വാർത്തകൾ
🗞🏵 *ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്‌ആര്‍ഒയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.* എല്ലാ തടസങ്ങളും ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
🗞🏵 *റെക്കോർഡ് ആളുകൾക്ക് യാത്രയ്ക്ക് അവസരം ഒരുക്കി കൊച്ചി മെട്രോ വാർത്തയിൽ നിറയുന്നു.* വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചത് 81,000 യാത്രക്കാരാണ്. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 ആളുകൾ. നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് മെട്രോയ്ക്ക് ഗുണമായത്.
🗞🏵 *ചാന്ദ്രയാന്‍-2 ലക്ഷ്യത്തിനു തൊട്ടടുത്ത് തിരിച്ചടി നേരിട്ടതില്‍ രാജ്യം ഐ.എസ്.ആര്‍.ഒയിലെ ഓരോ ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പവും ഉണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.* ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച മോദി വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ ചേര്‍ത്തുപിടിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു.
🗞🏵 *പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചതിന് ഒന്നര വർഷത്തിനു ശേഷം മറ്റൊരു മകന്‍ ആ അമ്മയെ ഏറ്റെടുത്തു.* തഴക്കര ഇറവങ്കര പണയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മയെയാണ് (93) മക്കളിൽ ഒരാൾ ഉപേക്ഷിച്ചത്. വിദേശത്തു ജോലിയുള്ള മകനാണ് കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തുള്ള അഗതി മന്ദിരത്തിൽ മറ്റു ബന്ധുക്കൾ അറിയാതെ ഭാർഗവിയമ്മയെ പ്രവേശിപ്പിച്ചത്.
🗞🏵 *പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്‍റെ അമ്മയ്ക്ക് സിബിഐയുടെ നോട്ടീസ്.* നോട്ടീസിൽ ശ്രീജിവിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് സി ബി ഐ വ്യക്തമാക്കുന്നത്. കസ്റ്റഡി മരണത്തിന് ശാസ്ത്രീയമായ ഒരു തെളിവും കിട്ടിയിട്ടില്ലെന്നും സി ബി ഐ പറഞ്ഞു.
🗞🏵 *എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികൾ പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരൻ.* ജില്ലാ പോലീസ് മേധാവിയും കളക്ടറുമാണ് ഗതാഗത സംവിധാനം നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കുണ്ടന്നൂരിൽ തകർന്ന റോഡുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
🗞🏵 *പി.ജെ ജോസഫിനെ അപമാനിച്ചതിനാൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽനിന്നും വിട്ടുനിൽക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.* പാലായിൽ ജോസ് പക്ഷത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ല. ജോസ് ടോമിനായി ഒറ്റയ്ക്കു പ്രചാരണം നടത്തുമെന്നും ജോസഫ് വിഭാഗം ജില്ലാ ഘടകം തീരുമാനമെടുത്തു.
🗞🏵 *ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ശാസ്ത്രമന്ത്രി ഫവാദ് ചൗധരി ഇന്ത്യയെ പരിഹസിച്ചു.* ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം പുറത്തുവന്നത്.
🗞🏵 *മിൽമയുടെ എല്ലായിനം പാലിനും ലിറ്ററിന് നാലു രൂപ കൂട്ടാൻ ധാരണയായി.* മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന മിൽമയുടെയും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു ധാരണ. മിൽമ ബോർഡ് യോഗം ഈ മാസം 16-നു ചേർന്ന് പാൽവില വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും
🗞🏵 *തെരുവുനായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച ഡോക്ടർ കുരുക്കിൽ.* മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞമാസം 21-ന് പൂജപ്പുര ചാടിയറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. വെടിയേറ്റ നായയെ പി.എം.ജി.യിലെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു.
🗞🏵 *പാലാ ഉപതിരഞ്ഞെടുപ്പിൽ സംയുക്തപ്രചാരണത്തിനില്ലെന്ന തീരുമാനത്തില്‍ പി.ജെ.ജോസഫിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അതൃപ്തി അറിയിച്ചു.* തീരുമാനം പിന്‍വലിക്കണമെന്നും പി.ജെ.ജോസഫിനോട് മുല്ലപ്പളളി ആവശ്യപ്പെട്ടു. പാലായിലെത്തിയ മുല്ലപ്പളളി ഫോണില്‍ ജോസഫുമായി സംസാരിച്ചു.
🗞🏵 *എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി ആയി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ സ്ഥാനമേറ്റു.* എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ.
🗞🏵 *വാഹനപരിശോധനയിലും ഓണാഘോഷത്തിൻറെ മധുരം പകർന്ന് മോട്ടോർവാഹനവകുപ്പ്. നിയമം പാലിക്കുന്നവർക്ക് സമ്മാനമായി പായസകിറ്റുകൾ വിതരണം ചെയ്തു.*
🗞🏵 *പ്രളയബാധിത മേഖലകളില്‍ സൗജന്യ റേഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി അനിശ്ചിതത്വത്തില്‍.* റേഷന്‍ കടകളില്‍ നിലവിലുള്ള സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യാനാണ് വ്യാപാരികള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് സൗജന്യമായി റേഷന്‍ കിട്ടുന്നതുവരെ വിതരണം മുടക്കി സമരത്തിനിറങ്ങിയിരിക്കുകയാണ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍.
🗞🏵 *രാഷ്ട്രപതി റാംനാഥ് കോവിന്ദിന്‍റെ വിദേശയാത്രയ്ക്ക് പാക്കിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കുന്നതിന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.* െഎസ്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്. ഒന്‍പത് ദിവസത്തെ പര്യടനം തിങ്കളാഴ്ച്ച തുടങ്ങും.
🗞🏵 *ചന്ദ്രയാന്‍ -2 ദൗത്യം 95% വിജയമെന്ന് ഐഎസ്ആര്‍ഒ.* ഒാര്‍ബിറ്റര്‍ ചന്ദ്രനെ ഏഴുവര്‍ഷം ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടതിലും ആറുവര്‍ഷം കൂടുതലാണിത്. ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതെന്നും ഐഎസ്ആര്‍ഒ അധികൃതർ വിശദീകരിച്ചു.
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം ഏതായാലും ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം.* കെ.എം മാണിയുടെ പിൻഗാമിയായാണ് താൻ മത്സരിക്കുന്നത്. സ്ഥാനാർഥിയും പാർട്ടിയും നോക്കിയാണ് വോട്ടെന്നും ജോസ് ടോം പ്രതികരിച്ചു. കൈതച്ചക്ക ചിഹ്നത്തിലാണ് ജോസ് ടോം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
🗞🏵 *മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചേ മതിയാവൂവെന്നു സുപ്രീംകോടതി വീണ്ടും ആവർത്തിച്ചതോടെ ചങ്കിടിപ്പേറി താമസക്കാർ.* സർക്കാർ തീരുമാനം വരട്ടേയെന്നും അതിനുശേഷം പ്രതികരിക്കാമെന്നുമാണ് ഫ്ലാറ്റ് ഉടമകളുടെ പ്രതികരണം. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകേണ്ടിവരുമോയെന്ന ഭയത്തിലാണു മിക്കവരും. ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ ലോണെടുത്താണ് ഇവരിൽ പലരും ഫ്ലാറ്റുകൾ സ്വന്തമാക്കിയത്.
🗞🏵 *കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം.* പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദമാണ് ഭൂചലന സാധ്യത (ആര്‍.ഐ.എസ്.) കൂട്ടുന്നത്. ഇത്തരത്തിലുള്ള മര്‍ദംമൂലമാണ് 1967-ല്‍ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്നത് സമാന അവസ്ഥയിലേക്കാണ്.
🗞🏵 *വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ ചെറു ബാങ്കുകൾക്ക് (സ്‌മാൾ ഫിനാൻസ് ബാങ്ക്) അനുമതി നൽകാൻ റിസർവ് ബാങ്ക് പദ്ധതി ഇടുന്നു*
🗞🏵 *കര്‍ണ്ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും മലയാളിയുമായ കെ.ജെ.ജോര്‍ജ്ജിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി* . മകളുടെ പേരില്‍ അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച് കര്‍ണാടക രാഷ്ട്രീയ സമിതി
🗞🏵 *ഗതാഗത നിയമലംഘനം നടത്തിയ 51 പൊലീസുകാർക്കെതിരെ നടപടി.* രാജ്യത്താകമാനം പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കിയതോടെ പൊലീസുകാരുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളും മുന്നോട്ടുവരികയുണ്ടായി
🗞🏵 *ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയ നഴ്സുമാര്‍ പിടിയിൽ.* തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഷമീർ, വിബിൻ എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്.
🗞🏵 *ഓണ സമയത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് നാല് സ്‌പെഷല്‍ ട്രെയിനുകള്‍* . സെക്കന്തരാബാദ്-കൊച്ചുവേളി, നിസാമാബാദ്-എറണാകുളം, ബനസ്വാടി-കൊച്ചുവേളി, കൊച്ചുവേളി-കൃഷ്ണരാജപുരം എന്നീ റൂട്ടുകളിലാണ് സ്‌പെഷല്‍ ട്രെയിനുകളുടെ സർവീസ്.
🗞🏵 *വിധി നടപ്പിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ട കണ്ടനാട് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം രൂക്ഷമായി.* ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ഓര്‍ത്തഡോക്സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികള്‍ ബലം പ്രയോഗിച്ച് പള്ളിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് തര്‍ക്കം വീണ്ടും ഉടലെടുത്തത്.
🗞🏵 *തരൂരിനെയും പിജെ ജോസഫിനെയും കോണ്‍ഗ്രസിനെയും കണക്കിന് ട്രോളി മണിയാശാന്‍.* കോണ്‍ഗ്രസ് എമ്മിന്റെ ഇപ്പോഴത്തെ ദുരവസ്ഥ കണ്ട് മാണി സാര്‍ സ്വര്‍ഗത്തിലിരുന്ന് സങ്കടപ്പെടും. അത്രയ്ക്കു ദുരവസ്ഥയാണെന്നും സംസ്ഥാന വൈദ്യുതിമന്ത്രി എംഎം മണി.
🗞🏵 *പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കീഴടങ്ങി.* കേസിലെ രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. തിരുവനന്തപുരം സിജെഎം കോടതിക്കുമുന്നിലാണ് പ്രതികൾ കീഴടങ്ങിയത്.
🗞🏵 *തനിക്കെതിരായ രാജ്യദ്രോഹ കേസ് ബാലിശവും രാഷ്ട്രീയ പ്രേരിതവും തന്നെ നിശബ്ദയാക്കാനുള്ള ദയനീയ ശ്രമവുമാണെന്ന് ഷെഹ്ല റാഷിദ്.* മാധ്യമങ്ങളിൽനിന്നാണ് തനിക്കെതിരായി കേസെടുത്ത വിവരം അറിയുന്നതെന്നും അവർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഷെഹ്ലയുടെ പ്രതികരണം.
🗞🏵 *ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് തലയില്ലാത്ത അഴുകിയ ജഡം കരയ്ക്കടിഞ്ഞു.* പുലർച്ചെ 6.30 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തലയ്ക്കു പുറമെ ഒരു കാലിന്റെ പാദവും നഷ്ടപ്പെട്ടിട്ടുണ്ട്.
🗞🏵 *ഗതാഗത കമ്മീഷണർ സ്ഥാനത്തു നിന്നും തെറിച്ച എഡിജിപി സുധേഷ് കുമാറിനെ സർക്കാർ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ചുമതലക്കാരനായി നിയമിച്ചു.* ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്നാണ് സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണർ സ്ഥാനത്തു നിന്നും സർക്കാർ മാറ്റിയത്.
🗞🏵 *മഴ മാറി, ഓണം തെളിയും; മഴ മുന്നറിയിപ്പ് പിന്‍വലിച്ചു*
🗞🏵 *ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.* കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയന് (45) ജീവനൊടുക്കി. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
🗞🏵 *കാഷ്മീരിൽ ഭീതിപരത്തി ഭീകരർ; വെടിവയ്പിൽ പെൺകുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു*
🗞🏵 *പ്രളയ അടിയന്തര ദുരിതാശ്വാസ വിതരണം വേഗത്തിലാക്കി; 47,980 കുടുംബങ്ങൾക്ക് 10,000 രൂപ നൽകി*
🗞🏵 *യുഎൻഎ സാമ്പത്തിക തട്ടിപ്പ്; നാലു പ്രതികളും ദോഹയിലുണ്ടെന്നു സ്ഥിരീകരിച് അന്വേഷണ സംഘം*
🗞🏵 *പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്നു പി.ജെ. ജോസഫ് എംഎൽഎ തൊടുപുഴയിൽ പറഞ്ഞു.* ജോസ് കെ. മാണിയുടെ അറിവോടെയാണു പ്രതിച്ഛായയിൽ ലേഖനം വന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം അപക്വവും വീണ്ടുവിചാരമില്ലാത്തതുമാണ്.
🗞🏵 *എട്ടുനോന്പിന്റെ ഭക്തിചൈതന്യത്തിലും ആത്മീയവിശുദ്ധിയിലും മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന റാസയിൽ പതിനായിരങ്ങൾ പങ്കുചേർന്നു.* കൽക്കുരിശ്, കണിയാംകുന്ന്, മണർകാട് കവല, കരോട്ടെ പള്ളി വഴികളിലൂടെ സ്വർണം, വെള്ളിക്കുരിശുകളും പതിനായിരത്തിലധികം മുത്തുക്കുടകളുമായി പാതകളും പാതയോരങ്ങളും നിറഞ്ഞുകവിഞ്ഞു വിശ്വാസികൾ റാസയിൽ പങ്കുചേർന്നു.
🗞🏵 *ടൈറ്റാനിയം മലിനീകരണ പ്ലാന്റ് നിർമിക്കുന്നതിന് സർക്കാർ ഭരണാനുമതി നല്കി 41 ദിവസത്തിനു ശേഷമാണു താൻ കെപിസിസി പ്രസിഡന്റായി നിയമിതനായതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* അതിനാൽ തനിക്കോ കെപിസിസി നേതൃത്വത്തിനോ കരാറുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
🌶🌶🌶🌶🌶🌶🌶🌶🌶🌶🌶
*ഇന്നത്തെ വചനം*
അവന്‍ ജറീക്കോയെ സമീപി ച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്‌ഷയാചിക്കുന്നുണ്ടായിരുന്നു.
ജനക്കൂട്ടം കടന്നുപോകുന്ന ശബ്‌ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അന്വേഷിച്ചു.
നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു.
അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്‍െറ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!
മുമ്പേപൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്‌ശ ബ്‌ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
യേശു അവിടെ നിന്നു; അവനെ തന്‍െറ അടുത്തേക്കുകൊണ്ടുവരാന്‍ കല്‍പിച്ചു.
അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.
യേശു പറഞ്ഞു: നിനക്കു കാഴ്‌ചയുണ്ടാകട്ടെ. നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു.
തത്‌ക്‌ഷണം അവനു കാഴ്‌ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്‍െറ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്‌തുതിച്ചു.
ലൂക്കാ 18 : 35-43
🌶🌶🌶🌶🌶🌶🌶🌶🌶🌶🌶
*വചന വിചിന്തനം*
ഇരുളില്‍ നിന്ന് മിശിഹായാകുന്ന വെളിച്ചത്തിലേയ്ക്ക്
വിശുദ്ധ കുരിശിന്റെ പുകഴ്ചയെ കേന്ദ്രമാക്കി കര്‍ത്താവിന്റെ രണ്ടാമത്തെ വരവും കുരിശിന്റെ വിജയവും അനുസ്മരിക്കുന്ന ആരാധനാക്രമ വത്സരത്തിലെ പുതിയ ഒരു കാലത്തിലേക്ക്, ഏലിയാ സ്ലീവാ മൂശക്കാലത്തിലേയ്ക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ഏലിയാ സ്ലീവാ മൂശക്കാലം നമ്മില്‍ നിന്നാവശ്യപ്പെടുന്നത് കര്‍ത്താവിന്റെ രണ്ടാമത്തെ വരവും അന്ത്യവിധിയും ധ്യാനവിഷയമാക്കിക്കൊണ്ട് കര്‍ത്താവിന്റെ വലതു വശത്തു നില്‍ക്കാനുള്ളവിധം ജീവിതത്തെ ക്രമപ്പെടുത്താനാണ്.
ഇന്നത്തെ സുവിശേഷം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത് ഒരു അന്ധനായ യാചകനെയാണ്. ലൂക്കാ സുവിശേഷത്തിലെ 14-ാം അത്ഭുതമാണ് ഇത്. യേശുവും ശിഷ്യന്മാരും പെസഹാ തിരുനാള്‍ ആഘോഷിക്കാനായ് ജറുസലേമിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സംഭവം നടക്കുന്നത്. സമാന്തര സുവിശേഷങ്ങളില്‍ മത്തായിയും മര്‍ക്കോസും പട്ടണം വിട്ടു പോകുമ്പോഴാണ് അന്ധനെ കണ്ടുമുട്ടുന്നതെങ്കില്‍, ലൂക്കാ സുവിശേഷത്തില്‍ പട്ടണത്തിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ്. സാധാരണയായി തിരുനാളിന് പോകാന്‍ സാധിക്കാത്തവര്‍ തീര്‍ത്ഥാടകര്‍ക്ക് ആശംസകള്‍ നേരാനായി വഴിയോരത്ത് കാത്തുനില്‍ക്കുക പതിവായിരുന്നു. അങ്ങനെ കൂടിയിരുന്ന ഒരു ആള്‍ക്കൂട്ടത്തിലായിരിക്കും ഇന്നത്തെ സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അന്ധനും ഉണ്ടായിരുന്നത്.
ലൂക്കാ സുവിശേഷകനെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ജറുസലേം യാത്ര, യേശുവിന്റെ മരണത്തിലേയ്ക്കുള്ള യാത്രയാണ്. ഈ യാത്രയിലൂടെയാണ്, തന്റെ മുന്നിലൂടെ കടന്നുപോകുന്നത് യേശുവാണെന്ന് തിരിച്ചറിഞ്ഞ അന്ധന്‍ വിളിച്ചപേക്ഷിക്കുന്നത് – ‘ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ’ എന്ന്. പലരും അവനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് ശാസിക്കുന്നുണ്ടെങ്കിലും അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുകയാണ്. അവന്റെ ദീനമായ രോദനം യേശുവിന്റെ കാതുകളില്‍ പതിക്കുന്നു. അവനെ അടുത്തു വിളിച്ച് താന്‍ എന്താണ് അവന് ചെയ്തു നല്‍കേണ്ടത് എന്ന് ചോദിക്കുന്നു. അന്ധന്‍ അവന് ഏറ്റവും ആവശ്യമായ കാര്യം കാഴ്ച തിരിച്ചു കിട്ടണം എന്ന് അപേക്ഷിക്കുന്നു. ഉടനെ അവന്റെ വിശ്വാസത്തെ പ്രശംസിക്കുകയും കാഴ്ച നല്‍കുകയും ചെയ്യുകയാണ് കര്‍ത്താവ് ഇവിടെ.
ആത്മീയാന്ധത ബാധിക്കുന്ന നമ്മുടെ ഉള്‍ക്കണ്ണുകള്‍ തുറന്നു കിട്ടാന്‍ എന്തു ചെയ്യണം എന്നതിന് അന്ധന്‍ നല്‍കുന്ന മാതൃക വളരെ വിലപ്പെട്ടതാണ്. 5 കാര്യങ്ങളാണ് അന്ധനായ യാചകന്‍ നമ്മുടെ മുന്‍പില്‍ തുറന്നു വയ്ക്കുക. ഒന്നാമതായി അംഗീകരിക്കുക എന്നതാണ്. അന്ധന്റെ ജീവിതത്തില്‍ അവന്റെ കുറവിനെപ്പറ്റി അവന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതിനെ മറച്ചു വയ്ക്കാതെ അംഗീകരിക്കുകയും ഏറ്റുപറയുകയും മാറാന്‍ ആഗ്രഹിക്കുകയും ചെയ്തപ്പോള്‍ അവന്‍ സൗഖ്യം അനുഭവിച്ചു.
2018 മെയ് 30-ാം തീയതിയിലെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു. എറണാകുളം ജില്ലയിലെ പുതിയ സബ് കളക്ടറെപ്പറ്റി. 6-ാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട Pranjal Patel എന്ന പെണ്‍കുട്ടി അതില്‍ തളരാതെ അതിനെ അംഗീകരിച്ച് മുന്നേറിയപ്പോള്‍ എത്തിപ്പിടിക്കാന്‍ സാധിച്ചത് എല്ലാ കഴിവുകളും ഉണ്ടായിട്ടും പലര്‍ക്കും ലഭിക്കാതെ പോയ ഉന്നതമായ ഐ.എ.എസ്. പദവിയാണ്. കുറവുകളെ അംഗീകരിക്കാതിരിക്കുമ്പോള്‍ നിരാശയിലേക്ക് നാം വഴുതിവീഴും. എന്നാല്‍ മറിച്ചാണെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കാത്ത അത്ര ഉയരത്തില്‍ അത് നമ്മെ കൊണ്ടെത്തിക്കും. അന്ധന്‍, അവന്റെ കുറവിനെ അംഗീകരിച്ചപ്പോള്‍ അത് രക്ഷയ്ക്ക് മാര്‍ഗ്ഗമായും സൗഖ്യം നേടുവാനും സാധിച്ചു.
രണ്ടാമതായി അന്വേഷിക്കുക. യോഹന്നാന്റെ സുവിശേഷം 8-ാം അധ്യായം 12-ാം വാക്യം ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.” പാപത്തെയും പാപത്തിന്റെ അന്ധകാരത്തെയും നീക്കി രക്ഷ നല്‍കാനാണ് ഈശോ ലോകത്തിലേയ്ക്ക് വന്നത്. ആ രക്ഷകനെ കണ്ടെത്തുമ്പോഴാണ് നമുക്ക് രക്ഷ കണ്ടെത്താന്‍ സാധിക്കുക. ‘ആരാണ് കടന്നുപോകുന്നതെന്ന്’ അന്ധന്‍ അന്വേഷിക്കുന്നു. ഇതുപോലെ നമ്മുടെ ജീവിത വഴികളില്‍ ഈശോ കടന്നുപോകുന്നുണ്ട്. എന്നാല്‍, നാം അത് അറിയുന്നില്ല. അതിനാല്‍ ഓരോ നിമിഷവും രക്ഷകനെ അന്വേഷിക്കുമ്പോഴാണ് രക്ഷ നമ്മെ തേടിവരുന്നത്. ലൂക്കാ 12:30-31 വചനം പറയുന്നു ”നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍, ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും” എന്നാണ് ഈശോ പറയുന്നത്. വചന വായനയിലൂടെ നാം ദൈവത്തെ അന്വേഷിച്ചാല്‍ മാത്രമേ അവിടുത്തെ കണ്ടെത്താന്‍ കഴിയൂ. ജീവിതത്തില്‍ ദൈവത്തെ അന്വേഷിക്കാന്‍ അന്ധന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു.
മൂന്നാമതായി അപേക്ഷിക്കുക, 41-ാം വാക്യത്തില്‍ നാം വായിച്ചുകേട്ടു. ”കര്‍ത്താവേ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം” എന്ന അന്ധന്റെ അപേക്ഷ. നമ്മുടെ ജീവിതങ്ങളിലും അന്ധത മാറി കാഴ്ച ലഭിക്കണമെങ്കില്‍ അന്ധന്‍ ചെയ്തതുപോലെ ഒരു അപേക്ഷ ദൈവതിരുമുമ്പില്‍ വയ്ക്കണം. മനുഷ്യമനസ്സിന്റെ ഒരു പ്രത്യേകതയാണ് ഒന്നിലും സംതൃപ്തമാവില്ല എന്നുള്ളത്. ഒന്നു കിട്ടുമ്പോള്‍ അടുത്തത്. പിന്നെ വേറൊന്ന് ഇങ്ങനെ നീണ്ടുപോകുന്നു. ജീവിതത്തിലെ അഹങ്കാരം മാറ്റി, എളിമയോടെ ദൈവത്തെ കാണാനുള്ള കാഴ്ച ലഭിക്കുവാനായി നിരന്തരം അപേക്ഷിക്കാന്‍, അന്ധയാചകനിലൂടെ സുവിശേഷം നമ്മോട് പറയുന്നു.
നാലാമതായി, അന്ധകാരത്തിന്റെ ലോകത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക് നയിക്കാനായി യേശുവിന് കഴിയും എന്നത് അന്ധന്റെ ആഴമായ വിശ്വാസമാണ്. ഒരിക്കല്‍പ്പോലും താന്‍ നേരിട്ടു കണ്ടിട്ടില്ലാത്ത യേശുവിന്, തന്റെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന വിശ്വാസമാണ് ”ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ” എന്ന അവന്റെ നിലവിളിയില്‍ ഒളിഞ്ഞിരിക്കുന്നത്. വിശ്വാസത്തോടെയുള്ള അവന്റെ നിലവിളി ജനക്കൂട്ടത്തിന്റെ ശബ്ദാനുഭവങ്ങളെയെല്ലാം അതിലംഘിച്ചു കൊണ്ട് ഈശോയുടെ കാതുകളില്‍ പതിയുന്നു. ചങ്കു പൊട്ടി നിലവിളിക്കുന്ന പ്രാര്‍ത്ഥന ദൈവതിരുമുമ്പില്‍ തള്ളിപ്പോവുകയില്ല. ഇന്നല്ലെങ്കില്‍ നാളെ അവയ്ക്ക് തിരുമുമ്പില്‍ നിന്നും മറുപടി ഉണ്ടാകും. അതുകൊണ്ടാണ് ജനക്കൂട്ടത്തിന്റെ ആരവത്തിനിടയിലും അന്ധന്റെ നിലവിളി കേള്‍ക്കാന്‍ ദൈവപുത്രന് കഴിഞ്ഞത്. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് ദൈവതിരുമുമ്പില്‍ വിലയുണ്ട് എന്ന സത്യം അന്ധയാചകന്റെ സംഭവത്തിലെ വചനം വ്യക്തമാക്കുന്നു.
അവസാനമായി, സൗഖ്യം ലഭിച്ച അന്ധന്‍ പുതിയ വ്യക്തിയായി തീരുന്നു. പഴയ വഴികളും പ്രവര്‍ത്തികളും ഉപേക്ഷിച്ച് കര്‍ത്താവിനെ പിന്തുടരുന്നു. ലൂക്കാ 2:31-ല്‍ ഉണ്ണിയേശുവിനെ കൈകളിലെടുത്തു കൊണ്ട് ശിമയോന്‍ പറഞ്ഞത് ”സകല ജനത്തിനും വേണ്ടി ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ നയനങ്ങള്‍ കണ്ടു കഴിഞ്ഞു എന്നാണ്. ഇതാണ് ഈ അന്ധന്‍ സൗഖ്യമായപ്പോള്‍ ലഭിച്ചത്. അവന് രക്ഷയും കിട്ടി, രക്ഷകനെയും കിട്ടി. നാളിതു വരെ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളെ പ്രതി അവിടുത്തോട് നന്ദിയുള്ളവരായിരിക്കണം. നന്ദിയുടെ ഏറ്റവും വലിയ ആഘോഷമാണ് വിശുദ്ധ കുര്‍ബാന. എന്താണ് ഈ അന്ധന്‍ അവസാനം ചെയ്തത്. 43-ാം വാക്യം പറയുന്നു. ”അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി.” അന്ധന്റെ പിടിവാശിയാണ് അവന് അനുഗ്രഹം സ്വന്തമാക്കാന്‍ സാധിച്ചത്.
നമ്മുടെ നിയോഗങ്ങളും പ്രാര്‍ത്ഥനകളും വിശുദ്ധ ബലിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ഇന്നും ജീവിക്കുന്ന യേശു, അപ്പമായ് നമ്മുടെ മുന്‍പിലേയ്ക്കു കടന്നുവരും. യേശുവിനെ വിളിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവേ, ദാവീദിന്റെ പുത്രാ ഞങ്ങളില്‍ കനിയണമേ. ദൈവ തിരുമുമ്പില്‍ നിലവിളിച്ചപ്പോള്‍ അന്ധനുണ്ടായിരുന്ന മനോഭാവം നമ്മുടെ ഹൃദയങ്ങളിലും ഉണ്ടായിരിക്കട്ടെ. അതിനായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍
ബ്ര. ജോസഫ് കൊല്ലംപറമ്പില്‍
🌶🌶🌶🌶🌶🌶🌶🌶🌶🌶🌶
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*