ഫാ.നൗജിൻ വിതയത്തിൽ
ഇരിങ്ങാലക്കുട രൂപത
ഇന്നലെ നാട്ടിലെ ഹോളിഫാമിലി സന്യാസ ഭവനത്തിലേക്ക് ഒന്നു ഫോൺ വിളിച്ചിരുന്നു. നാട്ടിലെ മാധ്യമ കോലാഹലങ്ങൾ ഒക്കെ അറിയുന്നില്ലേ എന്ന എന്റെ സരസമായി ചോദ്യത്തിന് മദർ തന്ന മറുപടി വല്ലാതെ അതിശയിപ്പിച്ചു: “എല്ലാം അറിയുന്നുണ്ട് അച്ചോ… അതുകൊണ്ട് രണ്ടാഴ്ചയായി പ്രത്യേക പ്രാർത്ഥനയും ആരാധനയും ഉപവാസവും നടത്തുന്നുണ്ട്.” സത്യത്തിൽ വല്ലാത്തൊരു അതിശയമാണ് ആ മറുപടി നൽകിയത് ക്രൈസ്തവ സന്യാസവും സന്യാസ നിയമങ്ങളും ദൃശ്യമാധ്യമങ്ങളിൽ അന്തി ചർച്ചയ്ക്ക് വലിച്ചിഴക്കുമ്പോൾ, അതിനനുകൂലമായും പ്രതികൂലമായും വാക്ശരങ്ങൾ മുഴങ്ങുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നത് വിഡ്ഢിത്തം ആയും മൗനം ഭജിക്കുന്നത് ഭീരുത്വമായും വ്യാഖ്യാനിക്കുമ്പോൾ ഈ സന്യാസിനിമാരുടെ പ്രതികരണശൈലി വല്ലാത്തൊരു പ്രചോദനം തരുന്നുണ്ട്.
ബെന്യാമിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ “നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് വെറും കെട്ടുകഥകൾ ആണ്”. സന്യാസ ജീവിതവും വും അതിൻറെ ജീവിതവിശുദ്ധിയും സംശയദൃഷ്ടിയോടും പരിഹാസ ചുവയോടും മാത്രം നോക്കി കാണുന്നവർക്കു ഇതിനപ്പുറം എന്തു മറുപടി പറയാനാണ്.
ഒന്നോർത്താൽ നന്ന്… ഒരു വിദ്യാലയത്തിലോ അല്ലെങ്കിൽ ഒരു ദേവാലയത്തിലോ അതുമല്ലെങ്കിൽ ഒരു ആതുരാലയത്തിലോ എവിടെയെങ്കിലും വച്ച് ഒരു സന്യാസിയുടെ കരുതലുള്ള സ്നേഹം ഒരിക്കൽപോലും അനുഭവിച്ചിട്ടില്ലാത്ത എത്ര പേർ കാണും നമ്മുടെ ഇടയിൽ..? എന്നിട്ടും വെറും സംശയത്തിന് മൂന്നാം കണ്ണു മാത്രം വച്ച് അവരെ നോക്കി കാണുന്നതിലും മാധ്യമ വിചാരണയുടെ മുൻവിധിയോടെ മാത്രം ആ ജീവിതങ്ങളെ വിലയിരുത്തുന്നതിനും വലിയ അപരാധം എന്തുണ്ട് ….?
അനുഭവ കുറിപ്പ്
താൻ പോലും മറന്നു പോയ തന്റെ ജന്മദിനം ഓർത്തെടുത്തു പൂക്കളുമായി അവർ വന്നപ്പോൾ വികാരി അച്ഛൻ പറഞ്ഞു *”ഈ സിസ്റ്റേഴ്സ് സമ്മതിക്കണം….”*
“അച്ഛൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.” എന്ന് പറഞ്ഞു രാവിലെ മഠത്തിൽ നിന്നും എന്നും പാൽ കൊടുത്ത അയച്ചപ്പോൾ കൊച്ചച്ചൻ പറഞ്ഞു *“ഈ സിസ്റ്റേഴ്സ് സമ്മതിക്കണം….”*
മണിക്കൂറുകളോളം പള്ളി അലങ്കരിച്ചു ഒരു നന്ദി വാക്ക് പോലും സ്വീകരിക്കാതെ അൽത്താര വണങ്ങി അവരിറങ്ങി പോയപ്പോൾ കപ്യാർ തങ്കച്ചൻ ചേട്ടൻ പറഞ്ഞു *”സമ്മതിക്കണം ഈ സിസ്റ്റേഴ്സിനെ….”*
കഴുത്തോളം കടത്തിൽ മുങ്ങി ആത്മഹത്യയുടെ പടിവാതിൽക്കൽ നിൽക്കുമ്പോൾ വീട്ടിൽ വന്നു കയറിയ കന്യാസ്ത്രീമാർ പ്രാർത്ഥിച്ചു ധൈര്യപ്പെടുത്തി “പേടിക്കണ്ടാട്ടോ എല്ലാം ശരിയാകും..” എന്ന് പറഞ്ഞു ഇറങ്ങി പോയപ്പോൾ ആ കുടുംബം ഒന്നടങ്കം പറഞ്ഞു *”ഈ സിസ്റ്റേഴ്സിനെ സമ്മതിക്കണം ….”*
പ്രണയിച്ചവനെ വിവാഹം കഴിക്കാൻ പ്രാർത്ഥന പഠിക്കാൻ ആദ്യമായി മഠത്തിൽ ഇടനാഴി ചവിട്ടിയ ആ പെൺകുട്ടി പറഞ്ഞു *“സമ്മതിക്കണം ഈ സഹോദരിമാരേ….”*
മരണത്തിന്റെ ഇടനാഴിയിൽ നിന്നും ഒരു ആശുപത്രിക്കിടക്കയിൽ വച്ച് ജീവന്റെ വാതിലിലേക്കു തന്നെ കൈപിടിച്ചു നടത്തിയ ആ കന്യാസ്ത്രീയമ്മയെ നോക്കി ആ ചെറുപ്പക്കാരൻ പറഞ്ഞു *”ഈ സിസ്റ്ററിനെ സമ്മതിക്കണം”*
മരണം തണുപ്പിച്ച മൃതശരീരത്തിന് കാവലായി ഒരു രാത്രി മുഴുവൻ ഉറങ്ങാതെ പ്രാർത്ഥനയുടെ ജപമണികൾ അവർ ചൊല്ലി തീർത്തപ്പോൾ എന്റെ അമ്മ പറഞ്ഞു *”സിസ്റ്റേഴ്സ് സമ്മതിക്കണം”*
അന്ന്
കാണാനായി മഠത്തിൽ ചെന്നപ്പോൾ രാവിലെ മുതൽ എന്റെ അമ്മായിമാർ ഉപവാസത്തിൽ ആണ് എന്നറിഞ്ഞപ്പോൾ കൂടെ വന്ന കൂടപ്പിറപ്പുകൾ പറഞ്ഞു *”ഇവരെ സമ്മതിക്കണം…”*
ഇന്ന്
ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം സന്യാസിനി മാർ എനിക്കായ് അനുദിനം പ്രാർത്ഥനയുടെ കരം വിരിക്കുന്നു എന്നറിഞ്ഞപ്പോൾ അറിയാതെ ഞാനും പറഞ്ഞു പോകുന്നു *”ഈ സിസ് റ്റേഴ്സിനെ സമ്മതിക്കണം…!!!”*
*NB*: ക്രൈസ്ത സന്യാസ ആശ്രമങ്ങളെ വേശ്യാലയങ്ങൾ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരു ക്രിസ്ത്യൻ നാമധാരി യുടെ കമൻറ് ആണ് ഈ കുറിപ്പിന് ആധാരം. സഭ്യമായ ഭാഷ ഏറ്റെടുത്ത ജീവിതശൈലിക്ക് അനുയോജ്യമാണ് എന്ന തോന്നലാണ് ആണ് ഇത്രയും മാന്യമായ രീതിയിൽ മറുപടി പറയാൻ പ്രേരിപ്പിച്ചത്.
കാരണം സത്യസന്ധതയും ആത്മാർത്ഥതയും ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത മഞ്ഞ പത്രക്കാരും ഓൺലൈൻ ചാനലുകാരും ചേർന്ന് അവതരിപ്പി കെട്ടുകഥകൾ വിശ്വസിച്ചുകൊണ്ട് ദയവു ചെയ്തു ക്രൈസ്തവ സന്യാസ ജീവിതശൈലിയെ വിലയിരുത്തരുതേ…
നമ്മുടെ സങ്കല്പ ജീവിത ശൈലികൾക്കപ്പുറമുള്ള ആ പുണ്യജന്മങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാം…..