ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അഭയം നല്‍കണമെന്ന് പാകിസ്ഥാനിലെ മുന്‍ എം.എല്‍.എ ബാല്‍ദേവ് കുമാര്‍ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക്-ഐ-ഇസാഫ് പാര്‍ട്ടിയിലെ എം.എല്‍.എയായിരുന്ന ബാല്‍ദേവ് കുമാറാണ് ഇന്ത്യയില്‍ അഭയം തേടിയത്.മൂന്ന് മാസത്തെ വിസയില്‍ ഇപ്പോള്‍ ഇന്ത്യയിലാണ് ബാല്‍ദേവ് കുമാര്‍. അദ്ദേഹം ഇന്ത്യയിലെത്തുന്നതിന് മുമ്ബ് ഭാര്യയേയും മക്കളെയും ഇന്ത്യയിലേക്ക് അയച്ചിരുന്നു. കുടുംബത്തെ പാകിസ്താനില്‍നിന്ന് മാറ്റിയത് മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീഷണയുടെ പാശ്ചാത്തലത്തിലാണെന്നും ഇനി തനിക്കും കുടുംബത്തിനും പാകിസ്താനിലേക്ക് പോകേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾ മാത്രമല്ല, മുസ്ലീംങ്ങൾ പോലും ഇവിടെ (പാക്കിസ്ഥാനിൽ) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങൾ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നൽകാൻ ഞാൻ ഇന്ത്യാ ഗവൺമെന്‍റിനോട് അപേക്ഷിക്കുകയാണ്.ഞാനൊരിക്കലും തിരിച്ച് പോകില്ലെന്നും ബാൽദേവ് കുമാർ പറഞ്ഞു.പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്നും പുതിയ പാകിസ്ഥാന്‍ നിര്‍മിക്കുമെന്ന ഇമ്രാന്‍ ഖാന്റെ വാഗ്ദാനം വെറും പാഴ്‌വാക്കായിരിക്കുകയാണെന്നും ബാല്‍ദേവ് കുറ്റപ്പെടുത്തി.