സിസ്റ്റർ ജോസ്ലിൻ സി എം സി
ഒരു പത്രത്തിലെ പരമ്പരയിൽ വന്ന മഠത്തിലെ ഒരു ദിവസം വായിച്ചു ബോറടിച്ചുപോയി. എവിടുന്നു കിട്ടി ഈ വെളിപാടുകൾ? ചാനലുകളിലെ കോമഡി ഷോകളിലും സമീപകാല സിനിമകളിലും നിങ്ങൾ കണ്ടുമടുത്തത് സന്യാസത്തെയും പൗരോഹിത്യത്തെയും വില കുറച്ച് അവതരിപ്പിക്കുന്ന കോമാളികളെയാണ്. അതു കണ്ട് നിങ്ങൾ ഒരുപാടു ചിരിച്ചു. പറഞ്ഞിട്ടെന്താ, ഇതൊക്കെ എല്ലാക്കാലത്തും ഉണ്ട്. നിങ്ങളുടെ മക്കൾ പല കാരണങ്ങളുടെ പേരിൽ നിങ്ങളെയും പരിഹസിക്കാറുണ്ട്, അറിയുന്നില്ല അല്ലേ?
പുലർച്ചെ അഞ്ചുമുതൽ ശ്വാസം മുട്ടിയും കിതച്ചോടിയും രാത്രി മഹാമൗനത്തിലേക്ക് ഉൾവലിയുന്നവരെ പുണ്യപാപങ്ങളുടെ ചുമടും താങ്ങി ജീവിക്കുന്നത് ഏതു ദേശത്തെ അടിമകളാണ്? ഒന്നു പറയാം, ഇതു ഞങ്ങളുടെ ജീവിതമല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാതന്ത്ര്യം ലഭിച്ച ദൈവാന്വേഷികളുടെ ജീവിതാവസ്ഥയെ പൊതുസമൂഹത്തിനു മുന്നിൽ വികലമായി അവതരിപ്പിക്കാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്?
ഞങ്ങളെ വേട്ടയാടുന്നതിനു പകരം ദയവുചെയ്തു നിങ്ങളുടെ ജീവിത പരിസരങ്ങളിലേക്കു നോക്കുക. അവിടെ പകൽ മുഴുവൻ ഉറ്റവർക്കായി പണിയെടുത്തിട്ടും കരുതലിന്റെയോ പരിഗണനയുടെയോ കണികപോലും കിട്ടാതെ കിതച്ചുനിൽക്കുന്ന സ്ത്രീകളെ കാണാം. അവരുടെ മൗനവിലാപങ്ങൾക്കു ചെവികൊടുത്താൽ ഉപകാരമായിരിക്കും. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ക്ലാസിലിരിക്കുന്ന, വിതുന്പുന്ന ഹൃദയത്തോടെ തങ്ങളുടെ ദുരന്തകഥകൾ പങ്കുവയ്ക്കുന്ന പെൺകുട്ടികളിൽനിന്നു നിങ്ങളിൽ പലരും ആരാണെന്നു ഞങ്ങൾ തിരിച്ചിറിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മൗനപ്രാർഥനകളും വിലാപങ്ങളും നിങ്ങൾക്കു വേണ്ടിയാണ്, ഈ കുഞ്ഞുങ്ങൾക്കു വേണ്ടിയാണ്. ഞങ്ങളെ ക്രൂശിക്കുന്ന നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിനു വേണ്ടിയാണ്.
സ്ഥാനത്തും അസ്ഥാനത്തും അനുസരണം ആവശ്യപ്പെടുന്ന ധാർഷ്ട്യം നിറഞ്ഞ സേച്ഛാധിപതികളായി ഞങ്ങളുടെ അധികാരികളെ ചിത്രീകരിച്ചതു പ്രതിഷേധാർഹമാണ്. സന്യാസത്തെക്കുറിച്ചു വികലമായ ധാരണയോടെ അതിൽ പ്രവേശിക്കുകയും പരിശീലനത്തോടു സഹകരിക്കാനാകാതെ വട്ടംചുറ്റി നടക്കുകയും നിയോഗം തിരിച്ചറിയാതെ വർഷങ്ങളോളം ഞങ്ങളോടൊത്തു താമസിക്കുകയും പിന്നീട് പുറത്തുപോകേണ്ടി വരികയും ചെയ്യുന്ന സഹോദരിമാരേ, പുറത്തുനിന്നു നിങ്ങൾ ആഘോഷിക്കുന്പോൾ വേദനയോടുകൂടി ഞങ്ങൾ നിങ്ങളെ ശ്രദ്ധിക്കാറുണ്ട്. എന്തായാലും നിങ്ങൾ കൂടെപ്പിറപ്പുകളല്ലേ. പുറത്തുപോകുന്നവരെക്കുറിച്ചു വലിയ ഉത്കണ്ഠകളാണ് പുറത്തുപോകാത്തവർ പങ്കുവയ്ക്കുന്നത്. അവർക്കു സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മനുഷ്യത്വം ഞങ്ങൾക്കുണ്ട്. എല്ലാ കാലത്തും അതു ചെയ്തിട്ടുമുണ്ട്.
എല്ലാത്തരം സഹനങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരുടെ വ്യഗ്രത കാണുന്പോൾ പണ്ടെങ്ങോ വായിച്ച കഥയിലെ കുരങ്ങച്ചനെ ഒാർമവരുന്നു. പുഴയിലൂടെ ഒഴുകി രസിക്കുന്ന മീൻ കുഞ്ഞിനെ കണ്ടപ്പോൾ കുരങ്ങച്ചൻ വിചാരിച്ചു പാവം വെള്ളത്തിൽ വീണുപോയല്ലോ എന്ന്. ഒരുപാടു ശ്രമിച്ച് അതിനെ വെള്ളത്തിൽനിന്നു കരയിലെത്തിച്ചു. മീൻകുഞ്ഞിന്റെ മരണവെപ്രാളം രക്ഷപ്പെട്ടതിന്റെ ആഹ്ലാദപ്രകടനമായി കണ്ട് അഭിമാനംകൊള്ളുകയാണു കുരങ്ങച്ചൻ. ഒടുവിൽ പിടഞ്ഞുചാകുന്ന മീൻകുഞ്ഞിനെ ശ്രദ്ധിക്കാതെ മരം ചാടിപോകുന്ന പാവം കുരങ്ങച്ചൻ വീണ്ടും അവതരിച്ചോ?
ഞങ്ങളുടെ മേൽ കരിവാരി പൂശുന്ന നിങ്ങൾക്കു സ്വസ്ഥത നിറഞ്ഞ ഞങ്ങളുടെ ജീവിതമാണു മറുപടി.