റവ. ഡോ. ജോസഫ് കൊല്ലാറ

1736 സെപ്റ്റംബർ 10-ന് കോട്ടയം ജില്ലയിലെ കടനാടു ഗ്രാമത്തിൽ പാറേമ്മാക്കൽ ഇട്ടി ചാണ്ടി – അന്ന ദമ്പതികളുടെ മകനായി തോമ്മാ കത്തനാർ ജനിച്ചു. മീനിച്ചിൽ ശങ്കരൻ കർത്താവിൽ നിന്നും 3 വർഷം സംസ്‌കൃതവും കടനാട് ഐപ്പു കത്തനാരിൽ നിന്ന് 3 വർഷം സുറിയാനിയും പഠിച്ചു. പിന്നീട് ആലങ്ങാട് സെമിനാരിയിൽ ലത്തീനും പോർട്ടുഗീസും പഠിച്ച് 1761-ൽ ആർച്ച് ബിഷപ്പ് സൽവദോർ എസ്. ജെ. യിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1768 വരെ അന്യ ഇടവകകളിലും തുടർന്ന് സ്വന്തം ഇടവകയായ കടനാട് പള്ളിയിലും വികാരിയായി സേവനം അനുഷ്ഠിച്ചു. തദവസരത്തിലാണ് കരിയാറ്റി മല്പാനുമൊത്ത് അദ്ദേഹം റോമാ യാത്ര ആരംഭിച്ചത്. കൂനൻ കുരിശ് സത്യത്തെ തുടർന്ന് വേർപെട്ടുപോയ മാർ തോമ്മാ ആറാമനെയും അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായിരുന്ന ഏകദേശം എൺപതിനായിരം വിശ്വാസികളെയും മാതൃസഭയിലേയ്ക്ക് ആനയിക്കുക, മാർത്തോമ്മാ നസ്രാണികളുടെ ആത്മാഭിമാനവും തനിമയും കാത്തുസൂക്ഷിക്കുന്നതിന് പ്രതിബന്ധമായ നിൽക്കുന്ന സാഹചര്യങ്ങൾ നിവാരണം ചെയ്യുക, കൊടുങ്ങല്ലൂർ അതിരൂപതയ്ക്ക് ഒരു മെത്രാപ്പോലീത്തയെ നിയമിക്കുന്നതിനുള്ള ക്രമീകരണം നടത്തുക എന്നിവയായിരുന്നു റോമാ യാത്രയുടെ ലക്ഷ്യങ്ങൾ. റോമായാത്രയിൽ കരിയാറ്റി മല്പാനും തോമാക്കത്തനാരും സഹിച്ച ക്ലേശങ്ങൾ നമുക്കിന്ന് ഊഹിക്കാൻ സാധ്യമല്ല. കാൽനടയായിട്ടായിരുന്നു അവർ മദ്രാസ് വരെ എത്തിയത്. കടലാസ് നോട്ടുകൾ ഇല്ലാതിരുന്ന അക്കാലത്ത് വഴിച്ചെലവിന് ആവശ്യമായ തുക ചെമ്പ്, വെള്ളി നാണയങ്ങളിലായി ചുമന്നുകൊണ്ട് പോകേണ്ടിയിരുന്നു. കാറ്റിന്റെ ഗതിയോക്കൊത്ത് ചാഞ്ചാടുന്ന പായ്ക്കപ്പലുകളിലാണ് അവർ യാത്രചെയ്തത്. രോഗങ്ങളും അപകടങ്ങളും മൂലം കപ്പൽയാത്ര അന്ന് അപായകരമായിരുന്നു. സൂയസ് കനാൽ തുറന്നിട്ടില്ലാത്ത കാലമായതിനാൽ ആഫ്രിക്കയുടെ തെക്കേ അറ്റം ചേർന്ന് ഗുഡ്‌ഹോപ്പ് മുനമ്പ് ചുറ്റിയാണ് യാത്ര തുടർന്നത്. എട്ടുവർഷം നീണ്ടുനിന്ന യാത്രയായിരുന്നു അത്. ഈ യാത്രയ്ക്കുള്ള പണം സ്വരൂപിക്കാൻ ഓരോ ഇടവകയും അനേകം വ്യക്തികളും വളരെ ഞെരുക്കം സഹിക്കേണ്ടി വന്നു. ചില പള്ളികളിലെ പൊന്നുംകുരിശു പോലും വിറ്റും വസ്തുവകകൾ പണയം വച്ചുമാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്.

ഇത്രയധികം ക്ലേശം സഹിച്ച് തങ്ങളെ അയച്ച സ്വജനങ്ങളുമായി തങ്ങൾക്ക് ഈ യാത്രയിലുണ്ടായ വേദനകളും നേരിടേണ്ടിവന്ന എതിർപ്പുകളും അപമാനങ്ങളും അവയ്ക്കതിരെ കൈവരിച്ച നേട്ടങ്ങളുമെല്ലാം പങ്കുവയ്ക്കണമെന്ന് പാറേമ്മാക്കൽ കത്തനാർ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി അന്നുവരെ മലയാളഭാഷയ്ക്ക് അന്യമായിരുന്ന ഗദ്യസാഹിത്യ ശൈലിയിൽ പാറേമ്മാക്കൽ രൂപം കൊടുത്ത യാത്രാവിവരണ ഗ്രന്ഥമാണ് വർത്തമാന പുസ്തകം. ഒരു ദൃശ്യാവിഷ്‌ക്കരണം എന്നപോലെ ഇന്നും അസ്വാദ്യകരമായ ഒരു യാത്രാചരിത്രമാണ് അത്. വർത്തമാനം പറയുന്നതുപോലെയാണ് പാറേമ്മാക്കൽ കത്തനാർ ഈ യാത്രാവിവരണത്തിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. മലയാളത്തിലെന്നല്ല ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമുണ്ടായ യാത്രാവിവരണമാണ് വർത്തമാന പുസ്തകം. ആധുനിക സഞ്ചാര സാഹിത്യകാരന്മാരേപ്പോലും ലജ്ജിപ്പിക്കുന്ന പ്രതിപാദന ഭംഗിയാണ് ഈ ഗ്രന്ഥത്തിനുള്ളത്. അച്ചടിക്കപ്പെട്ട ഒന്നാം ഭാഗം തന്നെ അറുനൂറോളം പേജുകളുണ്ട്. രണ്ടാം ഭാഗം കണ്ടുകിട്ടിയിട്ടില്ല. ഒന്നാം ഭാഗത്തിൽ കുറെ ഭാഗങ്ങളും രണ്ടാം ഭാഗം മുഴുവനും ആരോ മനഃപൂർവ്വം നശിപ്പിച്ചുകളഞ്ഞു എന്നുള്ള കിംവദന്തി പണ്ടുതൊട്ടേ പരന്നിട്ടുണ്ട്. പ്ലാത്തോട്ടത്തിൽ സ്‌കറിയ മത്തായി എന്ന സഭാസ്‌നേഹിയുടെ ചെലവിൽ അതിരമ്പുഴ പ്രസ്സിൽ നിന്ന് 1936-ൽ വർത്തമാന പുസ്തകം പ്രസിദ്ധപ്പെടുത്തി.

പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി, സാഹിത്യചരിത്രം മുന്നാം ഭാഗത്ത് മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ പ്രസ്താവിക്കുന്നു:
”തോമ്മാ കത്തനാരുടെ പ്രസ്തുത കൃതി ഏതു നിലയ്ക്കു നോക്കിയാലും കൈരളിയ്ക്ക് ഒരു കനകാഭരണമാണെന്ന് പറയേണ്ടതാണ്. ഗ്രന്ഥകാരന്റെ നിരീക്ഷണപാടവം, ത്യാജഗ്രാഹ്യ വിവേചനാ സാമർത്ഥ്യം, വിവരണ വൈദഗ്ദ്ധ്യം മതലായ സിദ്ധികൾക്ക് എവിടെയും ഉദാഹരണങ്ങൾ കാണാം. സംസ്‌കൃതപ്രധാനമായ ഒരു ശൈലിയല്ല അദ്ദേഹത്തിനുള്ളത്, പ്രത്യുത അന്നത്തെ സർക്കാർ എഴുത്തുകുത്തുകളിലും മറ്റും പ്രചുരപ്രചാരമായിരുന്ന ഒരുതരം ഭാഷാരീതിയാണ്. യാത്രാവിവരണത്തിന് ഏറ്റവും യോജിച്ച രീതിയാണത് എന്നുള്ളതിന് സംശയമില്ല. ക്രിസ്ത്യാനികളുടെ ആവശ്യത്തെ പ്രായേണ മുൻനിർത്തി രചിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ അവരുടെയിടയിൽ മാത്രം നടപ്പുള്ള വാക്കുകൾ അങ്ങിങ്ങു കാണാമെങ്കിലും അവയ്ക്കും സനിവേശവിശേഷം കൊണ്ട് ഒരുവക സൗരഭ്യമാണ് ലഭിച്ചിരിക്കുന്നത്. ആകെക്കൂടി ഭാഷയിലെ ആകർഷകമായ ഒരു ഗദ്യഗ്രന്ഥം എന്നതിനു പുറമേ അക്കാലത്തെ ദേശചരിത്രം, സമുദായചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി അന്യത്ര അസുലഭമായ വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം എന്ന നിലയിലും വർത്തമാന പുസ്തകം നമ്മുടെ സമഗ്രമായ ശ്ലാഘയെ അർഹിക്കുന്നു.”