മഡഗാസ്‌കർ: ‘സമാധാനത്തിന്റെയും പ്രത്യാശയുടെയും വിതക്കാരൻ’ എന്ന തന്റെ സന്ദർശന പ്രമേയമാണ് ഒരു ബിഷപ്പിന്റെ ദൗത്യമെന്ന് ഫ്രാൻസിസ് പാപ്പ. പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി കത്തോലിക്കാ സഭ പൊതുജീവിതത്തിൽ പങ്കാളികളാകണം. സമൂഹത്തിലെ കാര്യങ്ങളിൽ ബിഷപ്പുമാർ തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ ഭയപ്പെടേണ്ടതില്ലെന്നും പാപ്പ മഡഗാസ്‌കറിലെ മെത്രാന്മാരോട് പറഞ്ഞു. അന്റാനനാരിവോയിലെ അൻഡോഹാലോ കത്തീഡ്രലിൽ എത്തിയ ബിഷപ്പുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
വിതക്കാരനെപ്പോലെ ഈ ഭൂമിയിൽ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾ പ്രചരിപ്പിക്കാനാണ് ബിഷപ്പുമാരെയും വിളിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നതിന്, വിട്ടുവീഴ്ച ചെയ്യുകയോ തടസ്സപ്പെടുത്തുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്യുന്ന കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവും നിങ്ങൾക്കുണ്ടാകണം. ഇത്തരത്തിൽ പൊതുനന്മയ്ക്കായി സമൂഹവുമായി എങ്ങനെ മികച്ച രീതിയിൽ സഹകരിക്കാമെന്ന് മനസിലാക്കാൻ പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കണമെന്നും പാപ്പ നിർദ്ദേശിച്ചു.
സാമൂഹികവും ദേശീയപരവുമായ ജീവിതത്തെ സ്വാധീനിക്കാതെ, സമൂഹത്തെ ബാധിക്കുന്ന സംഭവങ്ങളുമായി ബന്ധിപ്പിക്കാതെ, പൊതുകാര്യങ്ങളിൽ അഭിപ്രായം പറയാതെ മതത്തെ വ്യക്തിപരമായ ജീവിതത്തിലേയ്ക്ക് മാത്രം തരം താഴ്ത്തുകയല്ല വേണ്ടത്. മറിച്ച് സമൂഹത്തിന്റെ നാനാവിഷയങ്ങളിൽ ഇടപെടുകയും പരിഹാരങ്ങൾ കണ്ടെത്തുകയും വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയുമാണ് മതവിശ്വാസങ്ങൾ ചെയ്യേണ്ടത്. അതിന് ചുക്കാൻ പിടിക്കേണ്ടവരാണ് നിങ്ങൾ ഓരോരുത്തരും, പാപ്പ ഉദ്‌ബോധിപ്പിച്ചു.
കടപ്പാട് – സണ്‍ഡേ ശാലോം