കോട്ടയം: ആതുരസേവനത്തിനു പുത്തൻ ഉണർവേകി പാലാ രൂപതയുടെ കീഴിൽ ചേർപ്പുങ്കലിൽ ആരംഭിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ വെഞ്ചരിപ്പ് ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.
ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ മാത്യു അറയ്ക്കൽ, മാർ ജോണ്‍ നെല്ലിക്കുന്നേൽ, മാർ തോമസ് തറയിൽ, മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികരാകും. തുടർന്ന് ഒരാഴ്ച “ഓപ്പണ്‍ ഹൗസ്’ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് ആശുപത്രി സമുച്ചയം കാണാൻ സൗകര്യമൊരുക്കും.
ആശുപത്രിയുടെ ഒൗദ്യോഗിക ഉദ്ഘാടനവും ഒപി, ഐപി ചികിത്സകളും പിന്നീട് ആരംഭിക്കും. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയായ മെഡിക്കൽ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പാലാ ചേർപ്പുങ്കൽ പള്ളിക്കു സമീപമാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്.
27 ഏക്കറിലെ 5,67,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം പൂർത്തിയാക്കിയത്. 750 പേർക്കു കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 275 കിടക്കകൾ സജ്ജമാക്കും.
വാർഡുകൾ അടക്കം പൂർണമായും ശീതീകരിച്ച ആശുപത്രിയിൽ 17 സൂപ്പർ സ്പെഷാലിറ്റി, 22 സ്പെഷാലിറ്റി, 10 തീവ്രപരിചരണ വിഭാഗങ്ങൾ, 11 ഓപ്പറേഷൻ തിയേറ്ററുകൾ, അറുപതിൽ അധികം ഡോക്ടർമാരുടെ സേവനം എന്നിവയുണ്ടാകും. അലോപ്പതിക്കു പുറമെ ആയുർവേദ- ഹോമിയോപ്പതി ചികിത്സാവിഭാഗങ്ങളും പ്രവർത്തിക്കും. കാത്ത് ലാബ്, സിടി, എംആർഐ, അവയവദാനത്തിനായുള്ള ഓപ്പറേഷൻ തിയേറ്റർ, ഒരേസമയം 25 പേർക്ക് ഡയാലിസിസ് നടത്താവുന്ന യൂണിറ്റ്, ഇലക്ട്രോണിക് മെഡിക്കൽ റിക്കാർഡ്സ്, ലാബുകൾ, ബ്ലഡ് ബാങ്കുകൾ, തീവ്രപരിചരണ സംവിധാനത്തോടെയുള്ള രണ്ട് ആംബുലൻസുകൾ, 350 പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന കാന്റീൻ, വിശാലമായ പാർക്കിംഗ് എന്നീ സൗകര്യങ്ങളുണ്ട്.
കുറഞ്ഞ നിരക്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ഇടുക്കി, മൂലമറ്റം, തൊടുപുഴ, ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്കു ഗുണകരമാകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, ഫിനാൻസ് ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ, മഞ്ജിത്ത് ചെറിയാൻ എന്നിവർ പങ്കെടുത്തു.