പാവപ്പെട്ട നഴ്സുമാർ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ദുർവിനിയോഗം ചെയ്ത യുണൈറ്റഡ് നഴ്സസ് അസോസിയേഷനെതിരേയുള്ള ഗുരുതരമായ ആരോപണങ്ങളിലെ യാഥാർഥ്യം വെളിച്ചത്തു കൊണ്ടുവരുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
നഴ്സുമാരുടെ ശക്തമായ സംഘടനയായി വളർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) ഭാരവാഹികൾക്കെതിരേ ഗുരുതരമായ സാന്പത്തിക ക്രമക്കേട് ആരോപിക്കപ്പെടുന്നു. സംഘടനയുടെ ഭാരവാഹികളായിരുന്നവർതന്നെ ഇത്തരമൊരു ആരോപണവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സമരം നടത്തിയതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കു ജോലി നൽകുന്നതിന് ആശുപത്രി വിലയ്ക്കു വാങ്ങി പ്രവർത്തിപ്പിക്കാനെന്ന പേരിൽ തുടങ്ങിയ പദ്ധതിക്കെതിരേയും ആരോപണം.
തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി 15 കോടി രൂപയ്ക്കു വിലയ്ക്കു വാങ്ങാനായിരുന്നുവത്രേ പദ്ധതി. അതിന് അഡ്വാൻസ് നൽകാൻ സംഘടനയിലെ അംഗങ്ങളായ നഴ്സുമാരിൽനിന്നു വൻതോതിൽ പണപ്പിരിവു നടത്തിയിരുന്നു. ഇതിലും തിരിമറി നടന്നതായി ആരോപണമുണ്ട്. കോടിക്കണക്കിനു രൂപയുടെ തിരിമറി സംബന്ധിച്ച കേസിൽ അന്വേഷണം നടക്കുകയാണ്.
സ്വകാര്യ ആശുപത്രികളിലെ സേവന- വേതന വ്യവസ്ഥകളുടെ പേരിൽ നടന്ന സമരങ്ങളിലൂടെയാണു യുഎൻഎയ്ക്കു വേരുപിടിക്കാനായത്. സംസ്ഥാനത്തെ ചില ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കത്തക്ക വിധത്തിൽ സമരം വ്യാപിപ്പിക്കാൻ സംഘടനയ്ക്കു കഴിഞ്ഞു. സമരവും സർക്കാരിന്റെ ചില അനാവശ്യ നിയന്ത്രണങ്ങളും മൂലം പല ചെറുകിട ആശുപത്രികളും പൂട്ടിപ്പോയി. ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിൽ നിർണായക സേവനം നൽകിയിരുന്ന ചികിത്സാകേന്ദ്രങ്ങളായിരുന്നു ഇവയെല്ലാം. ചില സമുദായങ്ങൾ നടത്തുന്ന ആശുപത്രികൾക്കെതിരേ സമരം നടത്തുന്നതിനു സംഘടനയുടെ ചില നേതാക്കൾക്കു പ്രത്യേക താത്പര്യമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ഏതായാലും സംഘടനയ്ക്കു കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ടായത് പാവപ്പെട്ട നഴ്സുമാരെ പിഴിഞ്ഞിട്ടാണെന്നതു വസ്തുത. ആ പണം തോന്നുംവിധം ഉപയോഗിച്ചതിനെതിരേയാണു സംഘടനയുടെ അംഗങ്ങളും മുൻ ഭാരവാഹികളും പരാതിപ്പെട്ടത്. ഇതു സംബന്ധിച്ച കേസിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം പൂർത്തിയാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.
ആസൂത്രിതമായ അഴിമതിയാണു യുഎൻഎയിൽ നടന്നതെന്നു ക്രൈംബ്രാഞ്ച് തയാറാക്കിയ എഫ്ഐആറിൽ ചൂണ്ടിക്കാട്ടി. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായാണ് ഒന്നാം പ്രതി. മൂന്നരക്കോടി രൂപയുടെ അഴിമതി ആരോപണത്തെക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. 2017 ഏപ്രിലിനും 2019 ജനുവരിക്കും ഇടയിൽ സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയതിന്റെ രേഖകൾ ലഭ്യമായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്.
ദേശീയ സംഘടനയാണെങ്കിലും യുഎൻഎ പിരിച്ചെടുത്ത പണം മുഴുവൻതന്നെ കേരളത്തിലെ നഴ്സുമാരിൽനിന്നായിരുന്നു. 2017-19 കാലത്തു മാത്രം പതിനായിരത്തോളം അംഗങ്ങളിൽനിന്ന് മാസവരിയിനത്തിലും മറ്റും ആറുകോടി രൂപയോളം പിരിച്ചു. ഈ പണമാണു ചിലർ ദുർവ്യയം ചെയ്തത്. സംഘടനയുടെ ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള വിശദമായ സ്റ്റേറ്റ്മെന്റ് അംഗങ്ങൾക്കു വിതരണം ചെയ്യുമെന്നു പ്രസിഡന്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതു നടന്നില്ല. സംഘടനാ പ്രവർത്തനങ്ങൾക്കും ഓഫീസ് വാടക ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കുമായി ഒരു കോടി 40 ലക്ഷം രൂപ ചെലവഴിച്ചതിനു രേഖകളുണ്ട്. എന്നാൽ മറ്റു പല ധനവിനിയോഗങ്ങളെ സംബന്ധിച്ചും പരാതി നിലനിൽക്കുന്നു. പ്രളയദുരന്ത സഹായനിധിയെന്ന പേരിൽ വിദേശത്തുള്ള നഴ്സുമാരിൽനിന്നു പണപ്പിരിവു നടത്തുകയും ചെയ്തിരുന്നു. യുഎൻഎ ലക്ഷക്കണക്കിനു രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണു പ്രസിഡന്റ് അവകാശപ്പെടുന്നത്.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടു യുഎൻഎ കഴിഞ്ഞ വർഷം നടത്തിയ സമരത്തിനു വലിയ പിന്തുണ ലഭിച്ചിരുന്നു. മിനിമം വേതനം ഇരുപതിനായിരം രൂപയാക്കി പ്രഖ്യാപനം വന്നെങ്കിലും വിജ്ഞാപനം ഇറങ്ങിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹവും ചേർത്തലയിൽനിന്നു സെക്രട്ടേറിയറ്റിലേക്കു ലോംഗ് മാർച്ചും നടത്തി. ചേർത്തലയിലെയും കോട്ടയത്തെയും സ്വകാര്യ ആശുപത്രികളിൽ യുഎൻഎ നടത്തിയ സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുന്ന തലത്തിലേക്കു സമരം വളർത്താൻ സംഘടനയ്ക്കു കഴിഞ്ഞു.
നഴ്സുമാരുടെ സമരം സജീവമാകുന്നതിനും ശന്പള പരിഷ്കരണം സംബന്ധിച്ച അന്തിമ ഉത്തരവ് ഉണ്ടാകുന്നതിനും മുന്പുതന്നെ കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ(ചായ്) കേരള ഘടകത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന, മുന്നൂറിലധികം കിടക്കകളുള്ള, കത്തോലിക്കാ ആശുപത്രികളിലെല്ലാംതന്നെ പുതിയ ശന്പളക്രമം നിലവിൽവന്നിരുന്നു. ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി(ഐആർസി) ശിപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കെസിബിസി ഹെൽത്ത് കമ്മീഷനും ശന്പളവർധനയ്ക്കു ശിപാർശ നല്കിയിരുന്നു. നഴ്സുമാരല്ലാത്ത ആശുപത്രി ജീവനക്കാർക്കും ആനുപാതികമായ ശന്പളവർധന നടപ്പാക്കി.
സംസ്ഥാനത്തു സ്വകാര്യമേഖലയിൽ ചെറുതും വലുതുമായ മൂവായിരത്തോളം ആശുപത്രികളാണുള്ളത്. ഇതിൽ ഇരുനൂറോളം ആശുപത്രികളാണു ചായ് കേരളയ്ക്കു കീഴിലുള്ള കത്തോലിക്കാ മാനേജ്മെന്റ് ആശുപത്രികൾ. ലാഭേച്ഛയില്ലാതെയും ന്യായമായ വേതനം നൽകിയും ആശുപത്രികൾ നടത്തണമെന്ന നിലപാട് സഭ വ്യക്തമാക്കിയിട്ടുണ്ട്. നഴ്സുമാരുടെ സേവനത്തിന്റെ മഹത്ത്വം ഉയർത്തിക്കാട്ടുന്നതിനും അവരുടെ ആവശ്യങ്ങൾ സ്ഥാപിക്കുന്നതിനും എന്നും മുന്നിൽനിന്നിരുന്ന ദീപികയെക്കുറിച്ചും തെറ്റിദ്ധാരണകൾ പരത്താൻ ചിലർ ശ്രമിച്ചിരുന്നു. ആസൂത്രിതമായ ഈ ശ്രമം ആദ്യഘട്ടത്തിൽ പലരും തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീടവർക്കു വസ്തുതകൾ ബോധ്യപ്പെട്ടു.
ആതുരശുശ്രൂഷാ രംഗത്തിന്റെ നിലനില്പും നഴ്സുമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളുടെ പൂർത്തീകരണവും സമൂഹത്തിന്റെ ആവശ്യമാണ്. അതേസമയം, സംഘടനാ പ്രവർത്തനത്തിന്റെ പേരിലും സമരപരിപാടികളുടെ പേരിലും നഴ്സുമാരെ പിഴിഞ്ഞെടുത്ത പണം ദുർവിനിയോഗം ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. സമൂഹത്തിനു വലിയ നന്മ ചെയ്യുന്നവരായ നഴ്സുമാർക്കു മാന്യമായി ജീവിക്കാനുള്ള സാഹചര്യം ലഭ്യമാക്കണം. എല്ലാത്തരം ചൂഷണത്തിൽനിന്നും അവരെ രക്ഷിക്കുകയും വേണം.
കടപ്പാട്- ദീപിക