ദുബായ്∙ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ശബ്ദരേഖ തന്റേതു തന്നെയെന്നു യുവ വ്യവസായി നാസില്‍ അബ്ദുല്ല. കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുളള ഒരാളുടെ പക്കലായിരുന്നു. ഇത് പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുളളതെന്നും നാസില്‍ വ്യക്തമാക്കി.

തുഷാറിനെ ചെക്ക് കേസിൽ കുടുക്കാൻ അജ്മാനിലെ നാസിൽ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തു വന്നത്. കബീർ എന്നയാളോടാണു തുഷാറിനെ ചെക്ക് കേസിൽ കുടുക്കാൻ വേണ്ടി താൻ തയാറാക്കിയ പദ്ധതി വിശദീകരിച്ച് ഒരു വ്യക്തി സഹായമഭ്യർഥിക്കുന്നത്. ഇയാളുടെ പേര് സന്ദേശത്തിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഇരുപതോളം ശബ്ദരേഖകളാണ് ഇന്നലെ രാത്രി മാധ്യമങ്ങൾക്കു ലഭിച്ചത്.

നാട്ടിൽനിന്നു ചെക്ക് സംഘടിപ്പിച്ചാണ് ഗൂഢാലോചന നടത്തിയിട്ടുള്ളത്. 25,000 ദിർഹം നൽകിയാൽ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും തുടർന്ന് ഷാർജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നൽകി ‘പൂട്ടുകയാണു’ തന്റെ ലക്ഷ്യമെന്നും സന്ദേശങ്ങളിൽ വിശദീകരിക്കുന്നു. ചെക്ക് ലഭിക്കാനായി നാട്ടിൽ അഞ്ചു ലക്ഷം രൂപ നൽകാനാണു സുഹൃത്തിനെ പ്രേരിപ്പിക്കുന്നത്. കേസിനു ബലം നൽകാനുള്ള രേഖകളൊക്കെ താൻ സംഘടിപ്പിച്ചു വരികയാണെന്നും വ്യക്തമാക്കുന്നുണ്ട്.പുറത്തുവന്ന സംഭാഷണം പൂര്‍ണമല്ലെന്നും നാസില്‍ വ്യക്തമാക്കി. സത്യം തെളിഞ്ഞതായി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു