ആലപ്പുഴ:കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആഗസ്റ്റ് 31 ന് 67-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കും.അതിന് മുന്നോടിയായി പുന്നമടയിൽ ജലരാജാക്കൻമാരുടെ തുഴച്ചിൽ പരിശീലനം കൊഴുക്കുന്നു. കായൽ പരപ്പിലെ ഓളങ്ങളെ കീറിമുറിച്ച് ആവേശത്തോടെയാണ് ടീമുകളുടെ പരിശീലന തുഴച്ചിൽ. മഴക്കെടുതി മൂലം മാറ്റിവച്ച വള്ളംകളിക്കായുള്ള പരിശീലനം പല ടീമുകളും നാലു ദിവസം മുന്‍പാണ് പുനരാരംഭിച്ചത്. 80ൽ ഏറെ തുഴച്ചിൽക്കാരാണ് ഒരോചുണ്ടൻ വള്ളങ്ങളിലുമുള്ളത്. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ വീതമാണ് തുഴച്ചിൽ പരിശീലനം. വള്ളത്തിൽ പരിശീലനത്തിനു പോകുന്നതിനു മുന്‍പ് കായികമായി അഭ്യാസം നടത്തി ശരീരവും മനസും പാകപ്പെടുത്തിയെടുക്കുന്നു. കുട്ടനാട്ടിലെ മുക്കിലും മൂലയിലും വള്ളംകളിയുടെ ചർച്ചകളാണ് ഇപ്പോൾ. കാത്തിരുന്ന പോരാട്ടത്തിന് തയാറെടുക്കുകയാണ് പുന്നമട വീണ്ടും. നെഹ്റുട്രോഫി വള്ളംകളി കാണാനെത്തുന്ന ഭിന്നശേഷിക്കാരായ അതിഥികളെ സഹായിക്കാൻ നിയോഗിച്ചിട്ടുള്ള ബ്ലൂ വാരിയേഴ്സിന്റെ ജഴ്സി കളക്ടർ ഡോ. അദീല അബ്ദുള്ള പ്രകാശനം ചെയ്തു.
കാത്തിരിപ്പുകള്‍ക്ക് വിരാമം: നെഹ്റുട്രോഫി ജലോല്‍സവം ആഗസ്റ്റ്- 31ന്
