ഭാരതീയ പൌരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ പുരാതന ഭാരതം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് അത്. തിരക്കും മത്സരവും നിറഞ്ഞ ആധുനികലോകത്ത് മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷത്തിന് അയവു വരുത്താന്‍ യോഗക്കുള്ള കഴിവ് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. ഒരു ജീവിത ശൈലി, വ്യായാമ മുറ എന്നീ നിലകളില്‍ യോഗയെ സ്വീകരിക്കുന്നവര്‍ പാശ്ചാത്യ രാജ്യങ്ങളിലടക്കം ഒട്ടേറെയുണ്ട്. ആരോഗ്യത്തിന്റെ ശാസ്‌ത്രമായാണ്‌ യോഗ അറിയപ്പെടുന്നത്‌. ദിവസവും കുറച്ചുസമയം യോഗ ചെയ്യുന്നത്‌ മാനസിക ശാരീരിക ഉണര്‍വിനു സഹായകമാണ്. എന്നാല്‍ യോഗ ക്രൈസ്തവര്‍ക്ക് നിഷിദ്ധം ആണെന്നും അത് വിജാതീയമാണെന്നും അല്പം കൂടി കടന്ന് സാത്താനികമാണെന്നും ചില പെന്തക്കോസ്ത്, കരിസ്മാറ്റിക് ഗ്രൂപ്പുകള്‍ ആക്ഷേപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചില ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങളും ഗുരുക്കന്മാരുമാകട്ടെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടുകയും യോഗയെ ഒരു മതം അഥവാ ആത്മീയ അനുഷ്ഠാനം ആയി അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടു സമീപനവും യോഗ എന്ന ജീവിത ശൈലിയെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതിനാല്‍ സംഭവിക്കുന്ന വിഡ്ഢിത്തത്തില്‍നിന്ന് ഉളവാകുന്നതാണ്.

ഭാരതീയമായതിനെയെല്ലാം പൈശാചികം എന്നും ക്രൈസ്തവവിരുദ്ധം എന്നും മുദ്രകുത്താനുള്ള പ്രവണത അടുത്തകാലത്തായി ഏറിയിരിക്കുകയാണ്. നിലവിളക്കും, താലിയും, ചെണ്ടമേളവും, കൊടിമരവും ഒക്കെ ഹൈന്ദവികം എന്ന് മുദ്രകുത്തി അകറ്റിനിര്‍ത്തുന്ന പെന്തക്കോസ്ത് സമൂഹങ്ങള്‍ തുടങ്ങിവച്ച ഈ സമീപനം ചില കരിസ്മാറ്റിക് ഗ്രൂപ്പുകളും ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. എം.സി.ബി.എസ് സന്യാസ സമൂഹത്തിലെ ചില വൈദികരുടെ നേതൃത്വത്തില്‍ സമീപനാളില്‍ എറണാകുളം കാലടിയില്‍ ‘ക്രിസ്ത്വാത്വാനുഭവ യോഗാ ധ്യാനം’ ആരംഭിക്കുകയുണ്ടായി. വളരെ നല്ല പ്രതികരണമാണ് അതിനു ലഭിക്കുന്നത് എന്ന് പ്രസ്തുത ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പുകളും വ്യാജപ്രചരണങ്ങളും ഉണ്ടായി. യോഗാ ധ്യാനത്തിന് നേതൃത്വം കൊടുക്കുന്ന വൈദികര്‍ ദുര്‍മന്ത്രവാദം പ്രചരിപ്പിക്കുന്നു എന്ന വിധത്തിലാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മറ്റും വിമര്‍ശനങ്ങള്‍ പ്രചരിക്കുന്നത്. യോഗയെക്കുറിച്ചുള്ള തെറ്റിധാരണയാണ് ഈ എതിര്‍പ്പുകള്‍ക്ക് കാരണം. ”ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക” (സങ്കീ.46:10) എന്ന തിരുവചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് യോഗാധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മനസ്സിനെ ശാന്തമാക്കുവാനുള്ള ഏറ്റവും നല്ല പരിശീലനമാണ് യോഗയിലൂടെ ലഭിക്കുന്നതും. ”ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി കൈവശമാക്കും” (മത്താ.5:5) എന്ന് മിശിഹാ പഠിപ്പിക്കുന്നു. ജീവിതത്തില്‍ ശാന്തതക്കുള്ള പ്രാധാന്യമാണ് ഈ തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നത്. ശാന്തിയും സമാധാനവുമുള്ള മനസ് പരിശുദ്ധാത്മാവിന്റെ ആവാസഗേഹമാണ്. ഈശോയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ശാന്തതയാണ്. ‘ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്നില്‍നിന്നു പഠിക്കുവിന്‍’ എന്നാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്. ദൈവത്തെ അറിയണമെങ്കില്‍ ശാന്തമാകണം എന്നാണ് ”ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക” എന്ന വചനം ദ്യോതിപ്പിക്കുന്നത്.

യോഗ സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം ആണെന്നും ചില യോഗാസന മുറകളിലൂടെ അതീന്ദ്രിയ ശക്തികളും ദൈവത്വവും തന്നെ സിദ്ധിക്കാമെന്നും ഉള്ള അവകാശ വാദങ്ങളെയും നാം പുച്ഛിച്ചു തള്ളേണ്ടതുണ്ട്. ആത്മീയതയെ കച്ചവടം ചെയ്യുന്നവരാണ് ഇത്തരത്തില്‍ തങ്ങളുടെ ആത്മീയതയുടെ പ്രചാരത്തിനായി യോഗയെ ഉപയോഗിക്കുന്നത്. മിശിഹാ ഇന്‍ഡ്യയില്‍ വന്ന് യോഗ അഭ്യസിച്ച ഗുരുവായിരുന്നുവെന്നും അവിടുന്ന് കുരിശില്‍ മരിച്ചിരുന്നില്ല ‘യോഗസ്തംഭനാവസ്ഥയില്‍’ ആവുകയായിരുന്നുവെന്നും ഒക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും ശരാശരി ക്രിസ്ത്യാനിക്കു പോലും ഉണ്ട്. യോഗയെ കുപ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുണ്ട് എന്നതിന്റെ പേരില്‍ അതിനെ നാം അകറ്റി നിര്‍ത്തേണ്ടതില്ല. മിശിഹായ്ക്കും സഭയ്ക്കും എതിരേ പ്രവര്‍ത്തിക്കുന്നവര്‍ മറ്റെന്തിനെക്കാളും ദുരുപയോഗപ്പെടുത്തുന്നത് വിശുദ്ധഗ്രന്ഥത്തെ തന്നെയാണല്ലോ. നമ്മുടെ രക്ഷയുടെ കാരണം മിശിഹായാണെന്നും നമുക്ക് അത് കരഗതമാകുന്നത് അവിടുത്തെ സഭയിലൂടെയാണെന്നും മനസ്സിലാക്കിയിരുന്നാല്‍ യാതൊരു വ്യാജപ്രബോധകര്‍ക്കും നമ്മെ അവിടുന്നില്‍നിന്ന് അകറ്റാന്‍ സാധിക്കില്ല.

തിരക്കേറിയ ജീവിതത്തില്‍ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളില്‍നിന്നും അല്‌പസമയം മാറിനിന്ന്‌ നിശബ്‌ദതയില്‍ തൊട്ടറിയാവുന്ന ദൈവാനുഭവം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പ്രകൃതിക്കനുയോജ്യമായ ജീവിതരീതികളിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ താല്പര്യമുള്ളവര്‍ക്കും, ശാരീരിക മാനസിക വ്യായാമം ആവശ്യമുള്ളവര്‍ക്കും ഒക്കെ ഒരുപോലെ പരിശീലിക്കാവുന്ന ഒന്നാണ് യോഗ. യോഗ പരിശീലിക്കുമ്പോള്‍ ശാസ്ത്രീയമായി അത് അഭ്യസിച്ചവരില്‍നിന്നും പരിശീലിച്ചാല്‍ അബദ്ധപ്രചാരണങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാം.