ക്രിസ്തീയ സന്യാസത്തിന്റെ അന്തഃസത്തയും ഭാരതീയ സന്യാസത്തിന്റെ മൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള സന്യാസ പ്രസ്ഥാനമായിരുന്നു ഫാ. പി.റ്റി. ഗീവര്‍ഗീസ് എന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ സ്വപ്‌നം. ബഥനി ആശ്രമ സ്ഥാപനത്തിലൂടെ അതു യാഥാര്‍ത്ഥ്യമായി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതന്‍, മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം, രാമകൃഷ്ണാശ്രമം തുടങ്ങിയ ആശ്രമസന്ദര്‍ശനങ്ങളിലൂടെ ഭാരതീയ ജീവിതശൈലിയും ആഭിമുഖ്യങ്ങളും ഫാ. ഗീവര്‍ഗീസ് മനസിലാക്കിയിരുന്നു. അങ്ങനെ റാന്നി പെരുനാട് മുണ്ടന്‍മലയില്‍ ആശ്രമത്തിന് അനുയോജ്യമായ സ്ഥലം പലരുടെയും സഹായത്തോടെ കണ്ടെത്തി. താന്‍ ഉദ്ദേശിക്കുന്ന സന്യാസപ്രസ്ഥാനത്തിന് ആശ്വാസത്തിന്റെ ഭവനമായ ബൈബിളിലെ ബഥനിയും ഭാരതീയ പശ്ചാത്തലത്തിലെ ആശ്രമവും ചേര്‍ത്ത് ബഥനി ആശ്രമം എന്ന പേര് സ്വീകരിക്കുകയും അതിലെ അംഗങ്ങള്‍ക്ക് കാവി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. 1919 ഓഗസ്റ്റ് 15-ന് മുണ്ടന്‍മലയില്‍ ബഥനി സന്യാസസമൂഹം ഉടലെടുത്തു.
കത്തോലിക്ക സഭയിലേക്ക്
പൗരസ്ത്യ സന്യാസ പിതാവായ മാര്‍ ബസേലിയോസിന്റെ സന്യാസക്രമങ്ങളായിരുന്നു ലഘുനിയമാവലിക്ക് പ്രധാന സ്രോതസായി തെരഞ്ഞെടുത്തത്. ബഥനിയും ബഥനി സ്ഥാപിച്ച പള്ളികളും വ്യവഹാര ബന്ധനങ്ങളില്‍നിന്നും കാതോലിക്കേറ്റ് ഭരണസംവിധാനത്തില്‍നിന്നും ഒഴിവാക്കി സ്വതന്ത്രസഭാ പ്രസ്ഥാനമായിട്ടാണ് രൂപംകൊടുത്തത്. തുടര്‍ന്ന് സുവിശേഷ പ്രസംഗങ്ങള്‍, ധ്യാനയോഗങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടിയുള്ള വേദോപദേശപദ്ധതികള്‍, ഭക്തസംഘടനകളുടെ പുനഃക്രമീകരണങ്ങള്‍, ബഥനി തൃതീയാശ്രമം, വിജാതീയ മിഷനുകള്‍ തുടങ്ങിയവയിലൂടെ ദൈവജനത്തെ ആത്മീയ പ്രബുദ്ധതയിലേക്ക് നയിക്കാന്‍ ആരംഭിച്ചു. 1925-ല്‍ ആബോ ഗീവര്‍ഗീസ്, മാര്‍ ഈവാനിയോസ് എന്ന പേരില്‍ ബഥനിയുടെ എപ്പിസ്‌കോപ്പായും 1929-ല്‍ മെത്രാപ്പോലീത്തയുമായി. ബഥനിയിലൂടെ മലങ്കര സഭയെ ആത്മീയ വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് മാര്‍ ഈവാനിയോസിന് സാധിച്ചു. എങ്കിലും ശാശ്വതമായ സമാധാനത്തിനും സുസ്ഥിതിക്കുമുള്ള ഏകമാര്‍ഗം സാര്‍വത്രിക സഭയുമായി സംസര്‍ഗത്തിലാകുകയാണെന്ന് മാര്‍ ഈവാനിയോസിന് ബോധ്യമായി. 1920-30 കാലഘട്ടങ്ങളിലെ ബഥനി സമൂഹത്തിന്റെ ചരിത്രം ഐക്യാന്വേഷണ ശ്രമങ്ങളുടേതായിരുന്നു. 1930 ഓഗസ്റ്റ് 19-ന് പത്തൊമ്പത് ആശ്രമസ്ഥര്‍ മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ ബഥനിമലയോട് വിടപറഞ്ഞു. വെണ്ണിക്കുളത്ത് ഒരു ആശ്രമം രൂപപ്പെടുത്തി. 1930 സെപ്റ്റംബര്‍ 20-ന് കൊല്ലം ബിഷപ് അലോഷ്യസ് ബന്‍സിഗര്‍, മാര്‍ ഈവാനിയോസിനെയും മാര്‍ തെയോഫിലോസിനെയും കത്തോലിക്ക സഭയിലേക്ക് സ്വീകരിച്ചു. ഈ ദിവസം സഭാചരിത്രത്തിലെ അവിസ്മരണീയമായ ദിനമായി മാറിഎത്യോപ്യയില്‍
1932-ലാണ് തിരുവനന്തപുരം കേന്ദ്രമാക്കി മലങ്കര കത്തോലിക്ക ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടത്. മാര്‍ ഈവാനിയോസ് തിരുവനന്തപുരം മെത്രാപ്പോലീത്തയായും മാര്‍ തെയോഫിലോസ് തിരുവല്ല മെത്രാനായും നിയമിതരായി. ബഥനി സന്യാസസമൂഹം രണ്ട് രൂപതാ സമൂഹങ്ങളായി. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പിന്റെയും തിരുവല്ല ബിഷപ്പിന്റെയും ഭരണത്തിന്‍കീഴിലായി. ഏകസമൂഹമായി ഒരു സുപ്പീരിയര്‍ ജനറലിന്റെ കീഴിലായിരിക്കുവാന്‍ ആഗ്രഹിച്ച ബഥനി സന്യസ്തര്‍, സഭാധികാരികളെ വിവരം അറിയിച്ചു. അങ്ങനെ 1948-ല്‍ ബഥനി ആശ്രമം ഒരു സമൂഹമായി പ്രഖ്യാപിക്കപ്പെട്ടു. ചെങ്ങന്നൂരായിരുന്നു ആസ്ഥാനം.
ബഥനിയുടെ സുഗമമായ നടത്തിപ്പിനായി 1951-ല്‍ ഫാ. ഫ്രാന്‍സിസ് സാലസ് റ്റി.ഒ.സി.ഡിയെ കാനോനിക വിസിറ്ററായി നിയമിച്ചു. 1953-ല്‍ ഫാ. അഗസ്‌തോ ലംബോര്‍ഡി അപ്പസ്‌തോലിക് വിസിറ്ററായി നിയമിതനായി. 1953-ല്‍ ജനറലേറ്റിന്റെ ആസ്ഥാനം ചെങ്ങന്നൂര്‍നിന്നും നാലാഞ്ചിറയിലേക്ക് മാറ്റി. 1961-ല്‍ ഫാ. ജോസഫ് ഇടമരം ബഥനി സമൂഹത്തിന്റെ റിലീജിയസ് അസിസ്റ്റന്റായി നിയമിതനായി. 1964 ഏപ്രില്‍ 14-ന് പൊന്തിഫിക്കല്‍ പദവിയിലേക്ക് ബഥനി ഉയര്‍ത്തപ്പെട്ടു. 1974-ല്‍ ബഥനി ആശ്രമത്തിന്റെ ജനറലേറ്റ് കോട്ടയത്തേക്ക് മാറ്റി. ബഥനി നവജീവന്‍ പ്രൊവിന്‍സ്, ബഥനി നവജ്യോതി പ്രൊവിന്‍സ് എന്നീ പേരുകളില്‍ 2000-ല്‍ പ്രൊവിന്‍സ് സംവിധാനം നിലവില്‍വന്നു. 2009-ല്‍ എത്യോപ്യയില്‍ ബഥനി ആശ്രമം തുടങ്ങി.
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍
ബഥനിയുടെ മടിത്തട്ടില്‍ പിറന്ന സീറോ മലങ്കര സഭ ഇന്ന് 11 രൂപതകളും ഒരു എക്‌സാര്‍ക്കേറ്റുമായി വളര്‍ന്നിരിക്കുന്നു. സുവിശേഷ പ്രഘോഷണം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ വ്യത്യസ്ഥമായ നിരവധി സംരംഭങ്ങളും ബഥനിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. 1948 മുതല്‍ അവധിക്കാല ബൈബിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിച്ച ബഥനി, ദൈവവിളി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പൂനെയില്‍ പ്രവര്‍ത്തിക്കുന്ന ‘ബഥനി വിജയപീഠ്’ വൈദിക പരിശീലന രംഗത്തെ ശ്രദ്ധേയ സ്ഥാപനമാണ്. പുസ്തക പ്രസാധനമാണ് മറ്റൊരു മേഖല.
ഭാരതത്തിലെ 16 സെമിനാരികളില്‍ ‘ബഥനി’ സഭാംഗങ്ങള്‍ അധ്യാപകരായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കൊറിയ, എത്യോപ്യ എന്നീ രാജ്യങ്ങളിലെ മേജര്‍ സെമിനാരികളില്‍ അധ്യാപകരായും ആത്മീയ പിതാക്കന്മാരായും സേവനം ചെയ്യുന്നു. യൂറോപ്പ്, അമേരിക്ക, എത്യോപ്യ എന്നിവിടങ്ങളില്‍ യഥാക്രമം 15, 5, 10 വീതം ബഥനി വൈദികര്‍ സേവനം ചെയ്യുന്നു. ലത്തീന്‍, അലക്‌സാന്‍ഡ്രിയന്‍ റീത്തുകളില്‍ ഉള്‍പ്പെടുന്ന 35 ഇടവകകളിലും ‘ബഥനി’ വൈദികര്‍ ശുശ്രൂഷ ചെയ്യുന്നു.
സാമൂഹ്യശുശ്രൂഷാരംഗത്തും മുദ്രപതിപ്പിച്ചിട്ടുണ്ട് ബഥനി. ആരംഭകാലം മുതല്‍ ബഥനി ആശ്രമങ്ങളോട് ചേര്‍ന്ന് അനാഥക്കുട്ടികള്‍ക്കുവേണ്ടി അഭയ കേന്ദ്രം തുടങ്ങിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ അനാഥശാലകള്‍ക്കു പുറമെ ക്ഷയം, മന്ത് തുടങ്ങിയ രോഗചികിത്സയ്ക്കുള്ള നിരവധി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളുമുണ്ട്. 24 സ്‌കൂളുകള്‍, എട്ട് കോളജുകള്‍, രണ്ട് സ്‌പെഷല്‍ സ്‌കൂളുകള്‍, മൂന്ന് ടെക്‌നിക്കല്‍ സ്‌കൂളുക ള്‍ എന്നിവയിലൂടെ 25,000 വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്നു. ആശ്രമസ്ഥാപകന്റെ സ്വപ്‌നം പോലെ ഉന്നത വിദ്യാഭ്യാസമുള്ള ആശ്രമ അംഗങ്ങള്‍ ബഥനിയുടെ കരുത്താണ്. അംഗങ്ങളില്‍ 17 ശതമാനം ഡോക്ടറേറ്റ് ബിരുദധാരികളാണ്. 33 ശതമാനം അംഗങ്ങള്‍ക്ക് ബിരുദാനന്തര ബിരുദവും 30 ശതമാനം അംഗങ്ങള്‍ സെക്കുലര്‍ ബിരുദധാരികളുമാണ്.
വളര്‍ച്ചയുടെ പാതയില്‍
മാര്‍ ഈവാനിയോസ്, മാര്‍ ഗ്രിഗോറിയോസ്, മാര്‍ ബസേലിയോസ് എന്നീ മെത്രാപ്പോലീത്തമാരും മാര്‍ തെയോഫിലോസ്, മാര്‍ ബര്‍ണബാസ്, മാര്‍ അന്തോണിയോസ് എന്നീ മെത്രാന്മാരും ബഥനിയില്‍നിന്ന് മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടവരാണ്. 1930-2007 കാലയളവില്‍ മലങ്കര കത്തോലിക്ക ഹയരാര്‍ക്കിയുടെ തലവന്മാര്‍ ബഥനിയുടെ മെത്രാപ്പോലീത്തമാരായിരുന്നു. മലങ്കര കത്തോലിക്ക സഭയുടെയും ആഗോള സഭയുടെയും അജപാലനശുശ്രൂഷയിലാണ് ബഥനി ആശ്രമസ്ഥരില്‍ അധികംപേരും വ്യാപൃതരായിരിക്കുന്നത്. ഇതോടൊപ്പം ധ്യാനശുശ്രൂഷ, ആതുരശുശ്രൂഷ, തൊഴില്‍ പരിശീലനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, മാധ്യമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയും ബഥനി ആശ്രമം സമൂഹത്തിന് പൊതുവായും മലങ്കര കത്തോലിക്ക സഭയ്ക്ക് പ്രത്യേകമായും നന്മ ചെയ്തുവരുന്നു.
ഇപ്പോള്‍ രണ്ട് മെത്രാന്മാര്‍, ഏഴ് സന്യാസ സഹോദരന്മാര്‍, 207 വൈദികര്‍ ഈ ക്രമത്തില്‍ ആകെ 216 അംഗങ്ങള്‍ ബഥനി സന്യാസ സമൂഹത്തിലുണ്ട്. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലായി 75-ലേറെ അംഗങ്ങളും ഉണ്ട്. സമൂഹാധ്യക്ഷന്‍ ഫാ. ജോസ് കുരുവിള പീടികയില്‍ ഒ.ഐ.സിയും നവജീവന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു തിരുവാലില്‍ ഒ.ഐ.സിയും നവജ്യോതി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോസ് മരിയദാസ് പടിപ്പുരയ്ക്കല്‍ ഒ.ഐ.സിയും ബഥനി സന്യാസസമൂഹത്തിന് നേതൃത്വം നല്‍കുന്നു. 100-ാം പിറന്നാള്‍ ആഘോഷിക്കുന്ന ബഥനിയാണ് ഇത്തവണത്തെ പുനരൈക്യ വാര്‍ഷികത്തിന് നേതൃത്വം നല്‍കുന്നത്.