ന്യൂഡൽഹി: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴ ഏർപ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിഷയം സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ, പിഴ കുറയ്ക്കുന്ന കാര്യത്തിലല്ല, നിയമ ഭേദഗതിയുടെ ആവശ്യകതയെക്കുറിച്ചു ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്നും സംസ്ഥാനങ്ങളുടെ എതിർപ്പുകൾ നീക്കാൻ മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. വലിയ പിഴനിരക്ക് ഏർപ്പെടുത്തി മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കൂടി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കാനാകുമെന്നു പരിശോധിക്കാൻ നിയമ മന്ത്രാലയത്തിന്റെ നിലപാട് തേടിയതിനു പിന്നാലെയാണ് വിഷയം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചർച്ച ചെയ്യാമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. വിഷയത്തിൽ സംസ്ഥാനങ്ങളുടെ ഭാഗം കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്. പിഴ നിരക്ക് എത്രയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നു ഗഡ്കരി വാക്കാൽ പറഞ്ഞെങ്കിലും ഇക്കാര്യത്തിലും ഉപരിതല ഗതാഗത മന്ത്രാലയം ഇതുവരെ നിലപാട് വ്യക്തമാക്കി ഉത്തരവിറക്കിയിട്ടില്ല.
നിയമ ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് നിതിൻ ഗഡ്കരി.
