കോട്ടയം: സിസ്റ്റര്‍ അഭയക്കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നൂവെന്നതിന് നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു ഏലിയാസ്. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ കൊലക്കുറ്റം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കുറ്റം ഏറ്റുപറഞ്ഞാല്‍ രണ്ട് ലക്ഷം രൂപ വീട്ടിലെത്തിച്ച്‌ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും വെളിപ്പെടുത്തി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണക്കിടെ മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് മറുപടിയായിരുന്നു വെളിപ്പെടുത്തല്‍. അതേസമയം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിനെതിരായ മൊഴിയില്‍ രാജു ഉറച്ച്‌ നില്‍ക്കുകയും ചെയ്തു.

അഭയ കൊല്ലപ്പെട്ട ദിവസം രണ്ട് പേര്‍ ഏണി കയറി കോണ്‍വെന്റിലേക്ക് പോകുന്നത് കണ്ടു. അതിലൊരാള്‍ തോമസ് കോട്ടൂരാണെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞ രാജു കോടതിയിലുണ്ടായിരുന്ന കോട്ടൂരിനെ ചൂണ്ടിക്കാണിച്ച്‌ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വിചാരണക്കിടെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയതിന് ശേഷം പ്രോസിക്യൂഷന് ലഭിക്കുന്ന നിര്‍ണായക മൊഴിയാണ് രാജുവിന്റേത്. വിചാരണ തുടരുകയാണ്.