റവ. ഡോ. മാത്യു ചങ്ങങ്കരി

ചോദ്യം: സഭയിൽ നിയമാനുസൃതം മിശ്രവിവാഹിതരായ രണ്ടു പേരുടെ വിവാഹ ജീവിതം പരാജയപ്പെട്ടു. അതിനുശേഷം, കത്തോലിക്കാ ജീവിത പങ്കാളി തന്റെ മാതൃസഭയിലേയ്ക്കു തിരിച്ചുപോയി. തുടർന്ന്, തന്റെ കുട്ടികളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, അകത്തോലിക്കനായ മുൻ ഭർത്താവ് അതിനു സമ്മതിക്കുന്നില്ല. അദ്ദേഹത്തിന്റെ വിസമ്മതം കണക്കിലെടുക്കാതെ കുട്ടിക്ക് മാമ്മോദീസാ നല്കാമോ?

അടുത്ത കാലത്ത്, കത്തോലിക്കരായ ചില സിനിമാ താരങ്ങൾ ഇതര മതത്തിലുള്ളവരെ വിവാഹം ചെയ്ത വിവരം മാധ്യമങ്ങളിലൂടെ നാം അറിയുവാനിടയായി. ന്യായമായ കാരണത്തിന്റെ അടിസ്ഥാനത്തിലാണ് മിശ്രവിവാഹത്തിനുള്ള അനുവാദം, വിശേഷവിധിയായി (exceptional) സഭ നല്കുന്നത്. എപ്പോഴും ഒരേ വിശ്വാസിത്തിലുള്ളവരുടെ വിവാഹമാണ് അഭികാമ്യം. എന്നാൽ, മിശ്രവിവാഹത്തിനുള്ള അനുവാദം നല്കുന്നതിനുമുമ്പ്, മിശ്രവിവാഹത്തിലുണ്ടാകുന്ന സന്താനങ്ങളെ കത്തോലിക്കാവിശ്വാസത്തിൽ വളർത്തിക്കൊള്ളാമെന്നുള്ള ഉറപ്പ് കത്തോലിക്കാ ജീവിതപങ്കാളി തന്റെ രൂപതാദ്ധ്യക്ഷനു മുമ്പാകെ നൽകുന്നു. ഈ ഉറപ്പ്, വിവാഹം ചെയ്യുന്ന ആളെ ധരിപ്പിക്കണം. എന്നാൽ, കത്തോലിക്കാ വിശ്വാസിയായ ജീവിതപങ്കാളിയുടെയും ഭാവിയിൽ അവരിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെയും കത്തോലിക്കാവിശ്വാസമനുസരിച്ചുള്ള ജീവിതത്തിന് തടസ്സമായി നിൽക്കുന്ന ഏതൊരു മിശ്രവിവാഹവും നടത്തുന്നതിനുള്ള അനുവാദം സഭയ്ക്കു നിഷേധിക്കാം.
മേൽ പറഞ്ഞ രീതിയിൽ മിശ്രവിവാഹിതരായ ദമ്പതികളുടെ ദാമ്പത്യബന്ധം തകരുവാൻ ഇടയാകുന്നപക്ഷം ഉളവാകുന്ന പ്രശ്‌നങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. തന്റെ ബന്ധം തകർന്ന ശേഷം കത്തോലിക്കനായിരുന്ന വ്യക്തി തന്റെ മാതൃസഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നു. കൂടാതെ, തന്റെ ദാമ്പത്യ ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ കത്തോലിക്കാസഭയിൽ മാമ്മോദീസാ മുക്കുവാൻ ആഗ്രഹിക്കുമ്പോൾ അകത്തോലിനായ മുൻ ജീവിതപങ്കാളി അതിന് തടസ്സം നില്ക്കുന്ന സ്ഥിതിയിൽ എന്തു ചെയ്യുമെന്നുള്ളതാണ് പ്രതിപാദ്യവിഷയം. സഭാ നിയമപ്രകാരം, ഏഴു വയസ്സ് പൂർത്തിയാകാത്തവർ വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ പ്രാപ്തരല്ല. സഭയുടെ നിയമങ്ങൾ ഏഴു വയസ്സ് പൂർത്തിയായവർക്കു മാത്രമേ ബാധകമാകുകയുള്ളു. സഭാനിയമപ്രകാരം, നിയമാനുസൃതം ഒരു ശിശുവിന് മാമ്മോദീസാ നല്കുവാൻ, അതിന്റെ മാതാപിതാക്കൾ, ഏറ്റവും കുറഞ്ഞത്, ഒരാളെങ്കിലും സമ്മതം കൊടുക്കണം. കാരണം, ഏഴുവയസിനു താഴെയുള്ളവർക്ക് തീരുമാനും എടുക്കുവാൻ പ്രാപ്തിയില്ല. ആകയാൽ, പരാജയപ്പെട്ട ഒരു മിശ്രവിവാഹത്തിലെ കത്തോലിക്കാ ജീവിതപങ്കാളി തന്റെ കുഞ്ഞിനെ കത്തോലിക്കാസഭയിൽ, മാമ്മോദീസാ നല്കിയാൽ അത് നിയമാനുസൃതമായ മാമ്മോദീസായായിരിക്കും. അത്തരം സാഹചര്യത്തിൽ മാമ്മോദീസാ നൽകുന്നതിൽ നിന്ന് കത്തോലിക്കാ പുരോഹിതനെ തടസ്സപ്പെടുത്തുവാനാവില്ല.