നാലു വർഷമായി എന്റെ ഇടവകയിലെ പഴയ പള്ളി പൊളിച്ച് പുതിയത് പണിതിട്ട്. പള്ളി പണിയുന്ന സമയത്ത് അര സെന്റ് ഭൂമി പോലും ഞങ്ങൾക്ക് സ്വന്തമായിട്ട് ഇല്ലായിരുന്നു. പുതിയ പള്ളി പണിയുന്നതിലേക്കായി ഇടവകക്കാർക്ക് പിരിവിട്ടപ്പോൾ ഏറ്റവും കുറവ് പിരിവുള്ള വീട്ടുകാരിൽ ഒന്ന് ഞങ്ങളുടേതായിരുന്നു. എന്നാൽ പള്ളി പണി കഴിഞ്ഞപ്പോഴേക്കും ഇട്ട പിരിവിന്റെ ഇരട്ടിയിലധികം തുക ഞങ്ങൾ പള്ളി പണിയിലേക്ക് സംഭാവന ചെയ്തിരുന്നു. പുണ്യാളന്റെ അനുഗ്രഹം എന്ന് തന്നെ വിശ്വസിക്കുന്നു, ഇന്ന് എന്റെ അപ്പന്റെ പേരിൽ പത്തു സെന്റ് സ്ഥലം ഉണ്ട്. ദൈവം അനുഗ്രഹിച്ചാൽ താമസിയാതെ അവിടെ ഒരു വീടും പണിയും. ഒരു കാര്യം ഉറപ്പുണ്ട് – കൊടുക്കാൻ തയാറായാൽ നിനക്ക് ലഭിക്കും. കുലുക്കി നിറച്ച് തിരികെ ലഭിക്കും.
ഒരു കാര്യം കൂടി. ഇടവക പള്ളിയുമായി ബന്ധപ്പെട്ട് വികാരിയച്ചനുമായി എനിക്ക് നല്ല അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അത്ര നല്ലതല്ലാത്ത ചില അനുഭവങ്ങളും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. വാക്കുതർക്കങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. എനിക്ക് മാത്രമല്ല, ആ അനുഭവം ഇടവകയിൽ ഉണ്ടായിട്ടുള്ള വേറെയും ആളുകൾ ഉണ്ട്. എങ്കിലും ഒരു കാര്യം പറയാം. ആ ഇടവകയിലെ ആരേക്കാളും ആ പള്ളി പണിക്ക് വേണ്ടി അധ്വാനിച്ചത് അദ്ദേഹമാണ്. കാശിന്റെ കാര്യത്തിലല്ല, വിയർപ്പിന്റെ കാര്യത്തിൽ. മുന്നൂറ്റമ്പതോളം വീട്ടുകാർ മാത്രമുള്ള ഒരു കുട്ടനാടൻ ഇടവകയിൽ നിന്ന് ഒന്നരക്കോടിയുടെ പള്ളി പണിതിട്ട് വീണ്ടും അമ്പത് ലക്ഷം മിച്ചം പിടിക്കാനും അതുവഴി പിന്നീട് ഒരു പള്ളിമേട കൂടി പണിയാനും സാധിച്ചത് അച്ചന്റെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. പള്ളി പണി കഴിഞ്ഞതൊടെ അച്ചൻ അവിടെ നിന്ന് സ്ഥലം മാറി പോയി. പക്ഷെ പള്ളി അവിടെ നിൽപ്പുണ്ട്. തന്റെ അധ്വാനത്തിനെ ഫലമാണെന്ന് പറഞ്ഞ് ആ പള്ളി അദ്ദേഹം കൊണ്ടുപോയിട്ടില്ല.
സോഷ്യൽ മീഡിയയിലെ പൊറിഞ്ചുവിന്റെ കഥ വായിച്ചപ്പോൾ എഴുതണമെന്ന് തോന്നിയതാണ്.
എൻ.ബി: ഇത് പ്രതീകാത്മക ചിത്രമല്ല, ചിത്രത്തിൽ കാണുന്ന പള്ളിയാണു ആ പള്ളി.
Bibin Madathil