കൊച്ചി: മരണത്തിന്റെ പിടിയില്‍ നിന്നും വയോധികന്റെ ജീവന്‍ രക്ഷിച്ച് വനിതാ പോലീസുദ്യോഗസ്ഥ മാത്യകയായി. ഇടപ്പള്ളി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹിളാമണിയാണ് ഹൃദയാഘാതം സംഭവിച്ച വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിച്ച്‌ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.
പോണേക്കര മാനംഞ്ചാത്ത് വീട്ടില്‍ കെ.വി.ബാബുവിനായിരുന്നു വെള്ളിയാഴ്ച കലൂരില്‍ വെച്ച്‌ ഹൃദയാഘാതമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10. 30നായിരുന്നു സംഭവം. ഈ സമയം കലൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മഹിളാമണി.നടക്കുന്നതിനിടെ പ്രയാസം തോന്നിയ ബാബു അവിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന മഹിളാമണിയുടെ കൈകളില്‍ മുറുകെ പിടിച്ചു. നെഞ്ചു വേദനിക്കുന്നുവെന്ന് പറഞ്ഞതോടെ റോഡിന്‌ സമീപത്തായി ഇരുത്തി. ഹോട്ടലില്‍ നിന്നും വെള്ളം വാങ്ങി കൊടുത്തെങ്കിലും ചര്‍ദ്ദിച്ചു. ബോധം മറയുന്നതിന്‌ മുമ്ബേ ബാബുവില്‍ നിന്നും ബന്ധുക്കളുടെ ഫോണ്‍ നമ്ബര്‍ മഹിളാമണി വാങ്ങി . ഉടന്‍ ഓട്ടോ വിളിച്ച്‌ ഒറ്റയ്‌ക്ക്‌ എറണാകുളം ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കളെത്തിയശേഷമാണു മഹിളാമണി തിരിച്ച്‌ സ്റ്റേഷനിലെത്തിയത്. ആന്‍ജിയോഗ്രാം കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ് ബാബു.റോഡില്‍ കൊഴിഞ്ഞുപോകുമായിരുന്ന അപരിചിതനായ ഒരുമനുഷ്യനെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ച മഹിളാമണിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. സഹപ്രവര്‍ത്തകരും ട്രാഫിക് എസി ഫ്രാന്‍സിസ് ഷെല്‍ബി ഉള്‍പ്പെടെയുള്ളവരും വിളിച്ച്‌
അഭിനന്ദിച്ചു.ബാബുവിന്റെ കുടുംബാംഗങ്ങളും നന്ദി പറഞ്ഞു.