സി.ഐ.ടി.യു സമരം മൂലം അടച്ചിടേണ്ടി വന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകകള്‍ പൂട്ടാനൊരുങ്ങുന്നു.ഇന്നലെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ച് ജീവനക്കാരെ തടഞ്ഞുനിര്‍ത്തി സംഘര്‍ഷാവസ്ഥ സ്യഷ്ടിച്ച സാഹചര്യത്തിലാണ് ശാഖകള്‍ അടച്ചുപൂട്ടുകയാണെന്ന പ്രസ്താവനയുമായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് രംഗത്തെത്തിയത്.രണ്ടരവര്‍ഷത്തിനിടെ സമരം മൂലം നിരവധി സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതായും പകൂതിയിലധികം ശാഖകള്‍ പൂട്ടേണ്ടി വന്നതായും അത് കമ്പനിയുടെ വരുമാനത്തില്‍ വന്‍ നഷ്ടം വരുത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ രാവിലെ മുതലാണ് ബാനര്‍ജി റോഡിലെ ഹെഡ് ഓഫീസ് സി.ഐ.ടി.യു ഉപരാധിച്ചത്.മാനേജിംഗ് ഡയറക്ടറെ ഉള്‍പ്പടെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ജീവനക്കാര്‍ പോലീസ് സംരക്ഷണം തേടുകയും പ്രതിഷേധവുമായി നിലത്ത് കുത്തിയിരിക്കുകയുമായിരുന്നു.ഇതിന് പിന്തുണ നല്‍കി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റും അവരോടൊപ്പം കുത്തി ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.തങ്ങളുടെ ജീവനക്കാര്‍ ആരും തന്നെ ഒരു യൂണിയന്റെയും ഭാഗമല്ലെന്നും തങ്ങളുടെ ജീവനക്കാര്‍ക്ക് മികച്ച ശമ്പള വ്യവസ്ഥ തന്നെയാണ് നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന് മുന്‍പേ നോട്ടീസ് നല്‍കിയിരുന്നതാണെന്നും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നു തിരുവനന്തപുരത്തു ചർച്ച നടക്കുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു.