കൊച്ചി: ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്ന വൈറ്റില-അരൂർ ബൈപ്പാസിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാരകരൻ. ശനിയാഴ്ച രാവിലെ ചേർത്തലയിൽനിന്നും കൊച്ചിയിലെത്തിയ മന്ത്രി ബൈപ്പാസിന്റെ വിവിധയിടങ്ങൾ സന്ദർശിച്ചു.റോഡിന്റെ മോശം അവസ്ഥയും വിവിധ നിർമാണ പ്രവർത്തികൾമൂലവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കുണ്ടന്നൂർ ഉൾപ്പെടെ സന്ദർശിച്ച അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ഉദ്യോഗസ്ഥർക്കൊപ്പം വൈറ്റിലയിലുമെത്തി നിർമാണപ്രവർത്തികൾ ഉൾപ്പെടെ വിലയിരുത്തി. വൈകിട്ടുവരെ കൊച്ചിയിൽ തങ്ങുന്ന മന്ത്രി വിവിധ ഉദ്യോഗസ്ഥരുമായി ചർച്ചകളും നടത്തുമെന്നാണു സൂചന. റോഡിന്റെ അറ്റകുറ്റ പണികൾ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥരിൽനിന്ന് ചോദിച്ചറിയും. രൂക്ഷമായ ഗതാഗതക്കുരുക്കിനെത്തുടർന്നു വൈറ്റില-അരൂർ ബൈപ്പാസ് വെള്ളിയാഴ്ച മണിക്കൂറുകളോളമാണു നിശ്ചലമായത്. കൂടാതെ, കൊച്ചിയിലെ വിവിധ റോഡുകൾ തകർന്നു തരിപ്പണമായ സംഭവത്തിൽ ഹൈക്കോടതിയും ഇടപ്പെട്ടതോടെയാണു മന്ത്രിയുടെ സന്ദർശനമെന്നാണു വിവരം.കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ടനിര ഇടപ്പള്ളി മുതൽ കുന്പളം വരെ 14 കിലോമീറ്ററോളം നീണ്ടു. വൈറ്റില മുതൽ കുണ്ടന്നൂർ വരെ നാലു കിലോമീറ്റർ ദൂരത്തിൽ വാഹനഗതാഗതം ഇന്നലെ പകൽ മിക്കപ്പോഴും പൂർണമായും നിശ്ചലമായി. മേൽപ്പാലം പണി നടക്കുന്ന കുണ്ടന്നൂർ ജംഗ്ഷനിൽ നാളുകളായി റോഡുകൾ തകർന്നുകിടക്കുകയാണ്. ഇതുമൂലം ഗതാഗതക്കുരുക്ക് ഇവിടെ ഒഴിയാബാധയായിരുന്നു. ഇതു വൻ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. റോഡുകളിലെ കുഴികൾ അടച്ച് അടിയന്തരപരിഹാരം ഉണ്ടാക്കണമെന്നു ജില്ലാ കളക്ടർ കഴിഞ്ഞ ദിവസമാണു കർശന നിർദേശം നൽകിയത്.
വൈറ്റില-അരൂർ ബൈപ്പാസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി ജി. സുധാരകരൻ…
