതായി അനുഭവപ്പെട്ടു.
ഇനിയൊരു ജീവിതം ഉണ്ടെങ്കില്‍ അത് പരിശുദ്ധ അമ്മയ്ക്കുവേണ്ടിയായിരിക്കുമെന്ന് ചാക്കോച്ചന്‍ അവിടെവച്ച് തീരുമാനമെടുത്തു. 1988 ഫെബ്രുവരി 20-ന് കുരിശുമല ആശ്രമത്തില്‍ എത്തി. ആശ്രമദൈവാലയത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ വിശുദ്ധ ഗ്രന്ഥമെടുത്ത് വായിക്കാന്‍ ചാക്കോച്ചന് ശക്തമായ പ്രേരണ ഉണ്ടായി. യോഹന്നാന്‍ 2:5 ”അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍” എന്ന വചനത്തില്‍ ഹൃദയം ഉടക്കി.
ചാക്കോച്ചനില്‍നിന്ന് മരിയാനന്ദിലേക്ക്
ആബട്ട് ഫ്രാന്‍സിസ് ആചാര്യയുടെ ശിക്ഷണത്തില്‍ 1988 സെപ്റ്റംബര്‍ 14-ന് പരിശീലനം ആരംഭിച്ചു. 1991 സെപ്റ്റംബര്‍ 14-ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദിവസം പ്രഥമ വ്രതവാഗ്ദാനം നടത്തി. സന്യാസ ആശ്രമങ്ങളില്‍ പുതിയ പേര് സ്വീകരിക്കുന്ന പതിവുണ്ട്. ഫ്രാന്‍സിസ് ആചാര്യ ചാക്കോച്ചന്റെ പേര് മാറ്റുന്നതിനെപ്പറ്റി പറഞ്ഞു. അമലാനന്ദ് എന്ന പേര് സ്വീകരിക്കാനയിരുന്നു ഇഷ്ടം. പക്ഷേ ഇതേ പേര് മറ്റൊരു സഹോദരന്‍ സ്വീകരിച്ചതിനാല്‍ അത് എടുക്കാന്‍ പറ്റിയില്ല. പ്രാര്‍ത്ഥിച്ച് തീരുമാനിക്കുക എന്ന ആചാര്യയുടെ നിര്‍ദേശം ശിരസാ വഹിച്ച് ഏറെ പ്രാര്‍ത്ഥനയുടെയും ഒരുക്കത്തിന്റെയും ഫലമായി മരിയാനന്ദ് എന്ന പേര് ആചാര്യ നിര്‍ദേശിച്ചു. ചാക്കോച്ചന് ആ പേരിനോട് താല്പര്യം തോന്നിയില്ല. വീണ്ടും പരിശുദ്ധ അമ്മയുടെ സന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ആ പേര് സ്വീകരിക്കാന്‍ മാതാവ് പറയുന്നതായി അനുഭവപ്പെട്ടു. അങ്ങനെ ചാക്കോച്ചന്‍ മരിയാനന്ദ് ആയി.
1994 സെപ്റ്റംബര്‍ 14-ന് നിത്യവ്രതവാഗ്ദാനം നടത്തി. തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ ആശ്രമത്തില്‍ത്തന്നെ പൂര്‍ത്തിയാക്കി. 1996 ഒക്‌ടോബര്‍ നാലിന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിവസം അന്നത്തെ തിരുവല്ല രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് പിതാവില്‍നിന്ന് ഡീക്കന്‍പട്ടം സ്വീകരിച്ചു.
ഫ്രാന്‍സിസ് ആചാര്യയുമൊത്ത്
കുരിശുമല ആശ്രമത്തിന്റെ സ്ഥാപകനും ആബട്ടുമായ ഫ്രാന്‍സിസ് ആചാര്യയുടെ സഹായിയായി മാറിയ ഫാ. മരിയാനന്ദ് അദ്ദേഹത്തിന്റെ മരണംവരെ കൂടെയുണ്ടായിരുന്നു. ഇതൊരു ദൈവദാനമായിട്ടാണ് ഫാ. മരിയാനന്ദ് കാണുന്നത്. 1996-ല്‍ ആചാര്യയോടൊപ്പം റോമിലും 1999-ല്‍ ലൂര്‍ദിലും നടന്ന ബനഡിക്‌റ്റൈന്‍ ട്രാപ്പിസ്റ്റ് സിസ്റ്റേര്‍ഷ്യന്‍ സഭയുടെ ജനറല്‍ ചാപ്റ്ററുകളില്‍ പങ്കെടുക്കുവാനും താപസസന്യാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും സാധിച്ചു. ആചാര്യയുടെ തീക്ഷ്ണത മരിയാനന്ദച്ചനെ ഏറെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ മരണദിവസം പ്രഭാത ഭക്ഷണവുമായി മുറിയിലേക്ക് ചെന്നപ്പോള്‍ സന്തോഷത്തോടെ ആലിംഗനം ചെയ്തുകൊണ്ട് ആചാര്യ പറഞ്ഞു: ”നീ എന്നെ മാലാഖയെപ്പോലെ പരിചരിച്ചു, സ്‌നേഹിച്ചു. എനിക്ക് ഈ ലോകത്തില്‍ പ്രതിഫലമൊന്നും തരുവാനില്ല. സ്വര്‍ഗത്തില്‍ നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും” എന്ന് പറഞ്ഞ് സ്‌നേഹചുംബനം നല്‍കി. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ആചാര്യക്ക് അസ്വസ്ഥത അനുഭവപ്പെടുകയും മരിയാനന്ദച്ചനെ വിളിക്കുകയും അവസാനം ഇദ്ദേഹത്തിന്റെ മടിയില്‍ കിടന്ന് ആ പുണ്യാത്മാവ് സ്വര്‍ഗത്തിലേക്ക് പോകുകയും ചെയ്തു. ഇതൊരു ധന്യമുഹൂര്‍ത്തമായി മരിയാനന്ദച്ചന്‍ ഓര്‍ക്കുന്നു.
1996-ല്‍ റോമില്‍ ജനറല്‍ ചാപ്റ്റര്‍ നടക്കുന്ന അവസരത്തില്‍ ഇടനേരങ്ങളില്‍ ബസിലിക്ക സന്ദര്‍ശിക്കാന്‍ പോകുമായിരുന്നു. അങ്ങനെയിരിക്കെ പീയാത്ത തിരുസ്വരൂപം കാണാന്‍ ഇടവന്നു. പെട്ടെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഓര്‍ത്തു. അമ്മേ ഞാന്‍ പൂര്‍ണമായും നിന്റേതാണ് എന്ന പാപ്പയുടെ വാക്കും ഏറെ സ്വാധീനിച്ചു. ഇതേ വാക്യംതന്നെ അച്ചന്‍ തന്റെ മനസിലും ഉരുവിട്ടുകൊണ്ട് അമ്മേ ഞാന്‍ നിന്റേതാണ് എന്ന് പറഞ്ഞ് തന്നെ പൂര്‍ണമായും അമ്മയ്ക്ക് സമര്‍പ്പിച്ചു.
അനേകരെ അമ്മയിലേക്ക് അടുപ്പിക്കണമെന്നും അന്ന് അവിടെവച്ച് ഈ വൈദികന്‍ മനസില്‍ കുറിച്ചിട്ടു. 1999-ല്‍ ലൂര്‍ദില്‍വച്ച് നടന്ന ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കാനും എല്ലാ ദിവസവും ലൂര്‍ദിലെ മാതാവിന്റെ ഗ്രോട്ടോയില്‍ പോയി പ്രാര്‍ത്ഥിക്കാനും സാധിച്ചു. ലൂര്‍ദിലെ മറ്റൊരു കാഴ്ചയാണ് കുമ്പസാരക്കൂടുകള്‍. ഈ കുമ്പസാരക്കൂടുവഴി അമ്മ അനേകരെ ഈശോയിലേക്ക് നയിക്കുന്ന നേര്‍ക്കാഴ്ച നഗ്നനേത്രങ്ങള്‍കൊണ്ട് അനുഭവിച്ചതിന്റെ ആനന്ദം പറയാതെ വയ്യ. അതുവരെ വൈദികനാകണമെന്ന് ആഗ്രഹമില്ലാതിരുന്ന മരിയാനന്ദ സന്യാസിക്ക് വൈദികനാകണമെന്ന ചിന്ത ഉണ്ടായത് അവിടെവച്ചാണ്. ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് പിതാവില്‍നിന്ന് 2003 ജനുവരി 30-ന് ശുശ്രൂഷാപൗരോഹിത്യവും സ്വീകരിച്ചു.
പുതിയ കര്‍മരംഗം
ലൂര്‍ദില്‍ പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയില്‍ പ്രാര്‍ത്ഥിമ്പോഴാണ് ബനഡിക്‌റ്റൈന്‍ ട്രാപ്പിസ്റ്റ് നിയമാനുഷ്ഠാനത്തോടെ പൗരസ്ത്യ താപസ ജീവിതം സംയോജിപ്പിച്ച് സീറോ മലബാര്‍ സഭയില്‍ ആശ്രമസമൂഹത്തിന് രൂപംകൊടുക്കാനുള്ള പ്രചോദനം ലഭിച്ചത്. ഈ നിയോഗത്തിനായി പ്രാര്‍ത്ഥനയിലും അന്വേഷണത്തിലും ആയിരിക്കുമ്പോഴാണ് പാലാ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവുമായി സംസാരിക്കുന്നത്. അപ്പോള്‍ പിതാവിന്റെ മനസിലും സൂക്ഷിക്കുന്ന വലിയൊരു ആഗ്രഹമാണ് ഇങ്ങനെയൊരു ആശ്രമം എന്നത് അറിയാനിടയായി. സിസ്റ്റേര്‍ഷ്യന്‍ സഭയിലെ ആബട്ട് ജനറലിനും കുരിശുമല ആശ്രമത്തിലെ ഫാ. ഇമ്മിഡിയേറ്റിനും ആബട്ടിനും അനുഗ്രഹത്തിനായും അനുവാദത്തിനായും അപേക്ഷകള്‍ സമര്‍പ്പിച്ചു. താമസിയാതെ അനുവാദം ലഭിച്ചു. ഇടുക്കി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിനെ കണ്ട് ഇടുക്കി രൂപതയില്‍ ആശ്രമം തുടങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചു.
പെരുംതൊട്ടിയിലേക്ക്
ആശ്രമം തുടങ്ങാനുള്ള പ്രോത്സാഹനം ലഭിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ആശ്രമം എവിടെ സ്ഥാപിക്കും? ആര് സ്ഥലം നല്‍കും? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. ആ സമയത്ത് ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ക്ഷണം ലഭിച്ചു. ഇടുക്കിയുടെ ഭൂരിഭാഗം സ്ഥലങ്ങളിലുംപോയി വ്യത്യസ്തങ്ങളായ എട്ട് സ്ഥലങ്ങള്‍ കണ്ടു. വീണ്ടുമൊരു ചിന്താക്കുഴപ്പം, ഇതില്‍ ഏത് സ്ഥലമാണ് ആശ്രമത്തിന് യുക്തം. എട്ട് സ്ഥലങ്ങളുടെയും പേര് ചെറിയ കടലാസില്‍ എഴുതി പരിശുദ്ധ അമ്മയുടെ സന്നിധിയില്‍വച്ച് കുറിയിട്ടു. കിട്ടിയത് പെരുംതൊട്ടി എന്ന സ്ഥലമായിരുന്നു.
കട്ടപ്പന-തോപ്രാംകുടി റൂട്ടിലെ കൊച്ചുഗ്രാമമാണ് പെരുംതൊട്ടി. 2011 ഫെബ്രുവരി രണ്ടിന് മാര്‍ മാത്യു ആനിക്കുഴിക്കാട്ട് പിതാവിന്റെയും കല്ലറങ്ങാട്ട് പിതാവിന്റെയും വൈദികരുടെയും സന്യസ്തരുടെയും അനേകം വിശ്വാസികളുടെയും നാനാജാതി മതസ്ഥരുടെയും സാന്നിധ്യത്തില്‍ ദിവ്യബലിയര്‍പ്പിച്ച് തിരുസഭയ്ക്കും സീറോ മലബാര്‍ സഭയ്ക്കുമായി ആശ്രമം സമര്‍പ്പിച്ചു. ആശ്രമത്തില്‍ വന്ന് പ്രാര്‍ത്ഥിച്ച് പോകുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യം മാതൃഭക്തിയില്‍ വളരാന്‍ സാധിക്കുന്നു എന്നതാണ്. നാനാജാതി മതസ്ഥര്‍ അമ്മയുടെ ഈ സന്നിധിയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്.
2018 സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനകള്‍ ആശ്രമത്തില്‍ നടക്കുകയായിരുന്നു. ആ സമയത്ത് ആശ്രമത്തിലെത്തിയ ഒരു വൈദികന്‍ താന്‍ മെഡ്ജുഗോറിയായില്‍ പോയെന്നും മാതാവിനെയും ഈശോയെയും കൂടുതല്‍ സ്‌നേഹിക്കാന്‍ പറ്റിയെന്നും സാക്ഷ്യപ്പെടുത്തി. അപ്പോള്‍ മരിയാനന്ദച്ചന്റെ ഉള്ളിലും മെഡ്ജുഗോറിയായില്‍ പോകണമെന്ന ആഗ്രഹം പൂവിട്ടു. വിശുദ്ധ കുര്‍ബാനയിലും മറ്റ് പ്രാര്‍ത്ഥനകളിലും ഈ നിയോഗംവച്ച് പ്രാര്‍ത്ഥിച്ചു. എട്ടുനോമ്പിന്റെ പൂര്‍ത്തീകരണദിവസം കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. പ്രസാദ് കൊണ്ടുപ്പറമ്പില്‍ ഫോണ്‍ വിളിച്ച് മരിയാനന്ദച്ചന് മെഡ്ജുഗോറിയായില്‍ പോകാന്‍ ആഗ്രഹമുണ്ടോ എന്ന് അന്വേഷിച്ചു. മരിയാനന്ദച്ചന്റെ മനസില്‍ ആദ്യം ഒരു ഇടി വെട്ടി. കാരണം പോകുവാന്‍ പൈസയില്ല. അവിടെയും പരിശുദ്ധ അമ്മ സഹായത്തിനെത്തി. അച്ചനെ സഹായിക്കുവാന്‍ ഒരാളെ ഒരുക്കിനിര്‍ത്തിയിരുന്നു.
എല്ലാ ദിവസവും വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് ലോകം മുഴുവന്റെയും കരുണയ്ക്കായി പ്രാര്‍ത്ഥിക്കുന്ന വൈദികന്‍, വിശുദ്ധ കുര്‍ബാനയിലും യാമപ്രാര്‍ത്ഥനയിലും ജപമാലയിലും മാതൃഭക്തിയിലും അടിയുറച്ച ജീവിതം, എല്ലാ വെള്ളിയാഴ്ചകളിലും ഉപവസിച്ച് ജീവിതപ്രശ്‌നങ്ങളില്‍പെട്ട് വലയുന്നവരെ കാണുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പുരോഹിതന്‍ എന്നിങ്ങനെ ഫാ. മരിയാനന്ദിനെ ലളിതമായി നിര്‍വചിക്കാം. സെപ്റ്റംബര്‍ 20-മരിയാനന്ദച്ചന് അറുപതാം പിറന്നാളാണ്. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനുള്ള അവസരമായിട്ടാണ് അച്ചന്‍ ഇതിനെ കാണുന്നത്.
ബനഡിക്‌റ്റൈന്‍ നിയമമനുസരിച്ച് ആശ്രമത്തില്‍ എത്തുന്ന ഓരോ അതിഥിയെയും ക്രിസ്തുവിനെ എന്നപോലെ സ്വീകരിക്കുന്നു. വൈദികരും സിസ്റ്റേഴ്‌സും അല്മായരുമുള്‍പ്പെടെ ഏകദേശം 35 പേര്‍ക്ക് താമസിച്ച് ധ്യാനിക്കുവാനുള്ള സൗകര്യം ഇവിടെഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9544492757, 8547257998

കടപ്പാട്- സണ്‍ഡേ ശാലോം