കാക്കനാട്: ക്രിസ്തുവിന്റെ മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖമാണ് സഭയുടെ സാമൂഹിക സേവനത്തിലൂടെ സാക്ഷ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഓരോ രൂപതയും സമർപ്പിത സമൂഹവും അല്മായർ നേതൃത്വം നല്കുന്ന പ്രസ്ഥാനങ്ങളും ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങൾ പ്രശംസനീയമാണ്. ഈ പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിക്കുകയാണ് സഭയുടെ ദൗത്യം. സീറോ മലബാർ സിനഡിനോടനുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭയുടെ സാമൂഹ്യസേവന പുരസ്‌കാരങ്ങൾ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു കർദിനാൾ. സ്പന്ദൻ ചെയർമാൻ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷനായിരുന്നു; മാർ ആന്റണി കരിയിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജേക്കബ് അങ്ങാടിയത്ത്, മോൺ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

സീറോ മലബാർ സോഷ്യൽ ഡെവലപ്‌മെന്റ് നെറ്റ് വർക്ക് (സ്പന്ദൻ) ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ ഫാ. വർഗീസ് ആലുംചുവട്ടിൽ (ഗോരാഖ്പൂർ രൂപത), സമർപ്പിതരുടെ വിഭാഗത്തിൽ സിസ്റ്റർ അഡ്വ. സുമ ജോസ് (എസ്.ഡി. സന്യാസ സമൂഹം), അല്മായ വിഭാഗത്തിൽ യു. സി. പൗലോസ് (ബൽത്തങ്ങാടി) എന്നിവരാണ് അർഹരായത്. അരലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ.
ഗോരഖ്പൂരിലെ സാമൂഹ്യ സേവനരംഗത്തു സജീവ സാന്നദ്ധ്യമായ പൂർവ്വാഞ്ചൽ ഗ്രാമീൺ സേവാസമിതി ഡയറക്ടറാണ് ഫാ. വർഗീസ് ആലുംചുവട്ടിൽ. പാവപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനും നിയമസഹായത്തിനുമായി ന്യൂഡൽഹി കേന്ദ്രമാക്കിയാണ് സിസ്റ്റർ അഡ്വ. സുമ ജോസിന്റെ പ്രവർത്തനം. യു.സി. പൗലോസ് ബൽത്തങ്ങാടിയിൽ വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സീറോ മലബാർ സഭയിലെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഏകോപനവും നെറ്റ് വർക്കിംഗും ഊർജ്ജിതമാക്കുന്നതിനു സിനഡ് രൂപം നൽകിയ സ്പന്ദന്റെ പ്രഥമ പുരസ്‌കാരമാണിത്. സഭയിലെ സാമൂഹ്യ ശുശ്രൂഷകരെ ആദരിക്കുന്നതിനു ചിക്കാഗോ സീറോ മലബാർ രൂപതയുടെ പങ്കാളിത്തത്തോടെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യയിലും വിദേശത്തുമായി സീറോ മലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരിൽ നിന്നാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സീറോ മലബാർ ബിഷപ്‌സ് കമ്മിറ്റി നിയോഗിച്ച വിദഗദ്ധരുടെ ജൂറിയാണ് സിനഡിന്റെ അംഗീകാരത്തോടെ പുരസ്‌കാരനിർണയം നടത്തിയത്.