സെപ്തംബര്‍ 5 വ്യാഴം – മൊസാംബിക്കിലെ യുവജനങ്ങളുമായൊരു നേര്‍ക്കാഴ്ച.

മൊസാംബിക്കിന്‍റെ തലസ്ഥാന നഗരമായ മപൂത്തോയിലെ മാസക്വീനി സ്റ്റേഡിയത്തില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് വിവിധ മതക്കാരും, ഒരു വിശ്വാസസമൂഹത്തില്‍ പെടാത്തവരുമായ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുവജനങ്ങള്‍ നല്കിയ ഊഷ്മളമായ വരവേല്പിനും, അവരുടെ കലാപരിപാടികള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്.

1. ആടുകളുടെ പക്കലെത്തിയ ഇടയന്‍

ഇടയന്‍ ആടുകളുടെ കൂടെയായിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതു നല്ലതാണ്. അതുപോലെ യുവജനങ്ങളുടെ കൂടെയായിരിക്കുന്നത് തനിക്ക് സന്തോഷദായകവും, ഒപ്പം അത് തന്‍റെ താല്പര്യവും ഉത്തരവാദിത്ത്വവുമാണ്. ജീവന്‍റെ സന്തോഷം യുവജനങ്ങളിലാണ് പ്രസരിക്കുന്നത്. അത് അവരുടെ സംസാരത്തിന്‍റെ ഊര്‍ജ്ജത്തിലും, ഡാന്‍സിലും പാട്ടിലുമെല്ലാമുണ്ട്. യുവജനങ്ങളെ തിരിച്ചറിയുന്നത് അവരുടെ ജീവിതാഹ്ലാദത്തില്‍നിന്നാണ്. നാമിന്ന് എവിടെയും കേള്‍ക്കുയും കാണുകയും ചെയ്യുന്ന ഭിന്നിപ്പിനും വിഭാഗീയതയ്ക്കും, സംഘട്ടനങ്ങള്‍ക്കും മറുമരുന്ന് യുവജനങ്ങളുടെ ജീവിതാനന്ദമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു.

2. മതവൈവിധ്യങ്ങള്‍ മറന്ന യുവജസംഗമം

മതവൈവിധ്യങ്ങള്‍ മറന്നു സമ്മേളിച്ച യുവജനങ്ങളെയും, അതുപോലെ ഒരു മതത്തിലും ഉള്‍പ്പെടാത്തവരെയും നേരില്‍ക്കാണാനും ശ്രവിക്കാനും സാധിച്ചതില്‍ പാപ്പാ പ്രത്യേകം സംതൃപ്തി പ്രകടിപ്പിച്ചു. സമാധാനത്തിനായി വെല്ലുവിളികളെ അതിജീവിച്ച് യുവജനങ്ങള്‍‍ ഒരു കുടുംബംപോലെ സമ്മേളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതില്‍ പാപ്പാ അതിയായ സംതൃപ്തി രേഖപ്പെടുത്തി. ഇന്നത്തെ യുവതലമുറയ്ക്ക് അറിയാം, ഏതു മതത്തില്‍പ്പെട്ടവരായാലും എല്ലാവരും ഒരുമയോടെ ജീവിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. അത്രത്തോളം യുദ്ധവും, കലാപങ്ങളും, പീഡനങ്ങളും, കുടിയേറ്റത്തിന്‍റെ പ്രശ്നങ്ങളുമെല്ലാം നമുക്കു ചുറ്റും നടമാടുന്നുണ്ട്. സമാധാനമുള്ള ഒരു ജനസഞ്ചയത്തിന്‍റെ ചരിത്രമെഴുതേണ്ട പദ്ധതിയുടെ പ്രാധാന്യം യുവജനങ്ങള്‍ മറ്റാരെയുംകാള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ ഇന്നിന്‍റെ ചരിത്രത്തില്‍ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഏടുകള്‍ എഴുതിച്ചേര്‍ക്കാന്‍ യുവതലമുറയ്ക്ക് സാധിക്കുമെന്ന ബോധ്യം കൈവെടിയരുത്. ഈ താളുകളില്‍ സമാധാനത്തിന്‍റെ കഥയെഴുതാന്‍ സന്നദ്ധരല്ലേ, എന്ന പാപ്പായുടെ ചോദ്യത്തിന് യുവജങ്ങള്‍ ഒന്നടങ്കം ആര്‍പ്പുവിളിയോടെ പ്രത്യുത്തരിച്ചു. “സന്നദ്ധരാണ്, ‍ഞങ്ങള്‍ സന്നദ്ധരാണ്!”

3. യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം

യുവജനങ്ങള്‍ ചോദിച്ച രണ്ടു ചോദ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു. a) എങ്ങനെയാണ് യുവജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക? b) ഇന്നു രാജ്യത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരക്രമത്തില്‍ യുവജനങ്ങള്‍ക്ക് എങ്ങനെ പങ്കുകാരാകാം? ഉണര്‍വ്വോടും ആത്മാഭിമാനത്തോടുംകൂടെ യുവജനങ്ങള്‍ മപൂത്തോയിലെ വേദിയില്‍ അവതരിപ്പിച്ച കളികളിലൂടെയും നൃത്തനൃത്ത്യങ്ങളിലൂടെയും, ചടുലമായ ആഫ്രിക്കന്‍ സംഗീതത്തിലൂടെയുമെല്ലാം സമൂഹത്തിന്‍റെ വളര്‍ച്ചയിലും വികസനത്തിലും പങ്കുചേരാനാകുമെന്നത് ഒരു രീതിയാണ്.

4. പൈതൃകത്തിലൂന്നിയ സാമൂഹിക വളര്‍ച്ച

അകന്നിരിക്കുന്ന ലോകത്തെ അടുപ്പിക്കാനും, വികസനത്തിന്‍റെ പുതിയ ചക്രവാളങ്ങള്‍ തുറക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ സാംസ്കാരിക പൈതൃക കലകള്‍ക്കും കളികള്‍ക്കുമുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. സാംസ്കാരിക പൈതൃകത്തിലൂടെ ജീവിക്കുകയും വളരുകയും, അവ അവതരിപ്പിക്കകയും, ഇതര സംസ്കാരങ്ങളുമായി അവ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ യുവജനങ്ങള്‍ ജീവിക്കുന്നതും, പ്രത്യാശയുള്ളതുമായ ഒരു തലമുറയെയും സമൂഹത്തെയും വാര്‍ത്തെടുക്കുകയും, ഭാവിസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുകയുമാണ് ചെയ്യുന്നത്. പാപ്പാ യുവജനങ്ങളെ ആഹ്വാനംചെയ്തു.

5. സ്നേഹത്തിന്‍റെ കരുത്തുറ്റ യുവതലമുറ

യുവജനങ്ങളുടെ കരുത്തുറ്റ പാദങ്ങള്‍ എന്നും മുന്നോട്ടാണ് ഊന്നിനില്ക്കേണ്ടത്! യുവലോകം കരുത്തുറ്റതാണ്! അത് പ്രത്യാശയുടെ ബൃഹത്തായ ലോകമാണ്. നിങ്ങള്‍ ഭാവിയുടെ മാത്രമല്ല, ഇന്നിന്‍റെയും വാഗ്ദാനങ്ങളാണ്. തുടിപ്പുള്ള ജീവന്‍റെ വാഗ്ദാനങ്ങളാണ് നിങ്ങള്‍! വീറും വാശിയുമുള്ളവരാണ് നിങ്ങള്‍! യുവജനങ്ങളിലെ നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഈ കരുത്ത് ഒരിക്കലും ആരും കവര്‍ന്നെടുക്കാന്‍ അനുവദിക്കരുതേ…!

(പാപ്പായുടെ നീണ്ടപ്രഭാഷണത്തിലെ ഏതാനും ചിന്തകള്‍ മാത്രം)