പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യുഡിഎഫ് കണ്വൻഷൻ വേദിയിൽ പി.ജെ. ജോസഫ് എത്തി.യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനു രണ്ടില ചിഹ്നം അനുവദിക്കാത്ത വരണാധികാരിയുടെ നിലപാട് നൂറു ശതമാനം ശരിയാണെന്നു പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണു ജോസഫ് വേദിയിൽ എത്തിയത്. ജോസ് കെ.മാണിയും വേദിയിലിരുത്തി ജോസഫ് പ്രസംഗവും നടത്തി. യുഡിഎഫ് എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം താൻ നിൽക്കുമെന്നും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും ജോസഫ് പറഞ്ഞു. ജോസഫിനെ കൂക്കി വിളിച്ചാണു പ്രവർത്തകർ വരവേറ്റത്. ഇതു കണക്കിലെടുക്കാതെ പ്രസംഗം തുടർന്ന ജോസഫ് ജോസ് കെ. മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നാണു വിശ്വസിക്കുന്നതെന്നും പറഞ്ഞു. യുഡിഎഫ് നേതാക്കൾക്കൊപ്പമാണു ജോസഫ് വേദിയിൽ എത്തിയത്. ജോസഫ് പ്രസംഗിക്കാൻ എത്തിയപ്പോൾ പ്രവർത്തകർ കൂവലും തുടങ്ങി. ജോസഫിനെതിരെ ഗോബാക്ക് വിളികളും ഉയർന്നു. ഇത് അവഗണിച്ചു ജോസഫ് പ്രസംഗം തുടർന്നു. ഒടുവിൽ യുഡിഎഫ് സ്ഥാനാർഥി മികച്ച വിജയം നേടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ജോസഫ് പ്രസംഗം അവസാനിപ്പിച്ചത്.
യുഡിഎഫ് കണ്വൻഷൻ വേദിയിൽ പി.ജെ. ജോസഫ് എത്തി: ജോസ് ടോമിന്റെ വിജയത്തിനായി പ്രചാരണം നടത്തുമെന്ന് ജോസഫ്
