ജസ്റ്റിൻ ജോർജ്.

2017 ലെ നഴ്സിംഗ് സമര കാലത്ത് UNA എന്ന സംഘടനയുടെ മറവിൽ ജാസ്മിൻ ഷായും അയാളുടെ കൂടെ ഉള്ളവരും കേരളത്തിലെ കത്തോലിക്കാ സഭയുടെ ഹോസ്പിറ്റലുകൾക്ക് നേരെ നടത്തി കൊണ്ടിരുന്ന ആക്രമണങ്ങളെ കുറിച്ചും, കേട്ടാൽ അറക്കുന്ന ഭാഷയിൽ അച്ചന്മാരെയും സിസ്റ്റേഴ്സിനെയും സോഷ്യൽ മീഡിയായിൽ അവഹേളിക്കുന്നതിനെ കുറിച്ചും ഒത്തിരിയേറെ എഴുതിയിട്ടുണ്ട്. UNA ക്കും അവർക്ക് പിന്തുണ കൊടുക്കുന്ന തീവ്ര സംഘടനകൾക്കും സോഷ്യൽ മീഡിയായിൽ ഉള്ള ശക്തമായ സാന്നിധ്യവും മറുനാടൻ മലയാളി പോലുള്ള മഞ്ഞ പത്രങ്ങളും ആയിട്ടുള്ള അവിശുദ്ധ ബന്ധവും ഉപയോഗിച്ച് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ വികാരം ഉണ്ടാക്കി എടുത്തിട്ട് ഉള്ളതിനാൽ അന്ന് പറഞ്ഞത് ശരിയായ രീതിയിൽ പലർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവില്ല.

ജാസ്മിൻ ഷായുടെയും കൂട്ടാളികളുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്‌തു ക്രൈം ബ്രാഞ്ച് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ജാസ്മിൻഷായുടെ ഭാര്യയുടെ അക്കൗണ്ട് വഴിയായി സാമ്പത്തിക തിരിമറി നടത്തി തൃശൂരിൽ 4 ഫ്ലാറ്റ് വാങ്ങിയതിന്റെ തെളിവോടെ അവരെ എട്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത വാർത്തകൾ വന്ന് തുടങ്ങിയിട്ടും ജാസ്മിൻ ഷാ കൊള്ളയടിച്ചാൽ നിങ്ങൾക്ക് എന്താണ് നഴ്സുമാരുടെ സാലറി കൂട്ടിയില്ലേ എന്ന രീതിയിൽ ഉള്ള ന്യായീകരണങ്ങളുമായി ചിലരെങ്കിലും ഇറങ്ങി തിരിച്ച സ്ഥിതിക്ക് ഒരിക്കൽ കൂടി വിശദമായി എഴുതേണ്ടി ഇരിക്കുന്നു. നഴ്സുമാരുടെ കാശല്ലേ ജാസ്മിൻ കൊണ്ട് പോയത് അതിന് നിങ്ങൾക്ക് എന്താണ് എന്ന് ചോദിക്കുന്നവരോട് നഴ്സുമാരുടെ അല്ല ആരുടെ കാശ് ആണെങ്കിലും അത് ഉപയോഗിച്ച് തീവ്ര സംഘടനകളുടെ പിന്തുണയോടെ കേരളത്തിലെ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾക്ക് എതിരായ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് ഇരിക്കുന്നത് കണ്ടില്ല എന്ന് നടിക്കാൻ ആവില്ല എന്ന് ആദ്യമേ അറിയിക്കുന്നു.

മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്സ് ബീന ബേബി ഹോസ്പിറ്റൽ മാനേജ്‌മെന്റുമായി ഉണ്ടായ പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് കേരളത്തിൽ 2012 ഇൽ ഉണ്ടായ പ്രഷോഭത്തിന്റെ ഭാഗമായാണ് നഴ്സിംഗ് സംഘടനകൾ രൂപീകരിക്കുന്നത്. നഴ്സിംഗ് പഠനത്തിന് ചേർന്ന് രണ്ടാം വർഷം പഠനം നിർത്തി പിന്നീട് ഒരു നഴ്സിനെ വിവാഹം കഴിച്ചു ഖത്തറിൽ എത്തി ചെറിയ എന്തോ ജോലിയുമായി കഴിഞ്ഞിരുന്ന ജാസ്മിൻ ഷാ ഈ സമരത്തോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് വരുന്നത്. അമൃത ഹോസ്പിറ്റലിൽ നടന്ന സമരത്തോട് അനുബന്ധിച്ച് ഉണ്ടായ ആക്രമത്തിൽ പരുക്കേറ്റ ജാസ്മിൻ ഷാക്ക് മാധ്യമ ശ്രദ്ധ കിട്ടിയതോടെ ആണ് മുഖ്യധാരയിലേക്ക് കടന്ന് വരുന്നത്. അമൃത ഹോസ്‌പിറ്റലിൽ മാത്രമല്ല അങ്കമാലി ലിറ്റിൽ ഫ്‌ളവർ, ഡോക്ടർ ഫിലിപ് അഗസ്റ്റിന്റെ ഉടമസ്ഥതിയിൽ ഉണ്ടായിരുന്നു ലേക്ക് ഷോർ ഹോസ്പിറ്റൽ (ഇപ്പോൾ അത് ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്), മാർ ബസേലിയസ് ഹോസ്പിറ്റൽ തുടങ്ങി നിരവധി ഹോസ്പിറ്റലുകളിൽ സമരം നടന്നിരുന്നു. ഇതിനോട് അനുബന്ധിച്ചു കേരള സർക്കാർ നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിക്കാൻ വേണ്ടിയുള്ള പഠനം നടത്താൻ ഒരു കമ്മറ്റിയെ വെക്കുകയും മിനിമം സാലറിയായി 13,000 രൂപയും കുറഞ്ഞ സാലറിയിൽ ട്രയിനി നഴ്സുമാരെ വെക്കാമെന്നും ഉത്തരവ് ഇറക്കിയതോടെ സമരം അവസാനിച്ചു.

ജാസ്മിൻ ഷായുടെ സ്വതസിദ്ധമായ തട്ടിപ്പ് പരിപാടികളുമായി ബന്ധപ്പെട്ട് INA യിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് UNA എന്ന സംഘടനാ രൂപീകരിച്ചതിന് ശേഷം 2017 ഇൽ സോഷ്യൽ മീഡിയായിൽ വലിയ പ്രചാരണത്തോടെ അടുത്ത ഘട്ട സമരം ആരംഭിച്ചത് തൃശൂരിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആണ്. സർക്കാർ 13,000 രൂപ മിനിമം സാലറി കൊടുക്കണം എന്ന് പറഞ്ഞിടത്ത് ജൂബിലി മിഷനും, ലിസ്സിയും പോലുള്ള വലിയ ഹോസ്പിറ്റലുകളിൽ 16,000 രൂപക്ക് മുകളിലാണ് സാലറി കൊടുത്തിരുന്നത് അതിനേക്കാൾ കുറച്ചു കൂടി ചെറുതായ കാരിത്താസ്, SH പോലുള്ള ഹോസ്പിറ്റലുകളിൽ 14,000ന് മുകളിലും അതിന് താഴെയുള്ള ഹോസ്പിറ്റലുകളിൽ 13,000 രൂപയുമാണ് കൊടുത്തിരുന്നത്. തീരെ ചെറിയ മിഷൻ ഹോസ്പിറ്റലുകളിൽ സാലറി കുറവായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉയർത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന് പകരം ഇൻഡസ്ട്രിയിൽ താരതമ്യേന മാന്യമായ സാലറി കൊടുത്തിരുന്ന ക്രിസ്ത്യൻ മാനേജ്‌മെന്റ് ഹോസ്പിറ്റലുകളെ ആണ് ജാസ്മിൻ ഷായും കൂട്ടരും ടാർജറ്റ് ചെയ്തിരുന്നത്, സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും കൊടുക്കാത്ത വൻകിട ഗ്രൂപ്പുകളുടെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ കുറിച്ച് സംസാരിക്കുക പോലും ചെയ്യാത്തവർ സോഷ്യൽ മീഡിയായിൽ കത്തോലിക്കാ സഭയെ അടച്ചു അധിക്ഷേപിച്ചു കൊണ്ട് കത്തി കയറുകയും വലിയ രീതിയിൽ വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാർ ഉൾപ്പടെ ഉള്ളവരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായത്തോടെ സമരം വ്യാപിപ്പിക്കുകയും ചെയ്തു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ സംഭവനയോടൊപ്പം മെമ്പർഷിപ്പ് ഫീസായും വരിസംഖ്യയായും കോടി കണക്കിന് രൂപ സംഘടനയിലേക്ക് ഒഴുകി. ജൂബിലി മിഷനിലെയും, ലിസ്സിയിലെയും സമര കോലാഹലങ്ങൾക്ക് ശേഷം കത്തോലിക്കാ മാനേജ്‌മെന്റിന് കീഴിലുള്ള SH ഹോസ്പിറ്റൽ, കാരിത്താസ് ഹോസ്പിറ്റൽ, ചെത്തിപ്പുഴ St. Thomas Hospital , ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ, തിരുവല്ലയിലെ പുഷ്പഗിരി ഹോസ്പിറ്റൽ, കോട്ടയത്തെ ഭാരത് ഹോസ്പിറ്റൽ, ചേർത്തലയിലെ കെവിഎം ഹോസ്പിറ്റൽ എന്നിവയാണ് UNA ലക്ഷ്യമിട്ടത്. ഇതിനോടകം UNA യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ മനസ്സിലാക്കിയ കത്തോലിക്കാ മാനേജ്‌മെന്റ് ബുദ്ധിപൂർവം നീങ്ങിയതിനാൽ കത്തോലിക്കാ മാനേജ്‌മെന്റ്റ് ഹോസ്പിറ്റലുകളിൽ സമരം വിജയിപ്പിക്കാൻ സാധിച്ചില്ല. ഭാരത് ഹോസ്പിറ്റലിൽ വലിയ രീതിയിൽ സമരം നടത്തുകയും മാസങ്ങൾക്ക് ശേഷം മാനേജ്‌മെന്റ് വിജയിക്കുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ചേർത്തലയിൽ ഉള്ള KVM ഹോസ്പിറ്റലിലേക്ക് സമരം വ്യാപിപ്പിക്കുകയും വഴിയിൽ സമരത്തിന് ഇരിക്കുന്ന നഴ്സുമാരുടെ ദൈന്യത കാണിച്ചു കോടി കണക്കിന് രൂപ പിരിച്ചെടുക്കുകയും ചെയ്തു.

എത്ര മാത്രം നീചമായ രീതിയിലാണ് UNA പ്രവർത്തിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ കോട്ടയത്തെ SH സിസ്റ്റേഴ്സിന്റെ ഹോസ്പിറ്റലിന് എതിരെ നടത്തിയ ഗൂഢാലോചനയെ കുറിച്ച് മാത്രം മനസ്സിലാക്കിയാൽ മതി. രണ്ടാം ഘട്ട സമരം തുടങ്ങുന്നതിന് കുറച്ചു മാസങ്ങൾക്ക് മുൻപ് കേരളത്തിന് വെളിയിൽ ജോലി ചെയ്തിരുന്ന കേരളാ നഴ്സിംഗ് രജിസ്‌ട്രേഷൻ പോലും ഇല്ലാതിരുന്ന ഒരു നഴ്സിന്റെ വീട്ടിലെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കിയ സിസ്റ്റേഴ്സ് 3 മാസത്തിനുള്ളിൽ നഴ്സിംഗ് രജിസ്‌ട്രേഷൻ നടത്തിയാൽ മതി എന്ന നിബന്ധനയിൽ ജോലി കൊടുത്തിരുന്നു. ജോലി സ്ഥിരപ്പെടുന്നതിന് മുൻപ് UNA യൂണിറ്റ് സ്ഥാപിച്ചു നേതാവായ അവർ കന്യാസ്ത്രീകൾക്ക് പ്രസവിക്കാൻ സാധിക്കാത്തതിനാൽ അവിടെ ചികിത്സക്ക് വരുന്ന ഗർഭിണകളെ പീഡിപ്പിക്കുന്നു എന്ന് ആരോഗ്യ മന്ത്രിക്ക് പരാതി അയക്കുകയാണ് ചെയ്തത്. സർക്കാർ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പരാതി കൊടുത്തത് ആരാണെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റിന് മനസ്സിലാവുകയും ചെയ്തു.

3 മാസം തികഞ്ഞിട്ടും നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ രണ്ടാഴ്ചത്തെ സാവകാശം കൂടി കൊടുത്തതിന് ശേഷവും സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ സർക്കാരിന് പരാതി കൊടുത്ത നഴ്സിനെ പിരിച്ചു വിട്ടു. ഇവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഹോസ്പിറ്റലിൽ ബഹളം ഉണ്ടാക്കുകയും ഏകദേശം 150 നഴ്സുമാർ ജോലി ചെയുന്ന ഹോസ്പിറ്റലിൽ 125 നഴ്സുമാർ ഒപ്പിട്ട് സമരത്തിന് നോട്ടീസ് കൊടുക്കുയും ചെയ്തു. നോട്ടീസിൽ സമരം തുടങ്ങുമെന്ന് പറഞ്ഞ ദിവസം ആകാറായിട്ടും പിരിച്ചു വിട്ട നഴ്സിനെ തിരിച്ചെടുക്കാത്തതിനാൽ സമരം തുടങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കോട്ടയത്തെ ഒരു ഹോട്ടലിൽ വിളിച്ച മീറ്റിങ്ങിൽ പങ്കെടുക്കാൻ ചെന്ന യൂണിറ്റ് ഭാരവാഹികൾ കാണുന്നത് എങ്ങനെ സമരം നടത്തണം എന്ന് വിശദീകരിച്ചു കൊടുക്കാൻ വന്ന താടിക്കാരെയും ജൂബാക്കരെയുമാണ്. സമരക്കാരുടെ പുറകിലെ ശരിയായ ശക്തികളെ കുറിച്ച് മനസ്സിലാക്കിയ യൂണിറ്റ് ഭാരവാഹികൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിന് സമരം പിൻവലിച്ചതായി എഴുതി ഒപ്പിട്ട് കൊടുത്തു ജോലി തുടർന്നു.

ഭാരത് ഹോസ്പിറ്റലിന് ശേഷം SH ഹോസ്പിറ്റലിലേക്ക് വ്യാപിപ്പിക്കാൻ ഇരുന്ന സമരം പൊളിഞ്ഞതോടെയാണ് ചേർത്തല KVM ഹോസ്പിറ്റലിലേക്ക് പിന്നീട് സമരം മാറ്റിയത്. ഇങ്ങനെയുള്ള പലവിധ മാർഗ്ഗങ്ങളിലൂടെ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി സമരം നടത്തി നഴ്സുമാരുടെ കണ്ണുനീര് പ്രചരിപ്പിച്ചു കോടികൾ ഉണ്ടാക്കിയ കൊള്ളക്കാരെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് നടത്തി കൊണ്ടിരിക്കുന്നത്. കേരളത്തിലെ ബാങ്ക് അക്കൗണ്ടിൽ വന്ന മൂന്നര കോടിയോളം രൂപക്ക് പുറമെ ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും പിരിച്ചത് ഇതിന്റെ പല മടങ്ങായിരിക്കും. ഇതിനെ കുറിച്ചുള്ള അന്വേഷണം നടത്താൻ വേണ്ടിയുള്ള തെളിവുകൾ ഇനിയെങ്കിലും വിദേശ നഴ്സുമാർ അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്ന് അഭ്യർത്ഥിക്കുന്നു.

സമരത്തിന്റെ ഭാഗമായി നഴ്സുമാർക്ക് സാലറി കൂട്ടി കിട്ടിയില്ലേ എന്ന് ഇപ്പോളും ചോദിച്ചു കൊണ്ടിരിക്കുന്ന നിഷ്കളങ്കരോട് സർക്കാർ നിശ്ചയിച്ച മിനിമം വേതനമായ 13,000 രൂപയിൽ മാറ്റം വരുത്തണമെങ്കിൽ 16,000 ന് മുകളിൽ സാലറി കൊടുത്ത് കൊണ്ടിരിക്കുന്ന ഹോസ്പിറ്റലുകളിൽ സമരം ചെയ്യുക അല്ല സർക്കാരിനോട് സാലറിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുകയാണ് വേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു. സ്ഥാപിത താല്പര്യത്തോടെ നടത്തിയ സമരം ആണെങ്കിലും പൊതു ജന ശ്രദ്ധ പിടിച്ചു പറ്റിയതിനാൽ സർക്കാരിനോട് ന്യായമായ ചർച്ച നടത്തിയാൽ മാറ്റം വരുത്താവുന്ന സാലറി മേടിച്ചെടുത്തതിന്റെ ക്രെഡിറ്റ് UNA നേതാക്കൾക്ക് കിട്ടി. അതിന്റെ പേര് പറഞ്ഞു ഇപ്പോളും പല വിധ പേരുകളിൽ പിരിവുകൾ തുടരുന്നു, ദുരിതാശ്വാസത്തിന്റെ പേരിൽ പിരിച്ച പണം പോലും സർക്കാരിന് കൈമാറാൻ ഈ കേസും അന്വേഷണവും തുടങ്ങേണ്ടി വന്നു. മാന്യമായ വേതനത്തിന് മറ്റെല്ലാവരെയും പോലെ നഴ്സുമാർക്കും അവകാശമുണ്ട്, അതിന് വേണ്ടി വ്യവസ്ഥാപിതമായ പല മാർഗ്ഗങ്ങൾ ഉള്ളപ്പോൾ അതിന് ഒന്നും ശ്രമിക്കാതെ ഗൂഢ ലക്ഷ്യങ്ങളോടെ നടത്തിയ സമരത്തെ അനുകൂലിക്കാൻ ബുദ്ധിമുട്ടായിരുന്നു …. അന്ന് ഇത് പറഞ്ഞപ്പോൾ മനസ്സിലാകാത്തവർക്കും ഇപ്പോൾ മനസ്സിലായി കാണുമെന്ന് കരുതുന്നു.