വെർജീനിയ: ഇൻറർനെറ്റിലല്ല, മറിച്ച് മുട്ടിൻമേൽനിന്നുള്ള പ്രാർത്ഥനയ്ക്കാണ് കൂടുതൽ സമയം ചിലവഴിക്കേണ്ടതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ‘അറ്റോർണി ഫോർ ക്രിസ്ത്യൻ ആൻഡ് പ്രോ ലൈഫ് ഡിഫൻറിംഗ് ഫ്രീഡം’ (എ.ഡി.എഫ്) സംഗമത്തിൽ അറ്റോർണിമാരെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുപരി പെൻസ് നടത്തുന്ന ക്രൈസ്തവ പ്രവർത്തനങ്ങൾക്കുനേരെ ഉന്നയിക്കപ്പെടുന്ന മാധ്യമവിമർശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന എ.ഡി.എഫ് പ്രസിഡന്റ് മൈക്കിൾ ഫാരിസിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പെൻസിന്റെ പ്രസ്താവന.

ഒന്നാമതായി, പ്രാർത്ഥനയ്ക്ക് കൂടുതൽ സമയം കണ്ടെത്തണം. രണ്ടാമതായി, നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി മാത്രമല്ല, ശത്രുക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതിനുള്ള സമയം വേർതിരിക്കണം. മൂന്നാമതായി, ക്രൈസ്തവരെന്ന നിലയിൽ മറ്റുള്ളവരോട് ക്ഷമിക്കുന്നതിനു കഴിയണം. ഇത്രയും കാര്യങ്ങൾ ജീവിതത്തിൽ പാലിക്കപ്പെട്ടാൽ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനെ അതിജീവിക്കാൻ ആവശ്യമായ ശക്തി ലഭിക്കുമെന്നും പെൻസ് ഓർമിപ്പിച്ചു. ക്രിസ്തീയ വിവാഹത്തിന്റെ മൂല്യങ്ങളെ കുറിച്ച് പെൻസിന്റെ ഭാര്യ സ്‌കൂളുകളിൽ ക്ലാസെടുത്തതും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ അതിലും താൻ അഭിമാനം കാണുന്നു എന്നായിരുന്നു മൈക്ക് പെൻസിന്റെ സാക്ഷ്യം.