എന്തിനു കിഴക്കേ ഭിത്തിയിലേക്കു നോക്കി കുർബാന ചൊല്ലണം? ദൈവം എല്ലായിടത്തും ഇല്ലേ? ദൈവജനത്തിൽ സന്നിഹിതനായ ദൈവത്തെ എന്തുകൊണ്ട് കണ്ടുകൂടാ?

ശരിയാണ്. ദൈവം ഏതെങ്കിലും ഒരു ദിക്കിലല്ല വസിക്കുന്നത്. ദൈവം സർവ്വവ്യാപിയാണ്. ദൈവം ദേവാലയത്തിൽ മാത്രമല്ല പ്രപഞ്ചം മുഴുവനിലും സന്നിഹിതനാണ്. അങ്ങനെയെങ്കിൽ എന്തിനാണ് ദൈവത്തിനായി ആലയം പണിയുകയും അത് കൂദാശ ചെയ്തു വിശുദ്ധീകരിക്കുകയും ചെയ്യുന്നത്?. എന്തിനാണ് ഈശോയുടെ സാന്നിധ്യത്തിനായി കുർബാനയിൽ അപ്പവും വീഞ്ഞും കൂദാശ ചെയ്യുന്നത്? മാനുഷിക പരിമിതികൾമൂലം സർവ്വവ്യാപിയും പ്രപഞ്ചാതീതനുമായ ദൈവത്തെ നമുക്ക് പൂർണമായി മനസ്സിലാക്കാനോ അനുഭവിക്കാനോ സാധിക്കില്ല. അതുകൊണ്ടാണ് മിശിഹാതമ്പുരാൻ സഭയിൽ കൗദാശിക സാന്നിധ്യം സ്ഥാപിച്ചത്.

സർവ്വവ്യാപിയും നമ്മുടെ ഹൃദയത്തിൽ നിരന്തരം വസിക്കുന്നവനുമായ മിശിഹാ പരിശുദ്ധ കുർബാനയുടെ സാന്നിധ്യനുഭവം നമുക്ക് നൽകുന്നു. പ്രപഞ്ചാതീതനായ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ കൗദാശിക പ്രതീകമാണ് സഭയിൽ കിഴക്കു ദിക്ക്. ദൈവ സാന്നിധ്യത്തിന്റെയും സ്വർഗ്ഗത്തിന്റെയും പ്രതീകമായാണല്ലോ ദൈവാലയത്തിൽ മദ്ബഹ (വിശുദ്ധ സ്ഥലം) സ്ഥാപിക്കുന്നത്. അതിന്റെ അർഥം മദ്ബഹ മാത്രമേ വിശുദ്ധമായുള്ളൂ എന്നല്ലല്ലോ? സ്വർഗ്ഗത്തിന്റെയും മിശിഹായുടെ രണ്ടാമത്തെ വരവിന്റെയും പ്രതീകമാണ് സഭയിൽ കിഴക്കു ദിക്കും കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാർത്ഥനയും. മിശിഹായുടെ രണ്ടാമത്തെ വരവിലേക്കു- സ്വർഗീയ ജെറുസലേമിലേക്കു തീർത്ഥാടനം നടത്തുന്ന ഒരു തീർത്ഥാടകയാണ് സഭയെന്നും അവളുടെ ലക്ഷ്യവും അഭയസ്ഥാനവും ഐഹികമല്ലെന്നും കിഴക്കോട്ടു തിരിഞ്ഞുള്ള ആരാധന സമ്യക്കായി അവതരിപ്പിക്കുന്നു.

കിഴക്കിനഭിമികമായുള്ള കുർബാന ശരിക്കും ഒരു നാടകാവിഷ്കാരമാണ്. മദ്‌ബഹായ്ക്കു മുൻപിൽ കർട്ടനും ഒക്കെയാകുമ്പോൾ ആകെ ഒരു നാടകത്തിന്റെ പ്രതീതി. യഥാർത്ഥത്തിൽ നാടകമല്ലല്ലോ പ്രാർത്ഥനയല്ലേ വേണ്ടത്?

നാടകത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ് eye contact. നടൻ അഭിനയിക്കേണ്ടത് കാഴ്ചക്കാരെ നോക്കിയാണ്, കാഴ്ചക്കാരെ കാണിക്കാൻ വേണ്ടിയാണ്. അങ്ങനെ നോക്കുമ്പോൾ ജനാഭിമുഖ കുര്ബാനയാണ് നാടകമായി പരിണമിക്കുന്നത്. ആഘോഷമായ ജനാഭിമുഖ കുർബാന ഒരു മെഗാ ഷോ ആയി മാറുന്നു. ജനങ്ങളിലേക്ക് തിരിഞ്ഞു അവർക്കു പ്രീതികരമായ ഘടകങ്ങൾ ചേർത്തൊരുക്കുന്ന ഒരു വിസ്മയക്കാഴ്ച. ദൈവാരാധന ഒരു നാടകാവതരണമല്ല. അത് സഭ തന്റെ തലയായ മിശിഹായോടൊപ്പം പിതാവിനർപ്പിക്കുന്ന നിത്യാരാധനയിലുള്ള പങ്കു ചേരലാണ്. വൈദികനും ജനങ്ങളുമെല്ലാം ആരാധകന്റെ വേഷത്തിലാണ് ആരാധനയിൽ നിലകൊള്ളുന്നത്. അതുകൊണ്ടാണ് അവർ ഒരേ ദിശയിലേക്കു നിൽക്കുന്നത്. ആരാധനാ സ്വീകരിക്കുന്നത് ദൈവമാണ്. വൈദികൻ ജനത്തിനുവേണ്ടി ആരാധനാനാടകം കെട്ടിയാടുന്ന കലാകാരനല്ല, മറിച്ചു ജനത്തിന്റെ ഭാഗമായി നിന്ന് സഭയുടെ ആരാധനക്ക് നേതൃത്വം നല്കുന്നവനാണ്. ഒരു തീർത്ഥാടനത്തിൽ നയിക്കുന്നവനും നയിക്കപ്പെടുന്നവരും ഒരേ ദിശയിൽ ആയിരിക്കണമല്ലോ? ലക്‌ഷ്യം ദൈവം മാത്രമാണ്. വൈദികനും ദൈവത്തിലേക്ക് യാത്ര ചെയ്യുന്നവൻ തന്നെ.

ജനാഭിമുഖ കുര്ബാനയിലാണല്ലോ വൈദികനും ജനങ്ങളും തമ്മിൽ കൂടുതൽ ബന്ധമുള്ളത്? കിഴക്കിനഭിമുഖമായുള്ള കുർബാനയിൽ വൈദികൻ ജനത്തിൽനിന്നു അകന്നല്ലേ നിൽക്കുന്നത്?

ഇത് മറ്റൊരു മിഥ്യ ധാരണയാണ്. ജനത്തിന് എതിര്ദിശയിലുള്ള നിൽപ് ക്ലറിക്കലിസത്തിന്റെ ശക്തമായ അവതരണമാണ്. വൈദികൻ ജനത്തിന് എതിർ ദിശയിൽ നിൽക്കുന്നവനാണ്. തീർത്ഥാടക സമൂഹമായ സഭക്കു വൈദികൻ ലക്ഷ്യസ്ഥാനമായി മാറുകയാണ്. ആരാധനയിൽ ആരാധിക്കപ്പെടേണ്ടത് വൈദികനല്ല. സ്വർഗോന്മുഖ തീർത്ഥാടനത്തിൽ ദൈവജനത്തിനെതിരെ ദിശയിൽ നിലകൊള്ളേണ്ടവനല്ല വൈദികൻ! സഭയുടെ വളരെ വികലമായ ചിത്രമാണ് ജനാഭിമുഖ കുർബാന വരക്കുന്നത്.
സിറോ മലബാർ സഭയുടെ കുർബാനയിൽ പകുതി സമയവും വൈദികൻ ജനമധ്യത്തിൽ ജനത്തോടൊപ്പം ബേമയിൽ ആണ്. ഹൈക്കല മധ്യത്തിൽ ബേമ സ്ഥാപിക്കുന്നതിലും മനോഹരമായി ക്ലറിക്കലിസത്തോടു പൊരുതാൻ പറ്റുമെന്ന് തോന്നുന്നില്ല. ജനത്തിന് എതിർ ദിശയിൽ നിൽക്കുന്നത് വൈദികനെ സംബന്ധിച്ചിടത്തോളം ഒരു ആഡംബരമാണ്: ജനത്തിൽ നിന്നും വളരെ അകലങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്ന പൗരോഹിത്യാഡംബരം. വൈദികനും ആരാധകനാകട്ടെ; സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന ആരാധനാസമൂഹത്തെ അവൻ നയിക്കട്ടെ.

ജനാഭിമുഖ കുര്ബാനയിലല്ലേ ജനത്തിന് കുർബാനയർപ്പണം കാണാൻ സാധിക്കുന്നത്? എന്തിനാണ് ജനത്തിൽ നിന്ന് കുർബാനയർപ്പണം മറച്ചു പിടിക്കുന്നത്?

കുർബാനയിൽ നടക്കുന്നത് ദൈവാരാധനയാണ്. ഒരു നാടകാവിഷ്കാരമല്ല. അവിടെ നടക്കുന്നത് രഹസ്യങ്ങളുടെ ആഘോഷമാണ്. രഹസ്യം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ടതില്ല. കൊന്തയിൽ അഞ്ചു “രഹസ്യങ്ങൾ” വീതം ചൊല്ലുന്ന നമുക്ക് പക്ഷേ കുർബാന ഒരു രഹസ്യമാണെന്നു ചിന്തിക്കാൻ വയ്യ. രഹസ്യം എന്നാൽ secret അല്ല, മറിച്ചു mystery ആണ്. അത് മറച്ചു പിടിക്കുന്നതുകൊണ്ടല്ല രഹസ്യമായിരിക്കുന്നതു. തുറന്നു മലർത്തി പിടിച്ചാലും നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്തതിനാലാണ് രഹസ്യം എന്ന് പറയുന്നത്. കുർബാന മനുഷ്യബുദ്ധിക്കും സങ്കല്പങ്ങൾക്കും അപ്പുറമാണ്. ഈ രഹസ്യാത്മകത കൗദാശികമായി പ്രതിനിധീകരിക്കപ്പെടുന്നതിന്റെ ഭാഗമാണ് ശോശപ്പാ കൊണ്ട് മൂടുന്നതും മദ്ബഹക്ക് വിരി ഉപയോഗിക്കുന്നതും ഒക്കെ. രഹസ്യാത്മകതയും (sense of mystery) കൗദാശികതയും നഷ്ടപ്പെട്ടാൽ പിന്നെ മതം നിലനിൽക്കില്ല.

പാശ്ചാത്യ സഭയുടെ അനുഭവം മനസ്സിൽ വയ്ക്കുന്നത് നന്നായിരിക്കും. രണ്ടാം വത്തിക്കാൻ സൂനഹദോസ് മനസ്സിൽപോലും കാണാത്ത (സൂനഹദോസ് ഒരു ഘട്ടത്തിലും ജനാഭിമുഖ കുർബാന എന്ന ആശയം മുൻപോട്ടു വച്ചിട്ടില്ല) അതിന്റെ ജാര സന്തതിയായിരുന്നല്ലോ ജനാഭിമുഖ കുർബാന. ജനത്തിന് കൂടുതൽ അനുഭവവേദ്യമാകുന്നതിനും ലളിതമായിരിക്കുന്നതിനും വേണ്ടിയാണല്ലോ ജനാഭിമുഖ കുർബാന നടപ്പിൽ വരുത്തിയത്? എന്നിട്ടു പാശ്ചാത്യ നാടുകളിൽ എന്ത് സംഭവിച്ചു? ഉള്ള പള്ളികൾകൂടി പൂട്ടിക്കൊണ്ടിരിക്കുകയാണ്. പള്ളിയിൽ നല്ല അനുഭവത്തോടെ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ജനസമൂഹം പോലും പള്ളീൽ വരാതായി. കഴിഞ്ഞ ഒരു അമ്പതു വർഷത്തിനിടയിൽ പാശ്ചാത്യ നാടുകളിൽ പള്ളീൽ വരുന്നവരുടെ എണ്ണം എത്ര കണ്ടു കുറഞ്ഞെന്നുള്ളത് വിശദീകരിക്കേണ്ടതില്ലല്ലോ. അവിടെ ദൈവാനുഭം കിട്ടാത്തതുകൊണ്ട് പൗരസ്ത്യ നാടുകളിലെ അന്യമത ആരാധനകളിലേക്കും ആൾദൈവങ്ങളിലേക്കും പോലും അവർ വന്നു കൊണ്ടിരിക്കുവാണ്. ജനാഭിമുഖ ആരാധനക്ക് ദൈവാനുഭവം നല്കാൻ സാധിക്കുന്നില്ലെന്നുള്ളത് വ്യക്തമാണല്ലോ. പാശ്ചാത്യ സഭയുടെ അനുഭവം നമുക്ക് സംഭവിക്കാതിരിക്കണമെങ്കിൽ ജനാഭിമുഖ കുർബാന എന്ന അബദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.

ഉപസംഹാരം

പാശ്ചാത്യസഭയിൽ കഴിഞ്ഞ 50 വർഷത്തിനിടയിൽ മാത്രം പ്രത്യക്ഷപ്പെട്ട ഒരു ആരാധനാവൈകൃതം ആണ് ജനാഭിമുഖ കുർബാന. പാശ്ചാത്യമായതെല്ലാം മെച്ചമാണെന്ന അപകര്ഷതാബോധമാണ് ജനാഭിമുഖ കുർബാനയിൽ പിടിച്ചിതൂങ്ങുന്ന സിറോ മലബാർ രൂപതകൾ നയിക്കുന്നത്. ശ്ലൈഹീക സഭകളുടെയെല്ലാം ഇടമുറിയാത്ത ,പൊതു പാരമ്പര്യമായ കിഴക്കിനഭിമുഖമായ കുര്ബാനയിൽനിന്നുള്ള വ്യതിചലനം പാശ്ചാത്യ സഭയിൽ രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം ഉടലെടുത്ത ഒരു പാഷണ്ഡതയാണ്. പാശ്ചാത്യ സഭയെ വിഷുങ്ങിക്കൊണ്ടിരിക്കുന്ന വിശ്വാസരാഹിത്യത്തിന്റെ മൂലകാരണമായ ഈ ദുർഭൂതത്തിൽനിന്നും രക്ഷപെടാനുള്ള ശ്രമങ്ങൾ അവരുടെ ഇടയിൽ ആരംഭിച്ചു കഴിഞ്ഞു. ജനാഭിമുഖ കുർബാനക്ക് വേണ്ടി വാദിച്ചു നമ്മുടെ സഭയുടെ ശ്ലൈഹീക പാരമ്പര്യവും വിശ്വാസ പൈതൃകവും നശിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.