ബെയ്ജിംഗ്: ചൈനീസ് ഇന്റർനെറ്റ് റീട്ടെയ്ൽ ഭീമൻ ആലിബാബയുടെഅമരക്കാരന് ജാക്ക് മാ പടിയിറങ്ങുന്നു .54-ാം പിറന്നാൾ ആഘോഷവേളയിലാണു മാ തന്റെ ചെയർമാൻ സ്ഥാനത്തുനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. പടിയിറങ്ങുമെങ്കിലും 2020-ലെ ഓഹരിയുടമകളുടെ യോഗം വരെ മാ ഡയറക്ടർ ബോർഡ് അംഗമായി തുടരും. ഡാനിയേൽ ഷാംഗാണു മായുടെ പിൻഗാമി.3,900 കോടി ഡോളറിന്റെ ആസ്തി, ചൈനയിലെ സന്പന്നരിൽ ഒന്നാമൻ, ലോകസന്പന്നരിൽ ഇരുപതാമൻ എന്നിങ്ങനെയുള്ള നേട്ടങ്ങളിൽ നിൽക്കുന്പോഴാണു മാ കന്പനിയിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. കന്പനിയുടെ ഒൗദ്യോഗിക പദവികളിൽനിന്നൊഴിഞ്ഞു വിദ്യാഭ്യാസരംഗത്തെ സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാനാണു താൻ ആഗ്രഹിക്കുന്നതെന്നു മാ പറഞ്ഞിട്ടുണ്ട്. ഒരു ഇംഗ്ലീഷ് അധ്യാപകനായി തന്റെ ഒൗദ്യോഗിക ജീവിതം ആരംഭിച്ച മാ പിന്നീട് ലോകമറിയുന്ന കോർപറേറ്റ് വ്യവസായിയായി പതിയെ മാറുകയായിരുന്നു. 1999-ൽ മായുടെ അപ്പാർട്ട്മെന്റിലായിരുന്നു ആലിബാബ എന്ന സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് റീട്ടെയ്ൽ, ഇന്റർനെറ്റ്, ടെക്, ക്ലൗഡ് കന്പ്യൂട്ടിംഗ് എന്നുതുടങ്ങി വിവിധ മേഖലകളിലേക്കു കന്പനിയുടെ പ്രവർത്തനം വ്യാപിച്ചു. ഇന്റർനെറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തിയതാണു മായെ ലോകത്തെ ഏറ്റവും വലിയ സന്പന്നരിൽ ഒരാളാക്കിയത്. ഇന്ന് ഒരു ലക്ഷത്തിലേറെ പേർ ആലിബാബയിൽ ജോലി ചെയ്യുന്നു. 10 കോടി ആളുകൾ ഇന്ന് ആലിബാബയുടെ വെബ്സൈറ്റിൽനിന്നു പ്രതിദിനം ഉത്പന്നങ്ങൾ വാങ്ങുന്നു.2013-ൽ മാ ആലിബാബയുടെ സിഇഒ പദവി ഒഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിലേക്കു മാറിയിരുന്നു. കഴിഞ്ഞ വർഷം ആ പദവികൂടി ഒഴിഞ്ഞെങ്കിലും ഡറയക്ടർ ബോർഡ് അംഗമായും കന്പനി ഉപദേശകനായും തുടരും. ആലിബാബ എന്ന സ്ഥാപനം തുടങ്ങുന്നതിനു മുന്പ് സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ തനിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നു മാ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധയൂന്നാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
ആലിബാബയുടെ അമരക്കാരന് ജാക്ക് മാ പടിയിറങ്ങുന്നു: ഡാനിയേൽ ഷാംഗ് പുതിയ പിന്ഗാമി…
