കുടമാളൂർ (കോട്ടയം): സീറോ മലബാർ സഭയിലെ പരമോന്നത അല്മായ ബഹുമതിയായ ‘സഭാതാരം’ പ്രഫ. മാത്യു ഉലകംതറയ്ക്കു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മാനിച്ചു. സാഹിത്യ പ്രേഷിതനാണ് കുടമാളൂർ സെന്റ് മേരീസ് ഫൊറോന ഇടവകാംഗം കൂടിയായ പ്രഫ. ഉലകംതറയെന്നും അദ്ദേഹത്തിന്റെ ക്രിസ്തുഗാഥ സാഹിത്യ തറവാട്ടിലെ ഈടുറ്റ കവിതാസമാഹാരമാണെന്നും കർദിനാൾ പറഞ്ഞു.
ഇന്നലെ രാവിലെ കുടമാളൂർ ഫൊറോന പള്ളിയങ്കണത്തിലെത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സെന്റ് മേരീസ് യുപി സ്കൂളിലെ കുട്ടികളുടെ ബാൻഡ്മേളത്തിന്റെ അകന്പടിയോടെ സ്വീകരിച്ചു. കൈക്കാരൻ ടി.ജി. ജോർജുകുട്ടി ബൊക്കെ നൽകി. വികാരി റവ. ഡോ. മാണി പുതിയിടം പള്ളിയുടെ പ്രധാന കവാടത്തിൽ കത്തിച്ച മെഴുകുതിരി നൽകി പള്ളിയിലേക്ക് ആനയിച്ചു. തുടർന്നു വ്യാകുല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാൾ കുർബാനയ്ക്കു കർദിനാൾ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു വ്യാകുലക്കൊന്ത ചൊല്ലി പഴയപള്ളി ചുറ്റി പ്രദക്ഷിണവും നടന്നു.
സ്വീകരണപരിപാടികൾക്കും ആഘോഷങ്ങൾക്കും ഫൊറോന വികാരി റവ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിന്റോ മൂന്നുപറയിൽ, ഫാ. അനൂപ് വലിയപറന്പിൽ, കൈക്കാരന്മാരായ ടി.ജി. ജോർജുകുട്ടി, സിറിയക് ജോർജ് പാലംതട്ടേൽ, വി.ജെ. ജോസഫ് വേളാശേരിൽ, സാബു വർഗീസ് മറ്റത്തിൽ, പാരീഷ് കൗണ്‍സിൽ സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ വൈപ്പിശേരി, പിആർഒ അഡ്വ. സണ്ണി ജോർജ് ചാത്തുകുളം തുടങ്ങിയവർ നേതൃത്വം നൽകി.