കോഴിക്കോട്: കെസിബിസി മലബാര്‍ മേഖല പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരുടെ സംഗമം ‘ഒന്നാകാന്‍’ ചേവായൂര്‍ പ്രസന്റേഷന് സ്കൂളില്‍ മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. പ്രായപൂര്ത്തിയാകുന്നതോടൊപ്പംതന്നെ ജീവിത പങ്കാളി ആരാകണമെന്നത് തീരുമാനിക്കാനുള്ള പക്വത കൗമാരക്കാര്ക്കുണ്ടാകണമെന്ന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
വിവാഹകാര്യത്തില്‍ തികച്ചും പരമ്പരാഗത രീതി പിന്തുടര്ന്നാല് പോരാ. സമൂഹത്തില്‍ വന്നമാറ്റങ്ങള്‍ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്ന രീതിയിലും വ്യത്യാസങ്ങള്‍ വരുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വര്‍ഷങ്ങളായി മികച്ച വിവാഹബന്ധത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. ഇവര്‍ ഒറ്റയ്ക്കല്ല. എല്ലാവരും ഒപ്പമുണ്ട്.
മികവുറ്റ വിവാഹബന്ധങ്ങളാണ് മനുഷ്യകുലത്തിന്റെ നിലനില്പിനാധാരം. വിവാഹ പ്രായം കഴിഞ്ഞ നിരവധി പേരുണ്ട്. അവര്‍ക്കും താങ്ങും തണലുമാകാന്‍ ഇത്തരം സംഗമം വഴിയൊരുക്കട്ടെയെന്നും ബിഷപ് ആശംസിച്ചു.
മലബാര്‍ മേഖലയിലെ തലശേരി, താമരശേരി, മാനന്തവാടി, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, മാണ്ഡ്യ, കോട്ടയം (ശ്രീപുരം), പുത്തൂര്‍, കണ്ണൂര്‍, ബല്‍ത്തങ്ങാടി എന്നീ പത്തു കത്തോലിക്കാ രൂപതകളില്നിന്നുള്ളവരാണ് സംഗമത്തില്‍ പങ്കെടുത്തത്. രജിസ്റ്റര്‍ചെയ്ത മൂവായിരത്തോളം പേരുടെ ഫോട്ടോ അടക്കമുള്ള വിശദമായ വിവരങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചു.
25 വയസിനുമുകളിലുള്ള യുവതികളും 30 വയസിന് മുകളിലുള്ള യുവാക്കളും 50 വയസിനു താഴെപ്രായമുള്ള വിധവകളും വിഭാര്യരും ഇവരുടെ രക്ഷിതാക്കളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. പലർക്കും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കുന്നതായി സംഗമം.
കേരളത്തിലുള്ള മറ്റു കത്തോലിക്കാ രൂപതകളെ ഉള്‍പെടുത്തി അഞ്ച് മേഖലകളിലായി തുടര്‍ന്നും സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, സംസ്ഥാന പ്രസിഡന്റ് സാബു ജോസ് എന്നിവർ അറിയിച്ചു.
മലബാര്‍ മേഖല പ്രോ-ലൈഫ് സമിതി പ്രസിഡന്റ് സാലു ഏബ്രഹാം അധ്യക്ഷതവഹിച്ചു. കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, മലബാർ മേഖല ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍, കോഴിക്കോട് രൂപത-പ്രൊ ലൈഫ് ഡയറക്ടര്‍ ഫാ. ലാൽ ഫിലിപ്, തലശേരി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ, മാനന്തവാടിരൂപത ഫാമിലി അപ്പോസ്തലേറ്റ് അസി.ഡയറക്ടര്‍ ഫാ. ജോജോ കുടക്കച്ചിറ, ടോമി പ്ലാത്തോട്ടം, ഡോ. ഫ്രാന്‍സിസ് ആറാടന്‍, സജീവ് പുരയിടത്തില്‍, ഷാജന് മണിമല, ഫാ. പീറ്റര്‍, സിസ്റ്റര്‍ റോസ് മരിയ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. പ്രോ-ലൈഫ് ഹ്രസ്വചലച്ചിത്ര പ്രകാശനവും നടന്നു.
വിവാഹം വൈകുന്നവർക്കായി വെബ്സൈറ്റ്
വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കുവേണ്ടിയുള്ള പ്രത്യേക വെബ്സൈറ്റ് www. prolife marry.com മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം സ്വിച്ച് ഓണ്‍ ചെയ്തു. 15-മുതല്‍ വെബ്സൈറ്റ് ലഭ്യമാകും.
വിവരങ്ങൾക്ക് 9745409797, 8289863810 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.