ഫാ.റോബിൻ പടിഞ്ഞാറേക്കുറ്റ്.
അറുപത് വർഷങ്ങൾക്കും മുമ്പ് കുറെ മനുഷ്യർ വഴി നടന്ന് മല കയറി. സ്വന്തമായി സമ്പാദ്യമില്ലാത്തതു കൊണ്ടും, വഴി നടന്നു കയറണം എന്നതു കൊണ്ടും സ്വന്തമായി കയ്യിലുണ്ടായിരുന്നത് തുണി ഭാണ്ഡങ്ങളാണ്. കുറച്ച് വിത്തിനങ്ങളും മറ്റുമാണ് കയ്യിലെ ഭാണ്ഡത്തിൽ. പറഞ്ഞാൽ, ഗവൺമെന്റിന്റെ മനസറിവോടെ തന്നെ. കാട്ടിലെ കന്നിമണ്ണ് കൊയ്ത് വിത്തിട്ട് ഭക്ഷ്യധാന്യം ഉണ്ടാക്കാൻ. പിന്നെ ഒരു കൂട്ടരെ കൂടി കൊണ്ടുവന്നു. ഡാം പണിക്ക്. ഡാം പണിയുന്നതും സർക്കാരാണ്. ഫലത്തിൽ സർക്കാർ സംവിധാനത്തിന്റെ പിൻതുണയോടെ ഡാം പണിയും, കൃഷിപ്പണിയും. ഇതാണ് കുടിയേറ്റം. ഇവരാണ് കുടിയേറ്റക്കാർ.
ആദ്യമൊക്കെ മരത്തിൽ ഏറുമാടം കെട്ടിയേ കഴിയാനാകുമായിരുന്നുള്ളു. കാട്ടാന ശല്യം പേടിച്ച്. ആനയെ തുരത്താൻ കിടങ്ങുകൾക്കുള്ളിൽ മരക്കമ്പുകൾ മുറിച്ചുകൂട്ടി കത്തിച്ച ആഴികളിൽ വീണുപോലും മരിച്ചവരുണ്ട്. കൂടെയൊരാൾ പച്ചമാംസത്തോടെ നീറി മരിക്കുന്നത് കണ്ടു നിൽക്കേണ്ടി വന്നവരുണ്ട്.
വനം വകുപ്പ് അന്നുമുണ്ട്. ഉദ്യോഗസ്ഥരും. മരത്തിന്റെ കരി ന്തൊലി ചതുരത്തിൽ അടർത്തി കളഞ്ഞ് സർക്കാർ തടി എന്നതിന്റെ ചുരുക്കെഴുത്തായി ‘സത’ എന്നു രേഖപ്പെടുത്തി നമ്പരിലിടലായിരുന്നു ഒരു ജോലി. രണ്ടാമത്തേത്, എവിടെ നിന്നോ വന്ന് തടിയറുത്ത് കൊണ്ടു പോകുന്നവർക്ക് നേരെ കണ്ണടയ്ക്കലും. ആങ്കൂർ റാവൂത്തർ എന്ന തമിഴൻ തടിക്കച്ചവടക്കാരൻ പോത്തുക്കളെ കെട്ടി വലിക്കുന്ന വണ്ടിയിൽ – ആ വഴിച്ചാലാണ് പിന്നീട് റോഡായത് – തടി കൊണ്ടു പോയെങ്കിൽ പിന്നീട് വന്ന റാവുത്തർമാർ ലോറികളിലായി തടികടത്ത്. നിയമം കണ്ണടച്ചു കൊടുത്തു. ഇത്തരം മുതലാളിമാർ ഉൾവനങ്ങളിൽ നൂറുകണക്കിന് ഏക്കറുകളിൽ കഞ്ചാവ് കൃഷി ചെയ്തു. നിയമം കണ്ണടച്ച് കൊടുത്തു. ഈ കണ്ണടയ്ക്കലിന്റെ ആനുകൂല്യം കിട്ടിയവരെയാണ് കയ്യേറ്റക്കാർ എന്ന് വിളിക്കുന്നത്.
തെളിഞ്ഞ നിലങ്ങളിൽ കാട്ടു കമ്പും മേച്ചിൽ പുല്ലും ഉപയോഗിച്ച് കുടിൽ കെട്ടിയ കുടിയേറ്റക്കാരനോട് പക്ഷേ നിയമം കണ്ണടച്ചില്ല. എൽ.പി. സ്കൂൾ കാലത്തെ നിത്യമായ കാഴ്ച, നിയമ പാലകരോ, വനപാലകരോ തീയിട്ട് എരിച്ച വീടുകൾക്കു മുമ്പിൽ മാറത്തലച്ചു കരയുന്ന കൃഷിപ്പണിക്കാരന്റേതാണ്. വർഷം 1980-1986. അപ്പന്റെ ഒരാഴ്ചത്തെ പണിക്കൂലി 7 രൂപയും അമ്മയുടേത് 5 രൂപയുമായിരുന്നു. ശരാശരി കൃഷിപ്പണിക്കാരന്റെ ആടുജീവിതം.
ചവിട്ടി നിൽക്കുന്ന മണ്ണിലൊരു വീട് കെട്ടിയാൽ കത്തിച്ച് കളയരുത്. സ്വന്തമായി ഇത്തിരി കൃഷി ചെയ്യണം. മക്കളെ പഠിപ്പിക്കാൻ കഴിയുമെങ്കിൽ അതും ചെയ്യണം. വിൽക്കാനോ പണയപ്പെടുത്താനോ കഴിയണം. ഇതിനൊക്കെ വേണ്ടിയാണ് താമസ സ്ഥലം ക്രമപ്പെടുത്തണം – പട്ടയം വേണം എന്ന് നിലവിളി തുടങ്ങിയത്. ആദ്യമാദ്യം കിട്ടിയവർ രക്ഷപെട്ടു. പിന്നീട് വന്നവർ പെട്ടു. പട്ടയം നിറയെ ഉപാധികളാണ്. വിൽക്കരുത്, പണയം വക്കരുത് തുടങ്ങി ഒത്തിരി അരുതുകൾ. ദോഷം പറയരുതല്ലോ, പട്ടയം കിട്ടിയപ്പം കയ്യേറ്റക്കാരനും കിട്ടി, കുടിയേറ്റക്കാരനും കിട്ടി. തോർത്ത്
തോളിലിട്ടു ചെല്ലുന്നവനെ തിരിച്ചറിയാനുള്ള ഡിറ്റക്ടർ അന്ന് കണ്ടു പിടിച്ചിരുന്നില്ല.
കയ്യേറ്റക്കാരൻ കൊഴുത്തു. വനം തീർന്നെങ്കിൽ പാറ. പാറ പൊട്ടിച്ച് തീർന്നാൽ റിസോർട്ട്. അരുതുകളില്ലാത്ത പട്ടയ സ്വാത്രന്ത്ര്യവും നിയമത്തിന്റെ കാലാകാലങ്ങളായി കണ്ണടച്ചു കൊടുക്കലും കൂടി അവരെ കൊഴുപ്പിച്ചു. “എനിക്കിവിടെ മാത്രമല്ലടാ, അങ്ങ് ഡൽഹീലും ഉണ്ടടാ പിടി” എന്ന ഡയലോഗ് ഓർമ്മയില്ലേ. ഡൽഹീന്ന് പരിസ്ഥിതി മന്ത്രാലയവും മറ്റും എത്തി നോക്കുമ്പോ കാണുന്നത് അതി “ഫീകര”മായ കയ്യേറ്റമാണ്. കുടിലു കെട്ടി കയറിയ കുടിയേറ്റക്കാരെല്ലാം കൂടി തടി കടത്തി, പാറ പൊട്ടിച്ച്, റിസോർട്ട് പണിത് പരിസ്ഥിതി “ലോല” പ്രദേശങ്ങളെ “അതീവ ദുർബല” മാക്കി കളഞ്ഞു. ഇനി പറ്റത്തില്ല. പരിസ്ഥിതി സോണുകൾ പ്രഖ്യാപിച്ചു. ഓരോ സോണിലും കൃഷി ചെയ്യാവുന്നവയും അല്ലാത്തവയും നിശ്ചയിച്ചു. എത്ര തൂമ്പാ മണ്ണ് വരെ ഇളക്കാം എന്ന കണക്ക് പറഞ്ഞു. കശാപ്പ് കട മുതൽ ഹോസ്പിറ്റൽ വരെയുള്ള “വ്യവസായങ്ങൾ”ക്ക് കാറ്റഗറിയും നിറവും സ്ക്വയർ ഫീറ്റും നിശ്ചയിച്ചു.
ഫലത്തിൽ, 60 വർഷം മുമ്പ് ഭാണ്ഡക്കെട്ടുമായി വന്നതിനെക്കാൾ വേഗത്തിൽ മറ്റൊരു ഭാണ്ഡവുമായി മലയിറങ്ങേണ്ടി വരും എന്ന് പാവം കുടിയേറ്റക്കാർ തിരിച്ചറിഞ്ഞു. ഉടമസ്ഥാവകാശമില്ലാത്ത മണ്ണിന്റെ കാവൽക്കാരന്റെ സ്ഥാനമേയുള്ളു. സർക്കാർ ഒരു കടലാസു തുണ്ട് കൊടുത്താൽ ജീവിതം ധിം തരികിട തോം. ഉടമസ്ഥാവകാശമുണ്ടെങ്കിലും ഗത്യന്തരമില്ലാത്തവൻ താനേ ഒഴിഞ്ഞു പോകും. 48 മണിക്കൂർ 5 ലക്ഷത്തോളം പേർ ഇടുക്കി ജില്ലയിൽ വഴിയോര സമരം നടത്തിയിട്ട് ഏതാനും വർഷങ്ങളേ ആകുന്നുള്ളു. ഭാഗ്യത്തിന് ചാനൽ ക്യാമറകൾക്ക് ആ ദിവസങ്ങൾ വിശ്രമ ദിനങ്ങളായിരുന്നു. കാട്ടു കള്ളൻമാരുടെ സമരത്തെ കവർ ചെയ്യേണ്ടതില്ലല്ലോ.
അപ്രതീക്ഷിതമായി രണ്ടു വർഷം മഴ പെയ്ത് പ്രളയം വന്നപ്പോഴും ലെൻസ് ഫോക്കസ് ചെയ്ത് നിക്കുന്നത് മലമുകളിലേക്കാണ്. താഴേക്ക് ഒഴുകി വന്നിരുന്ന വെള്ളത്തെ സ്റ്റോറേജ് നടത്തിയിരുന്ന ലക്ഷക്കണക്കിന് ഹെക്ടർ നെൽപ്പാടങ്ങൾ നികന്ന് പോയത് ആരും കണ്ടില്ല. വീതി കുറഞ്ഞ് മെലിഞ്ഞു പോയ കൈത്തോടുകളെയും പുഴകളെയും കണ്ടില്ല. ഡ്രെയിനേജ് പോലുമില്ലാത്ത ടൗൺ പ്ലാനുകളെ കണ്ടില്ല. വശങ്ങളിൽ കാനകൾ പണിയാത്ത റോഡുകളെ കണ്ടില്ല. ചതുപ്പു നിലങ്ങൾക്കു മേൽ പറന്നിറങ്ങുന്ന വിമാനങ്ങളെയും അംബര ചുംബികളായ ഫ്ളാറ്റുകളെയും കണ്ടില്ല. ഗതിമുട്ടിയ വെള്ളം രണ്ടാം നിലയിലും മൂന്നാം നിലയിലേക്കും കയറുമ്പോഴും നമ്മുടെ കണ്ണ് ആ മലമുകളിൽ തന്നെ.
എന്തായാലും മരടിലെ 350 കുടുംബങ്ങളുടെ മനുഷ്യാവകാശത്തെപ്പറ്റി ബോധോദയമുണ്ടായത് നന്നാണ്. മലമുകളിൽ നിന്ന് ലക്ഷക്കണക്കിനു പേർ കുടിയൊഴിഞ്ഞു പോകേണ്ട സാഹചര്യം വന്നാൽ അഭയാർത്ഥികൾ പോലുമായി കയറി ചെല്ലാനിടമില്ലാത്ത, നിറം കുറഞ്ഞ, ഭാണ്ഡം മാത്രം കൈമുതലായുള്ള മനുഷ്യരിൽ നിന്നു മാറി, നഷ്ടപ്പെടുവാൻ ഫർണിച്ചറും ലക്ഷങ്ങളുടെ കണക്കുമുള്ളവരിലേക്ക് ചർച്ചയും ക്യാമറയും എത്തുന്നത് നല്ലത് തന്നെ. 350 വീട് ചെറിയ നമ്പരല്ല. മടിയിൽ കനമുള്ളവരാകുമ്പോൾ പ്രത്യേകിച്ചും.
കുന്നിടിക്കുന്നതും വയൽ നികത്തുന്നതും, യുവജനോത്സവത്തിലെ പ്രസംഗ വിഷയങ്ങളിൽ നിന്നും മാറ്റരുതേ. ഇത്രയേറെ വൈകാരികമായി പറയാൻ പറ്റിയ വിഷയം വേറെയില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ബാക്കിയുള്ളതിനു നേരെയൊക്കെ പണ്ടേ കണ്ണടച്ച് ശീലിച്ചവർ തുടർന്നും കണ്ണടച്ചോളും. കൊടി നിറം ഏതായാലും.