ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

സീറോ മലബാർ സിനഡിനുശേഷം അഭി. പിതാക്കന്മാർ പ്രസിദ്ധീകരിച്ച സർക്കുലറിന്റെ CV പശ്ചാത്തലത്തിൽ പലവിധത്തിലുള്ള പ്രതികരണങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണുന്നുണ്ട്. സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം പിതാക്കന്മാരുടെ ചർച്ചകളുടെ ഫലമാണെന്ന് നമുക്കറിയാം. അതിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും എല്ലാവർക്കും ഒരുപോലെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല. പ്രത്യേകിച്ചും അഭിവന്ദ്യ ആലഞ്ചേരി പിതാവിനെതിരെ വളരെ ബോധപൂർവം നടത്തിയ നീക്കങ്ങൾക്കെതിരെ മറ്റു പിതാക്കന്മാർ പരസ്യവേദികളിൽ നിശബ്ദരായിരുന്നപ്പോഴും അതിനെ ചെറുക്കാൻ കുറച്ചെങ്കിലും ശ്രമിച്ചവരും ആ സർക്കുലറിൽ സഭാവിരുദ്ധരുടെ പട്ടികയിലാണ് എണ്ണപ്പെട്ടിരിക്കുന്നത് എന്നുവരുമ്പോൾ. നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ അതിൽ അന്യായമുണ്ടെന്ന് തോന്നുന്നതിൽ അപാകതയില്ല. എന്നാൽ അങ്ങനെയൊരു സാഹചര്യത്തോടും പ്രതികരിക്കുമ്പോൾ സഭയെ സ്നേഹിക്കുന്നവരുടെ പ്രതികരണശൈലി നന്മയുള്ളതായിരിക്കണം. അല്ലെങ്കിൽ അത് യഥാർത്ഥത്തിൽ സഭാസ്നേഹമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സഭയെന്നാൽ ഈശോമിശിഹാ തന്നെയാണെന്ന സത്യം നമുക്കു മുമ്പിലുള്ളപ്പോൾ സഭയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഈശോമിശിഹായ്ക്കു യോജിക്കാത്ത ശൈലികൾ സ്വീകരിക്കുകയെന്നത് അനുചിതമാണ്. കുറച്ചുപേരെങ്കിലും അസഭ്യമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് അഭി. പിതാക്കന്മാരെ വിശേഷിപ്പിക്കുന്നതു കണ്ടു. കൂട്ടത്തിൽ, അല്മായരാണ് സഭ, മെത്രാന്മാർ അധികം കളിക്കണ്ട എന്നതരത്തിലുള്ള കമന്റുകളും. ഈ മെത്രാന്മാരും സഭയുടെ ഭാഗംതന്നെയാണെന്ന് അറിയാത്തവരല്ല അങ്ങനെ അഭിപ്രായം പറയുന്നതെന്നറിയാം. ആരാധനക്രമം അവികലമായി അർപ്പിക്കപ്പെടുന്നതിനുവേണ്ടി നിരന്തരം ശബ്ദിക്കുകയും അവയുടെ പഠനത്തിൽ തീക്ഷണതയോടെ പങ്കെടുക്കുകയും ഒരുപക്ഷെ വൈദികരെക്കാൾ കൂടുതൽ ഇക്കാര്യത്തിൽ അറിവും ബോദ്ധ്യവുമുള്ളവരുമാണ് അവരിൽ പലരും. അതുതന്നെയാണ് ഏറെ സങ്കടകരമായ അവസ്ഥയും. അർപ്പിക്കുന്ന കൂദാശകളുടെ ചൈതന്യം ജീവിതത്തിൽ പകർത്തപ്പെടാത്തതാണ് സഭയുടെ ഇന്നത്തെ ഏറ്റവും വലിയ ദൌർഭാഗ്യം. സഭയുടെ ആരാധനക്രമത്തിന്റെ ആഘോഷം എന്നത് വി. കുർബാനയുടെയും മറ്റു കൂദാശകളുടെയും അനുഷ്ഠാനവിധികളിൽ ഒരു കുറവും വരാതെ അനുഷ്ഠിക്കുന്നതാണെന്ന വലിയൊരു തെറ്റിധാരണ ചിലർക്കെങ്കിലും ഉള്ളതായി തോന്നുന്നു. വി. കുർബാനയെന്നത് സ്നേഹത്തിന്റെ എറ്റവും വലിയ ആഘോഷമാണെങ്കിൽ ആ സ്നേഹത്തിനു ഭംഗംവരുത്തുന്ന ഏതെങ്കിലും മനോഭാവം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് നടത്തുന്ന വി. കുർബാനയർപ്പണങ്ങളെല്ലാം എത്ര പൂർണതയിൽ ആഘോഷിക്കപ്പെടുന്നതാണെങ്കിലും വെറും കെട്ടുകാഴ്ച്ചകൾ മാത്രം. വി. കുർബാനയെന്നത് ഈശോമിശിഹായുടെ രക്ഷാകരപദ്ധതിയുടെ സഭയിലെ ആഘോഷമാണെന്നു ബോദ്ധ്യമുള്ളവർക്ക് ആരെക്കുറിച്ചും സ്നേഹരഹിതമായി ചിന്തിക്കാനാവില്ല. ആരോടെങ്കിലും ആശയപരമായി വിയോജിക്കുമ്പോഴും കർശനമായി വിമർശിക്കുമ്പോഴും അടിസ്ഥാനപരമായ കൂട്ടായ്മയുടെ ചൈതന്യം പാലിക്കാൻ സാധിക്കാത്തവരുടെ കുർബാനയർപ്പണങ്ങളും ആരാധനക്രമപഠനങ്ങളുമൊക്കെ ജീവനില്ലാത്ത വെറും പാഴ്വേലകളാണ്. സംസാരത്തിലും പ്രവർത്തിയിലും സ്നേഹവും അടിസ്ഥാന മാന്യതയും പുലർത്താതെ എങ്ങനെ നമുക്കു യോഗ്യതയോടെ ബലിയർപ്പിക്കാൻ പറ്റും.. മെത്രാന്മാരെയും വൈദികരെയുമൊക്കെ അസഭ്യവാക്കുകൾകൊണ്ട് വിശേഷിപ്പിക്കുവരും അഭി.പിതാവിന്റെ കോലംകത്തിച്ചവരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടുകൂട്ടരുടെയും ലക്ഷ്യം രണ്ടാണന്നേയുള്ളു. അതുകൊണ്ട് സഭയെയും ആരാധനക്രമത്തെയും സ്നേഹിക്കുന്നവർ തങ്ങളുടെ പ്രതികരണശൈലിയിൽ സഭ്യത വിട്ടു പെരുമാറുമ്പോൾ തങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചില നന്മകൾക്കെതിരെ സ്വയം സാക്ഷ്യം നല്കുകയാണെന്നു മറക്കാതിരിക്കാം…. ഞാൻ എതിർക്കുന്നത് വിമർശനങ്ങളെയല്ല, വിമർശനശൈലികളെ മാത്രം.