കൊച്ചി: കൊച്ചി മെട്രോ തൈക്കൂടത്തേക്കു യാത്ര തുടങ്ങി. പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷനായി. മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെ 5.65 കിലോമീറ്റർ ദൂരത്തേക്കു കൂടിയാണു മെട്രോ ഓടിത്തുടങ്ങുന്നത്. ഈ പാതയിൽ അഞ്ചു സ്റ്റേഷനുകളാണുള്ളത്. ഉദ്ഘാടന ദിവസം രണ്ടു സർവീസുകൾ മാത്രമേ ഉണ്ടായിരിക്കൂ. യാത്രക്കാർക്കുള്ള സർവീസ് ബുധനാഴ്ച രാവിലെ ആറിനു തുടങ്ങും.പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോ പാതയുടെയും കൊച്ചി വാട്ടർ മെട്രൊയുടെ ആദ്യ ടെർമിനലിന്റെയും നിർമാണോദ്ഘാടനവും നടക്കും. തുടർന്നു മുഖ്യാതിഥികളെയും വഹിച്ചു മെട്രോ ട്രെയിൻ തൈക്കൂടത്തേക്ക് ആദ്യ സർവീസ് നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് മന്ത്രി കെ.കെ. ശൈലജക്കൊപ്പം നഴ്സുമാരും തുടർന്നു വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സർവീസിൻറെ ഭാഗമാവും.എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രോ സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്. ഇതോടെ ആലുവ മുതൽ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. പുതിയപാത കമ്മീഷൻ ചെയ്യുന്നതോടെ ആലുവയിൽനിന്നു തൈക്കൂടത്തു നിന്നുമാകും രാവിലെ സർവീസുകൾ തുടങ്ങുക.
മഹാരാജാസ്-തൈക്കൂടം സർവീസ് ഉദ്ഘാടനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് നാളെ മുതൽ 18 വരെ 14 ദിവസം യാത്രാ നിരക്കിൽ കഐംആർഎൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അന്പത് ശതമാനമാണ് നിരക്കിളവ്.