സെപ്തംബര്‍ 10, ചൊവ്വാഴ്ച
1. ആഫ്രിക്ക അപ്പസ്തോലിക പര്യടനം സമാപിച്ചു
സെപ്തംബര്‍ 4-ന് ആരംഭിച്ച യാത്ര, 10-Ɔο തിയതി ചൊവ്വാഴ്ച അവസാനിച്ചു. പാപ്പാ ഫ്രാന്‍സിസ് മഡഗാസ്കറിന്‍റെ തലസ്ഥാന നഗരമായ മപ്പൂത്തോയിലെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.20-ന്, ഇന്ത്യയിലെ സമയം 11.50-ന് എയര്‍ മഡഗാസ്കറിന്‍റെ എ340 വിമാനത്തില്‍ റോമിലേയ്ക്ക് യാത്രതിരിച്ചതോടെ ഒരാഴ്ച നീണ്ട മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലികയാത്ര സമാപിച്ചു. 10 മണിക്കൂറും 40 മിനിറ്റും കറുത്തഭൂഖണ്ഡത്തിന്‍റെ മുകളിലൂടെ പറന്ന് പാപ്പാ ഫ്രാന്‍സിസ് ചൊവ്വാഴ്ച ഇറ്റലിയിലെ സമയം രാത്രി 7 മണിക്ക് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങി. തുടര്‍ന്ന് കാറില്‍ ഏകദേശം 30 കി.മീ. സഞ്ചരിച്ച് വത്തിക്കാനില്‍ എത്തിയതോടെ അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ മറ്റൊരു പ്രേഷിതയാത്രയ്ക്ക് പരിസമാപ്തിയായി.
2. യാത്രയയപ്പ് മഡഗാസ്കറില്‍
സെപ്തംബര്‍ 10, ചൊവ്വാഴ്ച അനന്തനാനരീവോ നഗരപ്രാന്തത്തിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചു. 8.00 മണിക്ക് അപ്പസ്തോലിക് നൂണ്‍ഷ്യോ, ആര്‍ച്ചുബിഷപ്പ് പാവുളോ ഗ്വാള്‍ത്തിയേരിയോടു യാത്രപറഞ്ഞ് ഇറങ്ങിയ പാപ്പാ, അവിടെ വത്തിക്കാന്‍റെ മന്ദിരത്തില്‍ സഹായത്തിനെത്തുന്ന ഒരു കൂട്ടം പാവങ്ങളുമായി നേര്‍ക്കാഴ്ച നടത്തുകയും, അവരോടു കുശലംപറഞ്ഞ്, ഫോട്ടോ എടുത്തുകൊണ്ടാണ്… കാറില്‍ വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ടത്.
3. വിമാനത്താവളത്തിലെ യാത്രയയപ്പ്
പ്രാദേശിക സമയം രാവിലെ 9 മണിയോടെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസ്, മഡഗാസ്കറിന്‍റെ പ്രസിഡന്‍റ് ആന്‍ഡ്രി റെജൊലീനയുമായി ഏതാനും നിമിഷങ്ങള്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഔപചാരിക സൈനിക ബഹുമതി സ്വീകരിച്ചശേഷം പാപ്പാ വിമാനപ്പടവുകള്‍ കയറി. യാത്ര അയക്കാനെത്തിയ വന്‍ജനാവലി ആവേശത്തോടെ പാപ്പായെ അഭിവാദ്യംചെയ്തു. വിമാനകവാടത്തില്‍ തിരിഞ്ഞുനിന്ന് കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും ആശീര്‍വ്വദിച്ചുകൊണ്ട് പാപ്പാ യാത്രയായി. കൃത്യം 9.20-ന് എയര്‍ മഡഗാസ്കറിന്‍റെ വിമാനം പാപ്പാ ഫ്രാന്‍സിസിനെയും വത്തിക്കാന്‍ സംഘത്തെയും വഹിച്ചുകൊണ്ട് മെഡിറ്ററേനിയന്‍ തീരങ്ങളുടെ ചക്രവാളത്തിലേയ്ക്ക് പറന്നുയര്‍ന്നു.
4. സെപ്തംബര്‍ 9, തിങ്കളാഴ്ച പാപ്പാ മൗറീഷ്യസില്‍
ഇത് പാപ്പാ ഫ്രാന്‍സിസിന്‍റെ മൗറിഷ്യസ് സന്ദര്‍ശനത്തിന്‍റെ ഏകദിന റിപ്പോര്‍ട്ടാണ്. അപ്പസ്തോലിക യാത്രയുടെ മൂന്നാം ഘട്ടവും അവസാനഘട്ടവുമാണ്, ഇന്ത്യമഹാസമുദ്രരാജ്യവും ആഫ്രിക്കന്‍ രാജ്യവുമായ മൗറീഷ്യസ്. പ്രാദേശിക സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം 9.30-ന് മഡഗാസ്ക്കറിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും 13 കി.മീ. അകലെയുള്ള അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് കാറില്‍ പുറപ്പെട്ടു. കൃത്യം 7.30-ന് എയര്‍ മഡഗാസ്കറിന്‍റെ ബി737 വിമാനത്തില്‍ ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ തീരത്ത് 1055 കി.മീ. അകലെ ഇന്ത്യാ മഹാസമുദ്രത്തില്‍ കിടക്കുന്ന ചെറുദ്വീപുരാജ്യം ലക്ഷ്യമാക്കി പറന്നു.
5. പോര്‍ട്ട് ലൂയിസ് വിമാനത്താവളത്തിലെ വരവേല്പ്
2 മണികൂറും 10 മിനിറ്റും ആഴിപ്പരപ്പിലൂടെ പറന്ന് പ്രാദേശിക സമയം 10.40-ന് മൗറീഷ്യസിന്‍റെ തലസ്ഥാന നഗരമായ പോര്‍ട്ട് ലൂയിസിലെ വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനപ്പടവുകള്‍ ഇറങ്ങിവന്ന പാപ്പായെ, കാത്തുനിന്ന ജനാവലി ഹസ്താരവം മുഴക്കിയും പാട്ടുപാടിയും നൃത്തംചവിട്ടിയും വരവേറ്റു. മൗറീഷ്യസിന്‍റെ പ്രധാനമന്ത്രി, പ്രവിന്ദകുമാര്‍ ജുഗ്നാവുത്തും, സഭാപ്രതിനിധിയായി പോര്‍ട്ട് ലൂയിസ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മൗറിസ് പിയാതും വിമാനത്തിന് അടുത്തേയ്ക്കു നടന്നുചെന്ന് ഹസ്തദാനം നല്കി പാപ്പായെ വരവേറ്റു. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ രണ്ടുകുട്ടികള്‍ പൂച്ചെണ്ടു നല്കി പാപ്പായെ സ്വീകരിച്ചു. തുടര്‍ന്ന് വത്തിക്കാന്‍റെയും മൗറീഷ്യസിന്‍റെയും ദേശീയഗാനങ്ങള്‍ ആലപിച്ചുകൊണ്ടുള്ള സൈനിക “ഗാര്‍ഡ് ഓഫ് ഓണര്‍” പാപ്പാ സ്വീകരിച്ചു. പ്രധാനമന്ത്രി പ്രവീന്ദകുമാര്‍ ജുഗ്നാവുത്ത് പാപ്പായെ വിമാനത്താവളത്തിന്‍റെ ലോഞ്ചിലേയ്ക്ക് ആനയിക്കുമ്പോഴും ജനാവലി ആരവത്തോടെ പാപ്പായെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.
6. സമാധാന രാജ്ഞിയുടെ തിരുനടയില്‍
തുറന്ന പേപ്പല്‍ വാഹനത്തില്‍ മൗറീഷ്യസിലെ വിഖ്യാതമായ സമാധാന രാജ്ഞിയുടെ തീര്‍ത്ഥാടന സ്തൂഭത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. ഈ മേരിയന്‍ സ്മാരകസ്തൂഭം എയര്‍പ്പോര്‍ട്ടില്‍നിന്നും 43 കി.മീ അകലെയാണ്. 1940 ആഗസ്റ്റ് 15-ന്‍റെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ ഒന്നാം ലോകയുദ്ധം അവസാനിച്ച് സമാധാനം ലോകത്തു കൈവന്നതിന്‍റെ നന്ദിയായും സ്മാരകമായും സ്ഥാപിച്ചതാണ് സമാധാനരാജ്ഞിയുടെ മനോഹരമായ വെണ്ണക്കല്‍ശില്പം. സ്തൂഭത്തോടു ചേര്‍ന്നുള്ള പാര്‍ക്കിലും പ്രകൃതി രമണീയമായ അന്തരീക്ഷത്തിലും 80,000 പേര്‍ക്ക് സമ്മേളിക്കാനുള്ള സൗകര്യമുണ്ടിന്ന്. മൗറീഷ്യസ് സന്ദര്‍ശനത്തിലെ ആദ്യ ഇനമായ ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണത്തിന് വേദിയാകുന്നത് ഈ മേരിയന്‍ തീര്‍ത്ഥസ്ഥാനമാണ്.
7. മൗറീഷ്യസിന്‍റെ അപ്പസ്തോലന്‍
വാഴ്ത്തപ്പെട്ട ഷാക് ലവാലിന്‍റെ അനുസ്മരണം
പ്രാദേശിക സമയം രാവിലെ 11.45-ന് സമാധാനരാജ്ഞിയുടെ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ എത്തിയ പാപ്പാ, എതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിച്ചശേഷം തുറന്ന പേപ്പല്‍ വാഹനത്തില്‍ ജനമദ്ധ്യത്തിലൂടെ അള്‍ത്താരവേദിയിലേയ്ക്കു നീങ്ങി. ജനങ്ങള്‍ പാട്ടുപാടിയും, ഹസ്താരവും മുഴക്കിയും പാപ്പായെ അഭിവാദ്യംചെയ്തു. മൗറീഷ്യസിന്‍റെ പുണ്യാത്മാവായ വാഴ്ത്തപ്പെട്ട ഷാക്ക് ഡിസേര്‍ ലവാലിന്‍റെ സ്മരാണാര്‍ത്ഥമാണ് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചത്.
1979-ല്‍ മൗറീഷ്യസ് സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ് ഷാക്ക് ലവാലിനെ, സമാധാനരാജ്ഞിയുടെ അതേ തിരുനടയില്‍വച്ച് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. മൗറീഷ്യസിന് വിശ്വാസവെളിച്ചം പകര്‍ന്ന പ്രേഷിതനാണ് ഫ്രഞ്ചുകാരനായ വാഴ്ത്തപ്പെട്ട ഷാക്ക് ഡിസേര്‍ ലവാല്‍ (1803-1864). അദ്ദേഹം സ്പിരിട്ടാന്‍സ് (spiritans) എന്ന സന്ന്യാസ സഭാംഗവും, ആ സഭയിലെ ആദ്യത്തെ പുണ്യാത്മാവുമാണ്.
8. സമാധാനരാജ്ഞിയുടെ സന്നിധിയിലെ സമൂഹബലിയര്‍പ്പണം
വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പായും നൂറുകണക്കിന് വൈദികരും ബലിവേദി നിറഞ്ഞുനിന്നത് ഒരു മഹോത്സവത്തിന്‍റെ പ്രതീതി ഉണര്‍ത്തി. ജനങ്ങള്‍ ആവേശത്തോടെയും സജീവമായും ആടിയും പാടിയും ഭക്തിനിര്‍ഭരമായി പങ്കുചേര്‍ന്നു. ആമുഖകര്‍മ്മം, അനുതാപശുശ്രൂഷ, വചനപ്രഘോഷണം എന്നിവയിലൂടെ തിരുക്കര്‍മ്മങ്ങല്‍ പുരോഗമിച്ചു. പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 1-12-വരെ വചനങ്ങളെ ആധാരമാക്കി പ്രഭാഷണം നടത്തി. (പാപ്പായുടെ വചനവിചിന്തനത്തിന്‍റെ പരിഭാഷ ഇവിടെ ചേര്‍ത്തിട്ടില്ല).
കാഴ്ചവയ്പ്, സ്തോത്രയാഗപ്രാര്‍ത്ഥന, സ്തോത്രയാഗകര്‍മ്മം, ദിവ്യകാരുണ്യസ്വീകരണകര്‍മ്മം എന്നിങ്ങനെ വിവിധഭാഗങ്ങളിലൂടെ ദിവ്യപൂജ മുന്നോട്ടു നീങ്ങി.
9. നന്ദിയുടെ വാക്കുകള്‍
ദിവ്യകാരുണ്യസ്വീകരണാനന്തരം പോര്‍ട്ട് ലൂയിസ് അതിരൂപതാദ്ധ്യക്ഷന്‍, ദിവ്യരക്ഷകസഭാംഗമായ, കര്‍ദ്ദിനാള്‍ മൗറിസ് പിയാത്ത് പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു.
പാപ്പാ ഫ്രാന്‍സിസും വേദിയില്‍ എഴുന്നേറ്റുനിന്ന് നന്ദിയുടെ വാക്കുകള്‍ മൊഴിഞ്ഞു.
നന്ദിയുടെ പ്രതീകമായി ബലിയര്‍പ്പണത്തിനുള്ള സുവര്‍ണ്ണചഷകം (chalice) പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ മൗറിസിന് സമ്മാനിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രാര്‍ത്ഥനചൊല്ലിക്കൊണ്ട് പാപ്പാ സമാപാനാശീര്‍വ്വാദം നല്കി. ജനങ്ങള്‍ ആനന്ദനിര്‍വൃതിയോടെ സമാപനഗാനം ആലപിച്ചപ്പോള്‍ പാപ്പാ ഫ്രാന്‍സിസും സംഘവും ജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട് ബലിവേദിവിട്ടിറങ്ങി. തിരുക്കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയായി.
10. പോര്‍ട്ട് ലൂയിസിലെ മെത്രാന്മാര്‍ക്കൊപ്പം
പ്രാദേശിക സമയം 1.45-ന് പാപ്പാ ഫ്രാന്‍സിസ് കാറില്‍ 2 കി.മീ. അകലെ പോര്‍ട്ട് ലൂയിസിന്‍റെ മെത്രാസന മന്ദിരത്തിലേയ്ക്കാണ് പുറപ്പെട്ടത്. കോളനിവത്ക്കരണത്തിന്‍റെ കാലത്ത് ബ്രിട്ടീഷുകാര്‍ പണിതീര്‍ത്തതാണ് വാസ്തുഭംഗിയുള്ളതും വിസ്തൃതവും വെളുത്ത നിറമുള്ളതുമായ ഈ ഇരുനിലമന്ദിരം. മെത്രാസന മന്ദിരം, ഇന്ത്യാസമുദ്ര രാജ്യങ്ങളിലെ മെത്രാന്‍ സംഘത്തിന്‍റെ കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു (Episcopal Conference of India Ocean Region –CEDOI).
മെത്രാന്‍ സംഘത്തിലെ 5 മെത്രാന്മാരോടും, കര്‍ദ്ദിനാള്‍ മൗറിസ് പിയാത്തിനോടും ചേര്‍ന്ന് ഉച്ചഭക്ഷണം കഴിച്ച പാപ്പാ വിശ്രമിച്ചു. പ്രാദേശിക സമയം വൈകുന്നേരം 4.00 മണിക്ക് വിശ്രമത്തിനുശേഷം 15 കി. മീ. അകലെയുള്ള വാഴ്ത്തപ്പെട്ട ഷാക്ക് ലവാലിന്‍റെ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് യാത്രയായത്.
11. വാഴ്ത്തപ്പെട്ട ലവാല്‍ സ്മൃതിമണ്ഡപം
പോര്‍ട്ട് ലൂയിസില്‍ വിശുദ്ധ കുരിശിന്‍റെ നാമത്തിലുള്ള പുരാതനദേവാലയത്തോടു ചേര്‍ന്നാണ് മൗറിഷ്യത്തിന്‍റെ അപ്പോസ്തലന്‍, വാഴ്ത്തപ്പെട്ട ഷാക് ലവാലിന്‍റെ ഭൗതികശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ള തീര്‍ത്ഥസ്ഥാനം. തദ്ദേശീയരായ മൗറീഷ്യന്‍ ജനതയെയാണ് തന്‍റെ പ്രേഷിതസാന്നിദ്ധ്യവും സമര്‍പ്പണവുംകൊണ്ടു സുവിശേഷവെളിച്ചത്തിലേയ്ക്ക് ആനയിച്ചത്. ഭൗതികശേഷിപ്പുകളുടെ പുറത്ത് മെഴുകില്‍ പൊതിഞ്ഞ വാഴ്ത്തപ്പെട്ട ലവാലിന്‍റെ പൂര്‍ണ്ണകായരൂപം, വണക്കത്തിനായി ചില്ലുകൂട്ടില്‍ ലഭ്യമാക്കിയത് 1870-ലാണ്. മൗറീഷ്യസിലെ ജനങ്ങള്‍, ജാതിഭേദമെന്യേ ആയിരങ്ങള്‍ ഈ തീര്‍ത്ഥസ്ഥാനത്ത് പ്രാര്‍ത്ഥിക്കാന്‍ എത്തുകയും ദീപാര്‍ച്ചനയും പുഷ്പ്പാര്‍ച്ചനയും നടത്തി, വാഴ്ത്തപ്പെട്ട ലവാലിന്‍റെ മാദ്ധ്യസ്ഥതയില്‍ സ്വീകരിച്ച അനുഗ്രങ്ങള്‍ക്ക് പ്രതിനന്ദിയായി തങ്ങളുടെ ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കുകയും, കാണിക്ക നല്കുകയും ചെയ്യുന്ന പതിവ് സാധാരണമാണ്.
വാഴ്ത്തപ്പെട്ട ലവാലിന്‍റെ തീര്‍ത്ഥാടകേന്ദ്രത്തിലേയ്ക്ക് തുറന്ന പേപ്പല്‍ വാഹനത്തില്‍, കര്‍ദ്ദിനാള്‍ മൗറിസ് പിയാത്തിന്‍റെ അകമ്പടിയോടെയാണ് പാപ്പാ എത്തിച്ചേര്‍ന്നത്. ആയിരങ്ങള്‍ പാപ്പായെ കാണാന്‍ എത്തിയിരുന്നു. പാപ്പാ എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു. വണക്കത്തിനായി ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പൂജ്യശേഷപ്പിന്‍റെ ദേവാലയത്തില്‍ പാപ്പാ പ്രവേശിച്ചു. തിരുശേഷിപ്പുകളുടെ പൂര്‍ണ്ണകായ രൂപത്തിന്‍റെ കാല്ക്കല്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചു. അള്‍ത്താരയുടെ സമീപത്ത് തന്നെ കാണാനെത്തിയ ഏതാനും രോഗികളെ സമാശ്വസിപ്പിക്കാനും ആശീര്‍വ്വദിക്കാനും പാപ്പാ സമയം കണ്ടെത്തി. തീര്‍ത്ഥാടന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരായ വൈദികര്‍ക്ക് വത്തിക്കാനില്‍നിന്നുകൊണ്ടുവന്ന കന്യകാനാഥയുടെ വര്‍ണ്ണച്ചിത്രം സമ്മാനിച്ചുകൊണ്ടാണ് പാപ്പാ വാഴ്ത്തപ്പെട്ട ലവാലിന്‍റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്നും യാത്രപറഞ്ഞത്.
12. മൗറീഷ്യസിന്‍റെ ഭരണകേന്ദ്രത്തിലേയ്ക്ക്
മൗറീഷ്യസിന്‍റെ, ഇപ്പോഴുള്ള ഇടക്കാല പ്രസിഡന്‍റ് ബാര്‍ലന്‍ വ്യപൂരിയും പ്രധാനമന്ത്രി പ്രവീണ്‍കൂമാര്‍ ജുഗ്നാവിത്തുമായുള്ള കൂടിക്കാഴ്ചയ്ക്കായി 16 കി.മീ. അകലെയുള്ള പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലേയ്ക്കാണ് പാപ്പാ യാത്രതുടര്‍ന്നത്. ഇപ്പോഴുള്ള മന്ദിരം, റെദൂയിത് ക്യാസില്‍… Castello di Reduit ഫ്രഞ്ച് അധിനിവേശ കാലത്ത് പണിതീര്‍ത്തതും ഫ്രഞ്ചു വാസ്തുഭംഗിയുള്ളതുമായ കൊട്ടാരമാണ്. 1746-ലെ ശത്രു ആക്രമണത്തില്‍ ഭാഗികമായ തകര്‍ന്ന കൊട്ടാരം 1748 പുനരുദ്ധാരണം പൂര്‍ത്തിയാക്കി ഉപയോഗം തുടങ്ങിയെങ്കിലും പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തതുമെല്ലാം ചരിത്രമാണ്. വിദേശത്തുനിന്നും ഈ കൊട്ടാരത്തില്‍ വന്നു പാര്‍ത്തിട്ടുള്ള വിശിഷ്ടാതിഥികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദരാഗാന്ധി ഉള്‍പ്പെടുന്നു. അത് 1970-ലും 1976-ലുമായിരുന്നു.
13. റദൂയിത്ത് കൊട്ടാരത്തില്‍ പാപ്പായ്ക്കു വരവേല്പ്
കൃത്യം 5 മണിക്ക് പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസിനെ ഇടക്കാല പ്രസിഡന്‍റ്, ബാര്‍ലന്‍ വ്യപൂരി റദൂയിത്ത് കൊട്ടാരത്തിന്‍റെ ഉമ്മറത്ത് പാപ്പായെ സ്വീകരിച്ചാനയിച്ചു. ഓഫിസില്‍വച്ച് പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ച നടന്നു. പ്രസിഡന്‍റ് വ്യപൂരി കുടുംബാംഗങ്ങളെയും പാപ്പായ്ക്കു പരിചയപ്പെടുത്തി. എന്നിട്ടാണ് രാഷ്ട്രപ്രതിനിധികളും, നയതന്ത്രപ്രതിനിധികളും, മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി കൊട്ടാരത്തില്‍തന്നെയുള്ള വേദിയിലേയ്ക്ക് പ്രധാനമന്ത്രിയും പ്രസിഡന്‍റും ചേര്‍ന്ന് പാപ്പായെ ആനയിച്ചത്. മൗറീഷ്യസ്സിന്‍റെ ദേശീയഗാനം മിലിട്ടറി ബാന്‍ഡു വായിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കമായത്. പ്രസിഡന്‍റ് വ്യപൂരിയും, അതിനുശേഷം പ്രധാനമന്ത്രി പ്രവിന്ദകുമാര്‍ ജുഗ്നാവുത്തും പാപ്പായ്ക്ക് സ്വാഗതമാശംസിച്ചു. പാപ്പാ മൗറീഷ്യസ് റിപ്പബ്ലിക്കിനെ… രാഷ്ട്രപ്രതിനിധികളെ അഭിസംബോധനചെയ്തു. (പാപ്പായുടെ പ്രഭാഷണത്തിന്‍റെ പരിഭാഷ ഇവിടെ ചേര്‍ത്തിട്ടില്ല.)
14. വൃക്ഷത്തൈകള്‍ പാപ്പാ ആശീര്‍വ്വദിച്ചു
പ്രഭാഷണാനന്തരം വേദിവിട്ടിറങ്ങിയ പാപ്പാ ഫ്രാന്‍സിസിനെ പ്രസിഡന്‍റ് വ്യാപൂരി കൊട്ടാരത്തിന്‍റെ തോട്ടത്തിലേയ്ക്ക് ആനയിച്ചു. സന്ദര്‍ശനത്തിന്‍റെ സ്മരണാര്‍ത്ഥം നടുന്നതിനുള്ള ദേവാദാരു വൃക്ഷത്തൈ അവിടെവച്ച് പാപ്പാ ആശീര്‍വ്വദിച്ചു നല്കി. തുടര്‍ന്ന് ദ്വീപിലെ ഏതാനും ഇസ്ലാം, ഹിന്ദു, ബൗദ്ധ മതപ്രതിനിധികള്‍ മുന്നോട്ടു വന്ന് പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഏതാനും നിമിഷങ്ങള്‍ പാപ്പാ അവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പാപ്പാ യാത്രയായത്
38 കി.മീ. അകലെ പോര്‍ട്ട് ലൂയിസിലെ വിമാനത്താവളത്തിലേയ്ക്കാണ്. പ്രാദേശിക സമയം 6.45-ന് വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന പാപ്പാ ഔപചാരികമായുള്ള യാത്രയയപ്പു സ്വീകരിച്ചു. എന്നിട്ട് വിമാനപ്പടവുകള്‍ കയറിയ പാപ്പാ, കവാടത്തില്‍നിന്നുകൊണ്ട് എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി ആശീര്‍വ്വദിച്ചു. എന്നിട്ട് വിമാനത്തിലേയ്ക്ക് പ്രവേശിച്ചു.
16. തിരിച്ച് മഡഗാസ്കറിലെ സ്ഥാനപതിയുടെ മന്ദിരത്തില്‍
പ്രാദേശിക സമയം 7 മണിക്ക് പാപ്പാ പോര്‍ട്ട് ലൂയിസില്‍നിന്നും അന്തനാനരീവോയിലേയ്ക്ക് എയര്‍ മൗറിഷ്യസിന്‍റെ എ330 വിമാനത്തില്‍ യാത്രതിരിച്ചു. യാത്രയ്ക്കിടെ പാപ്പാ അത്താഴം കഴിച്ചു. മഡഗാസ്കറിലെ സമയം തിങ്കളാഴ്ച രാത്രി 8 മണിക്ക് അന്തനാനനരീവോ വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പാ കാറില്‍ 13 കി.മീ. അകലെയുളള അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലെത്തി, വിശ്രമിച്ചു. ഇതോടെ മൂന്നാം ഘട്ടം മൗറീഷ്യസ് പ്രേഷിത സന്ദര്‍ശനത്തിനും പരിസമാപ്തിയായി.
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിന്‍റെ അവസാനദിവസത്തെ റിപ്പോര്‍ട്ട്.