ബംഗളൂരു: സീറോ മലബാർ സഭയിൽ പ്രവാസികളുടെ എണ്ണത്തിൽ ഒന്നാമതുള്ള കര്‍ണാടകയിലെ മണ്ഡ്യ രൂപതയ്ക്കു മൂന്നാമത്തെ മെത്രാൻ നിയോഗമേറ്റപ്പോൾ വളർച്ചയുടെ വഴികളിൽ കുറിക്കപ്പെടുന്നതു പുത്തൻ അധ്യായം. ആത്മീയമായും ഭൗതികമായും പുതിയ വ്യാപ്തികള്‍ സ്വന്തമാക്കിയ മണ്ഡ്യയുടെ ആകാശത്ത് അലതല്ലുന്നത് അനുഗ്രഹത്തിന്റെ ആഹ്ലാദം.
ഇപ്പോഴത്തെ തലശേരി മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞെരളക്കാട്ടാണു മണ്ഡ്യയുടെ പ്രഥമ മെത്രാൻ. കര്‍ണാടകയിലെ മണ്ഡ്യ, ഹസന്, മൈസൂര്‍, ചാമരാജനഗര എന്നീ ജില്ലകളില്‍ മാത്രമായിരുന്ന മണ്ഡ്യ രൂപതയുടെ അധികാരപരിധി പിന്നീട് ബംഗളൂരുവിനു ചുറ്റുമുള്ള ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, ചിക്ബല്ലപുര്, കോളാര്‍, റാമനഗര, തുംകൂര്‍ എന്നീ ആറു ജില്ലകള്‍കൂടി ഉൾപ്പെടുത്തി വിപുലമാക്കി. 725 കുടുംബങ്ങളും അഞ്ച് ഇടവകകളുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ പത്തു ജില്ലകളിലായി ഒരു ലക്ഷത്തോളം വിശ്വാസികളുണ്ട്. 14 രൂപത വൈദികരും 75 സന്യാസ വൈദികരും 500ലധികം സമർപ്പിത സന്യാസിനികളും ഇവിടെ സേവനം ചെയ്യുന്നു.
മാർ കരിയിൽ ചുമതലയേറ്റശേഷം പുതിയ 11 ഇടവകകളും ഒമ്പതു പുതിയ പള്ളികളും ദിവ്യബലിക്കായി ഒമ്പതു കേന്ദ്രങ്ങളും സ്ഥാപിച്ചു. മൈനർ സെമിനാരിയും മൂന്നു സ്കൂളുകളും തുടങ്ങാനായതു വളർച്ചയുടെ പാതയിൽ ഇക്കാലഘട്ടത്തിൽ ശ്രദ്ധേയമായി.