കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പുതിയ വികർ ആർച്ച്ബിഷപ്പിനെ സീറോ മലബാർ സിനഡ് പ്രഖ്യാപിച്ചു. മാണ്ഡ്യ രൂപത മെത്രാനായ മാർ ആന്റണി കരിയിൽ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികർ ആർച്ച്ബിഷപ്. എറണാകുളത്തും അതേസമയം തന്നെ റോമിലും പുതിയ മെത്രാന്റെ നിയമനം പ്രഖ്യാപിച്ചു. പുതിയ വികർ ആർച്ച്ബിഷപ് വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരും.
എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ ബിഷപ്പായും മറ്റൊരു സഹായ മെത്രാനായിരുന്ന മാർ ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചിട്ടുണ്ട്. ഫരീദാബാദ് രൂപത പരിധിക്കുള്ളിലായിരിക്കും പുതിയ മെത്രാന്റെ ആസ്ഥാനം. സിഎംഐ സഭാംഗമായ മാർ വിൻസന്റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോർ ബിഷപ്പായും നിയമിച്ചു.