തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ പത്തു മുതൽ 20 വരെ മടങ്ങ് പിഴ ഈടാക്കുന്നതു സംസ്ഥാനത്ത് ഒഴിവാക്കാൻ ആവശ്യമായ നിയമ- സാങ്കേതിക നടപടികളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ ഗതാഗത- നിയമ സെക്രട്ടറിമാരെ സർക്കാർ ചുമതലപ്പെടുത്തി. പാർലമെന്റ് പാസാക്കിയ നിയമത്തിലെ മാറ്റം സംസ്ഥാനത്ത് ഏതു തരത്തിൽ നടപ്പാക്കാമെന്നു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണു സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാനത്തിനു നിയമപരമായി ചോദ്യംചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറൽ അടക്കമുള്ള നിയമ വിദഗ്ധരുമായി ചർച്ച നടത്താനും നിർദേശിച്ചിട്ടുണ്ട്. നിവേദനം നൽകും ഉയർന്ന പിഴ ഈടാക്കുന്നതിനെതിരേ സംയുക്തസംഘം കേന്ദ്ര ഗതാഗത മന്ത്രി അടക്കമുള്ളവരെ കണ്ടു നിവേദനം നൽകുന്നതും പരിഗണനയിലുണ്ട്. നിയമ ഭേദഗതിക്കെതിരേ ചില സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. ഇതിലെ നിയമവശവും പരിശോധിക്കും. ഓണാവധിക്കു ശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും.ഇതുമായി ബന്ധപ്പെട്ട ജോയിന്റ് പാർലമെന്റ് സമിതി (ജെപിസി)യുടെ സിറ്റിംഗിൽ കേരളത്തിന്റെ എതിർപ്പ് അറിയിച്ചിരുന്നതാണ്. സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ചു ചട്ടം നിർമിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. റോഡ് സുരക്ഷയ്ക്കാണു സർക്കാർ മുൻഗണന നൽകുന്നത്. ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഒറ്റയടിക്കു കുത്തനേ ഉയർത്താതെ ഘട്ടം ഘട്ടമായി ഉയർത്തണമെന്നാണു സംസ്ഥാനത്തിന്റെ നിർദേശമെന്നും ശശീന്ദ്രൻ പറഞ്ഞു.
മോട്ടോർ വാഹന നിയമ ഭേദഗതി: പുനഃപരിശോധിക്കാനുള്ള സാധ്യത തേടി കേരളം.
