അസാധാരണ മിഷൻ മാസം – ഒക്ടോബർ 2019
06-September,2019
ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ എഴുതിയ മാക്‌സിമും ഇല്ലൂദ് (Maximum illud) എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ ശതാബ്ദിയോടനുബന്ധിച്ച്, സാർവത്രിക സഭയിൽ പ്രേഷിത ചൈതന്യം പ്രോജ്ജ്വലമാക്കുന്നതിനായി 2019 ഒക്ടോബർ അസാധാരണ മിഷൻ മാസമായി ആചരിക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. ഇത് സീറോ മലബാർ സഭയിലും സമുചിതമായി ആചരിക്കുന്നതിനായി 2019 ആഗസ്റ്റ് മാസം സഭയുടെ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ വച്ച് നടന്ന മെത്രാന്മാരുടെ സിനഡ് തീരുമാനിക്കുകയും, അതിന് മാർഗ്ഗനിർദേശങ്ങൾ നല്കാൻ സുവിശേഷവൽക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കമ്മീഷനും സീറോ മലബാർ മിഷനും സംയുക്തമായി നടത്തിയ ആലോചനകളുടെ വെളിച്ചത്തിൽ താഴെപ്പറയുന്ന കർമ്മപരിപാടികൾ രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും അല്മായരുടെയും പരിഗണനയ്‌ക്കായി നല്കുന്നു.
1. ഒക്ടോബർ മാസം മുഴുവൻ എല്ലാ കുടുംബങ്ങളിലും സമർപ്പിത സമൂഹങ്ങളിലും ഇടവകകളിലും മാർപ്പാപ്പ നിർദ്ദേശിച്ചിരിക്കുന്ന പ്രാർത്ഥന ചൊല്ലുക. ഈ പ്രാർത്ഥനയുടെ മലയാള പരിഭാഷ കമ്മീഷന്‍റെ വെബ്സൈറ്റിലും രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും വെബ്സൈറ്റുകളിലും ലഭ്യമാക്കുന്നതാണ്. ചെറുപുഷ്പ മിഷൻ ലീഗിന്‍റെ സഹായം ഇതിന് ലഭ്യമാണ്.
2. ഒക്ടോബർ മാസത്തിലെ എല്ലാ ദിവസങ്ങളിലും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഫിയാത്ത് മിഷന്‍റെ സഹകരണത്തോടെ ലഭ്യമാക്കുന്നതാണ്.
3. ജനതകളുടെ സുവിശേഷവൽക്കരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം നിർദ്ദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥ വായനകൾ അടിസ്ഥാനമാക്കി ഒക്ടോബർ മാസത്തിലെ എല്ലാ ദിവസങ്ങളിലും വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS) ലൈഫ്ഡേ (lifeday.in) എന്ന ഓൺലൈൻ മാധ്യമത്തിന്‍റെ സഹായത്തോടെ ലഭ്യമാക്കുന്നതാണ്.
4. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ, ദൈവാലയങ്ങളിലെ ഒരു ദിവസത്തെ പരിശുദ്ധ കുർബാനയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമർപ്പിക്കുക.
5. രൂപതകളും സമർപ്പിത സമൂഹങ്ങളും അല്മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളിൽ മിഷനെക്കുറിച്ചുള്ള അവബോധം നൽകുന്ന ഒരു മിഷൻ ധ്യാനമെങ്കിലും സംഘടിപ്പിക്കുക. ഫിയാത്ത് മിഷന്‍റെയും ക്രിസ്റ്റീൻ ടീമിന്‍റെയും സഹകരണവും സഹായവും ഇക്കാര്യത്തിന് ലഭ്യമാണ്. ഇതിന് സാധിക്കുന്നില്ലെങ്കിൽ, സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളിൽ ഒരു പ്രഭാഷണം എങ്കിലും മിഷനെക്കുറിച്ചുള്ളതാക്കുക.
6. മിഷൻ ഞായർ കൂടുതൽ തീക്ഷ്ണതയോടെ ആഘോഷിക്കുക. ആ ദിവസമോ, അല്ലെങ്കിൽ ഒക്ടോബർ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ, ഒരു മിഷനറി വൈദികന്‍റെ അനുഭവം ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമൊരുക്കുക.
7. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയോ, ജപമാല സമാപനത്തോട് അനുബന്ധിച്ചോ ഒരു മിഷൻ റാലി സംഘടിപ്പിക്കുക.
8. എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏതെങ്കിലും ഒരു ദിവസം മിഷൻ എക്സിബിഷൻ സംഘടിപ്പിക്കുക. അതിനുവേണ്ടിയുള്ള സഹായവും പോസ്റ്ററുകളും രൂപതാ കേന്ദ്രങ്ങളിലും സമർപ്പിത സമൂഹങ്ങളുടെ കേന്ദ്രഭവനങ്ങളിലും വെബ്‌സൈറ്റുകളിലും ഫിയാത്ത് മിഷന്‍റെസഹകരണത്തോടെ ലഭ്യമാക്കുന്നതാണ്.
9. ഒക്ടോബർ മാസത്തെയോ നവംബർ മാസത്തെയോ കുടുംബകൂട്ടായ്മകളിലെ വിചിന്തന വിഷയം മിഷനെക്കുറിച്ചുള്ളതാക്കുക. ഇതിന് സഹായകരമായ ലഘുലേഖ സീറോ മലബാർ സഭയുടെ പ്രേഷിത മുന്നണിയായ MST സമൂഹത്തിന്‍റെസഹായത്തോടെ ലഭ്യമാക്കുന്നതാണ്
10. ഇടവകതലത്തിലും രൂപതാതലത്തിലും സമർപ്പിത സമൂഹതലത്തിലും മിഷൻ കോൺഫറൻസുകൾ സംഘടിപ്പിക്കുക. സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെൻറ് തോമസിൽ വച്ച് എല്ലാ രൂപതകളിൽ നിന്നും സമർപ്പിത സമൂഹങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾക്കായി നവംബർ മാസത്തിൽ ഒരു മിഷൻ കോൺഫറൻസ് സംഘടിപ്പിക്കുന്നതാണ്.
പ്രേഷിതപ്രവർത്തനം സഭയുടെ മൗലികമായ സ്വഭാവവും അവകാശവുമാകയാൽ ക്രൈസ്തവ വിശ്വാസികളായ നമുക്കെല്ലാവർക്കും സുവിശേഷം ലോകത്തിന്‍റെ അതിർത്തികൾവരെ എത്തിക്കുന്നതിനായി പ്രവർത്തിക്കാൻ അവകാശവും കടമയുമുണ്ട് എന്ന അവബോധത്തോടെ ഈ അസാധാരണ മിഷൻ മാസാചരണം ഫലപ്രദമാക്കാൻ നമുക്കൊന്നുചേർന്ന് പരിശുദ്ധ പിതാവിനോടൊപ്പം യത്നിക്കാം. മിഷൻ ചൈതന്യം സഭയിൽ ഉജ്ജ്വലിക്കാനും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും വേണ്ടി നമുക്കൊന്നുചേർന്ന് പ്രാർത്ഥിക്കാം.
മിശിഹായിൽ സ്നേഹപൂർവ്വം,
മാർ റാഫേൽ തട്ടിൽ (ചെയർമാൻ) ഫാ. സെബാസ്റ്റൃൻ മുട്ടംതൊട്ടിൽ MCBS
മാർ സെബാസ്റ്റൃൻ വടക്കേൽ MST (മെംബർ) (സെക്രട്ടറി)
മാർ ജോസഫ് പണ്ടാര ശ്ശേരിൽ (മെംബർ) സി. റോസ്മിൻ MSJ (ഓഫീസ് സെക്രട്ടറി)