നവീകരിച്ചൊരു വിദ്യാഭ്യാസ കൂട്ടായ്മയ്ക്കായ് പാപ്പാ ഫ്രാന്‍സിസ് എല്ലാവരെയും ക്ഷണിക്കുന്നു! സെപ്തംബര്‍ 12-Ɔο തിയതി വ്യാഴാഴ്ച പ്രസിദ്ധികരിച്ച പ്രത്യേക സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :
ഭൂമിയുടെ സുസ്ഥിതി ലക്ഷ്യമാക്കുന്ന പദ്ധതി
പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിയും വിശ്വാസാഹോദര്യവും സമാധാനവും കണക്കിലെടുത്തുകൊണ്ടാണ് വരും തലമുറയെ പാരസ്പരികതയുടെയും സാഹോദര്യബന്ധത്തിന്‍റെയും പാഠങ്ങളില്‍ വളര്‍ത്തുന്നൊരു വിദ്യാഭ്യാസ രീതിക്കായി പാപ്പാ ഫ്രാന്‍സിസ് സന്മനസ്സുള്ള എല്ലാവരും ക്ഷണിക്കുന്നത്.
ഇതു സംബന്ധിച്ച് 2020 മെയ് 14-ന് ഒരു നവമായ വിദ്യാഭ്യാസ കൂട്ടായ്മ ആഗോളതലത്തില്‍ പുനാരാവിഷ്ക്കരിക്കുന്നതിനാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ക്ഷണിക്കുന്നതും പരിശ്രമിക്കുന്നതും. 2019 ഫെബ്രുവരിയില്‍ അബുദാബി സന്ദര്‍ശനത്തിനിടെ എമിറേറ്റ് രാജ്യങ്ങളുടെ ഭരണകര്‍ത്താക്കളോടും, ഈജിപ്തിലെ വലിയ ഇമാം, മുഹമ്മദ് അല്‍ തയ്യീബിനോടും പാപ്പാ ഫ്രാന്‍സിസിസും സാഹോദര്യത്തില്‍ കൈകോര്‍ത്താണ് വിശ്വാസാഹോദര്യത്തിന്‍റെ പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തിയത്.
പരിവര്‍ത്തന വിധേയമാകുന്ന ലോകം
ദ്രുതഗതയില്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന ലോകത്ത് നിരന്തമായി പ്രതിസന്ധികള്‍ പൊന്തിവരികയാണ്. മാറ്റത്തിന്‍റെ യുഗത്തിലാണു മനുഷ്യരിന്ന് ജീവിക്കുന്നത്. സാംസ്കാരികമായ മാറ്റം മാത്രമല്ല, മാനവികവുമാണത്. ജീവിതത്തിന്‍റെ എല്ലാമേഖലകളെയും അത് മാറ്റിമറിച്ച് മനുഷ്യര്‍ സാങ്കേതികതയുടെയും കംപ്യൂട്ടറൈസേഷന്‍റെയും വന്‍ചുഴിയില്‍പ്പെട്ടു ഉഴലുന്ന അവസ്ഥയും, വ്യക്തിബന്ധങ്ങള്‍ ഇല്ലാതായ സമൂഹത്തിലും ലോകത്തില്‍ പൊതുവെയും സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ചുറ്റുപാടുകള്‍ ലോപിച്ചു വരികാണ്.
സ്വാഭാവികത വീണ്ടെടുക്കാനുതകുന്ന വിദ്യാഭ്യാസ ഗ്രാമങ്ങള്‍
സ്വാഭാവികവും ക്രമേണയുമുള്ള ജൈവപരിണാമത്തിന്‍റെ ശൈലി പാടെ വിട്ടെറിയുന്ന ദ്രുതഗതിയിലുള്ള “ആധുനികതയുടെ നീര്‍ച്ചാട്ടം” (whirlpool) മനുഷ്യന്‍റെ മാനസികമായ ദൃഢതയെ ഉലയ്ക്കുന്നുമുണ്ട് (Laudato Si’ 18). ഏതു മാറ്റവും അത് നന്മയ്ക്കുള്ളതാണെങ്കില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു വിദ്യാഭ്യാസ രൂപീകരണത്തിലൂടെ മാത്രമേ അത് നമുക്ക് ആര്‍ജ്ജിക്കാവൂ. അതിനാല്‍ ആഗോള തലത്തില്‍ രാജ്യങ്ങളിലും സമൂഹങ്ങളിലും മനുഷ്യബന്ധങ്ങളെ വളര്‍ത്തുകുയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന നവമായ “വിദ്യാഭ്യാസ ഗ്രാമങ്ങള്‍” (Educative Village) സ്ഥാപിക്കണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിക്കുന്നത്.
നഷ്ടമായ വ്യക്തിബന്ധങ്ങളുടെ കെട്ടുറപ്പു വീണ്ടെടുക്കാന്‍
ഇന്നിന്‍റെ സാങ്കേതികയും സാമൂഹിക ചുറ്റുപാടുകളും കാരണമാക്കിയിട്ടുള്ള ജീവിതത്തിന്‍റെ ദ്രുതവത്ക്കരണത്തിലൂടെ നഷ്ടമായിട്ടുള്ള വ്യക്തിബന്ധത്തിന്‍റെയും സാമൂഹ്യബന്ധത്തിന്‍റെയും കെട്ടുറപ്പ് ഓരോരുത്തരുടെയും ജീവിത മേഖലകളില്‍ നിന്നുകൊണ്ട്, മനുഷ്യബന്ധങ്ങളുടെ തുറവുള്ള ഒരു സാഹോദര്യത്തിന്‍റെ കണ്ണിചേരലിലൂടെ നവീകരിക്കാനാകുമെന്നാണ് പാപ്പാ സന്ദേശത്തിലൂടെ പ്രത്യാശിക്കുന്നത്. “കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ഒരു ഗ്രാമം വേണം,” എന്ന ആഫ്രിക്കന്‍ പഴമൊഴി പാപ്പാ സന്ദേശത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അതിനാല്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഉള്ളവര്‍ക്ക് – അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, കായിക താരങ്ങള്‍, രാഷ്ട്രീയക്കാര്‍, കച്ചവടക്കാര്‍, വ്യവസായികള്‍, ഉപവിപ്രവര്‍ത്തകര്‍, എന്നിങ്ങനെ സകലര്‍ക്കും പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്ന ഈ പ്രക്രിയയില്‍ പങ്കുചേരാനാകുമെന്നും പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്യുന്നു.
ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങള്‍
(1) നവീകരണപദ്ധതിയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യവ്യക്തിയെയാണ് പ്രതിഷ്ഠിക്കേണ്ടത്.
(2) വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഊര്‍ജ്ജം ക്രിയാത്മകമായും ഉത്തരവാദിത്ത്വപൂര്‍ണ്ണമായും ഉപയോഗിക്കുക.
(3) സമൂഹത്തിന്‍റെയും ഭൂമിയുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് രൂപീകരണം നല്കി ഒരുക്കിയെടുക്കുക.
(4) കൂട്ടായ്മയുടേയും പങ്കുവയ്ക്കലിന്‍റേതുമായിരിക്കണം വിദ്യാഭ്യാസ മൈത്രി,
എന്നിങ്ങനെയുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഉപസംഹാരം
കൂട്ടായ്മയിലും ദൈവിക പദ്ധതികളിലും അടിയുറച്ചു വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നൊരു ഒരു മാനവിക മൈത്രി വാര്‍ത്തെടുക്കാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.