തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂടുതലാണെന്ന കാരണത്താല്‍ നിയമം മാറ്റേണ്ടതില്ലെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍.
താല്‍ക്കാലിക കൈയടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മറ്റു നിയമലംഘനങ്ങള്‍ക്കു നിലവില്‍ പറഞ്ഞിരിക്കുന്ന ശരാശരി തുകയിലും താഴെ നിശ്ചയിക്കാന്‍ നിയമതടസ്സമുണ്ടോയെന്നും പരിശോധിക്കുന്നു.
ഗുജറാത്തിനു പിന്നാലെ, കര്‍ണാടകയും ഗോവയും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നതോടെ നിരക്കുകള്‍ കുറയ്ക്കുന്നതു സംബന്ധിച്ച്‌ മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക പകുതിയോളം കുറയ്ക്കാന്‍ കേരള സര്‍ക്കാരും ആലോചനയിലാണ്.
നിരക്ക് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്അന്തിമ തീരുമാനമുണ്ടാകും. നിയമതടസ്സമില്ലെങ്കില്‍ പുതുക്കിയ ഉത്തരവിറക്കും. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താകും തീരുമാനമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.