പ്രശസ്തമായ 1653 ലെ കൂനൻ കുരിശ് സത്യത്തിനു ശേഷം വിഘടിച്ചുനിന്ന നസ്രാണി സമൂഹം രണ്ടായി പിന്നെ പലതായി . ആദ്യ ശ്രേണിയിൽ തന്നെ പുത്തൻകൂറെന്നും പഴയകൂറ്റെന്നും രണ്ടായി പിളർന്നു. പിന്നീട് പള്ളിയോഗങ്ങൾ ചേരിതിരിയുന്ന കാഴ്ചയാണ്. കുറച്ച് കാലയളവിൽ പഴയകൂറിലും പിന്നീട് കുറച്ചുനാൾ പുത്തൻകൂറ്റിലുമായി ചാടികളിച്ച ഇടവകകളുമുണ്ട്. ഒരു പള്ളിയിൽ തന്നെ രണ്ട് തരത്തിലുള്ള തുല്യബലാബലമുണ്ടായ പളളികളുമുണ്ട് അവ കുറുപ്പംപടി മോഡലിലോ മുഴക്കുളം മോഡലിന്റെ ശൈലിയിലോ പിരിഞ്ഞുപോയവരാണ്. പിന്നീട് അഞ്ച് പള്ളികൾക്ക് വേണ്ടിയുള്ള കേണൽ മണ്റോയുടെയും പുന്നത്തുറ ദിവന്യാസിയോസിന്റെയും പള്ളി പിടുത്തം കേരളക്കര കണ്ടു. ഏറ്റവും ഒടുക്കത്തെ പിരിഞ്ഞ്പോക്ക് ഒരു പക്ഷെ ത്രിപ്പൂണിത്തുറ നടമേൽ പള്ളിമോഡലാണ്. ഇത് പറഞഞത് ഇങ്ങനെയാണ് വിഭജനം പൂർത്തിയായത് എന്ന് പറയാനാണ്.
മണർകാട് പള്ളി
പതിനാലാം നൂറ്റാണ്ടിലാണ് കുറുവിലങ്ങാട് പള്ളിയിയിൽ നിന്നും മാറി മണർകാട് തബുരാനെ പെറ്റ അമ്മയുടെ നാമത്തിൽ പള്ളി വരുന്നത്. പിന്നീടുള്ള കാലങ്ങളിൽ പോര്ച്ചുഗീസ് ആധിപത്യത്തിലായിരുന്നു മണർകാട് പള്ളിയും. അങ്ങനെ കൂനൻ കുരിശുസത്യത്തിനുശേഷം പിളർന്ന സഭയിലെ പറമ്പിൽ ചാണ്ടി മെത്രാന്റെ കൂടെ പഴയകൂർ വിഭാഗത്തിന്റെ കൂടെയായിരുന്നു മണർകാടും പുതുപ്പള്ളി പള്ളിയും നിലയുറപ്പിച്ചത്. പിന്നീട് 18 ആം നുറ്റാണ്ടിന്റെ പകുതിയിൽ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപോലീത്താ ആയിരുന്ന ആർച്ച് ബിഷപ്പ് റിബേറിയോയുമായി മേല്പറഞ്ഞ രണ്ട് പള്ളിയോഗപ്രതിനിധികളുമായി തെറ്റുകയും പള്ളിക്കാർക്ക് വിലകല്പിക്കാത്ത മെത്രാപ്പോലീത്തായുടെ കീഴിൽ ഇരിക്കില്ലന്ന് തീരുമാനമെടുക്കുകയും ചെയ്തു. മാർതോമ്മാ നസ്രാണികളിൽ താല്പര്യമില്ലാതിരുന്ന താൻ പ്രമാണിയായിരുന്ന റിബെറിയോ ഈ കൊഴിഞ്ഞു പോക്കിൽ ലേശം പോലും ദുഖിതനായിരുന്നില്ല. അങ്ങനെയാണ് മണർകാട് പള്ളി റോമുമായുള്ള ഐക്യത്തിൽ നിന്നും മാറി പോകുന്നത്. എന്നിട്ടും മണർകാട് പള്ളിയിൽ ന്യൂനപക്ഷമായി പഴയകൂർ സാന്നിദ്ധ്യമുണ്ടായിരുന്നു. അങ്ങനെ ആദ്യം മണർകാട് പള്ളിയുടെ കുരിശുപള്ളിയായിരുന്ന കടപ്ലാമറ്റവും പിന്നീട് മണർകാട്ടുനിന്ന് പുന്നത്തുറയിലേക്കും പുന്നത്രയിൽ നിന്ന് അയർകുന്നത്തേക്കും പഴയകൂറുകാർ മാറുന്നത്.
മണർകാട്ടെ മാതാവിന്റെ തിരുസ്വരൂപം
പോര്ച്ചുഗീസ് ബന്ധത്തിൽ മണർകാട് പള്ളിക്ക് മാതാവിന്റെ ഒരു തിരു സ്വരൂപം ലഭിച്ചു. പിന്നീട് പള്ളി സന്ദർശിച്ച അന്ത്യോക്യായുടെ ഒരു മെത്രാൻ ( പത്രോസ് പാത്രിയാര്കീസ്? ) പ്രതിമാ വണക്കം വിലക്കുകയും അതിനുപകരമായി അതേ രീതിയിലുള്ള ഒരു ഛായാചിത്രം വരപ്പിച്ച് പള്ളിയിൽ പ്രതിഷ്ടിക്കുകയും ചെയ്യാൻ കല്പിച്ചു. സ്വരൂപം നശിപ്പിക്കാൻ മനസാവാഞ്ഞ പള്ളിക്കാർ ആ രൂപം മച്ചിൽ സൂക്ഷിക്കുകയും ചെയ്തു. മണർകാട് പളളിയിലെ ഒരു പള്ളിപ്രമാണി ( വീട്ടുപേര് പറയുന്നില്ല ) ഈ രൂപം നശിപ്പിക്കാൻ കഴിയാതെ അത് പഴയകൂറുകാർക്ക് വിറ്റു . അത് അരുവിത്തുറക്കാർക്കാണെന്നും അല്ല കടപ്ലാമറ്റം പള്ളിക്കാണെന്നും പറയുന്നുണ്ട്. പിന്നീട് ആ കുടുബത്തിൽ വന്നു ചേർന്ന ദുശ്ശകുനങ്ങൾ ഈ രൂപം വില്പന നടത്തിയതുമായി ബന്ധപ്പെടതാണെന്ന് മനസിലാക്കിയ പ്രമാണി അതുപോലൊരു രൂപം കുമ്പിൾതടിയിൽ തീർത്ത് പളളിക്ക് നൽകി. ഈ രൂപം ഇപ്പോഴും മണർകാട് പള്ളിയുടെ മച്ചിന്റെ മുകളിൽ സൂക്ഷിച്ചിരിക്കുന്നു.
ഇത്രയും പറഞ്ഞത് അവകാശവാദങ്ങൾക്കോ ശ്രേഷ്‌ഠതതെളിയിക്കാനോ ചവിട്ടിതൂക്കാനോ അല്ല. നാട്ടറിവുകളും പറച്ചിലുകളും അന്യം നിന്നു പോകാതിരിക്കാൻ വേണ്ടിയാണ്. ഇന്നും എട്ടുനോമ്പിലെ മണർകാട് പള്ളിയിലെ സിറോ മലബാർ കുടുബങ്ങളുടെ സാന്നിധ്യം ഈ ചരിത്രവസ്തുതയാണ് സൂചിപ്പിക്കുന്നത്.