രൂപതയിലെ മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ വീട് ഉറപ്പുവരുത്തുക രൂപതയുടെ സ്വപ്‌നമാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ധനസഹായത്തോടെ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടവകകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികളുടെയും സാമൂഹ്യ സന്നദ്ധ സംഘടനകള്‍, ബാങ്കുകള്‍, ഗുണഭോക്തൃവിഹിതം എന്നീ വിധങ്ങളില്‍ ലഭ്യമാകാവുന്ന സഹായ സാധ്യതകള്‍ ഒക്കെയും സംയോജിപ്പിച്ച് പാലാ രൂപതയിലെ നാനാജാതി മതസ്ഥരായ മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മിക്കുകയെന്ന സ്വപ്‌നപദ്ധതിയാണ് ‘ഹോം പാലാ പ്രൊജക്ട്.’ ഈ ലക്ഷ്യത്തിലേക്ക് ഏറെ സഹായകമായ പിന്തുണയാണ് കുവൈറ്റിലുള്ള സീറോ മലബാര്‍ ക്രൈസ്തവസമൂഹം നല്‍കുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ജോസ് കെ. മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രളയദുരിതം കര്‍ഷകജീവനും കൃഷിഭൂമിയും തട്ടിയെടുത്ത ഇക്കാലത്ത് ആശ്വാസപദ്ധതികളും പരിപാടികളുമായി ക്രൈസ്തവ സഭകള്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ അധ്യക്ഷനായിരുന്നു. ഹോം പാലാ പ്രൊജക്ട് ഡയറക്ടര്‍ ഫാ. തോമസ് വാലുമ്മേല്‍, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍, ഡി.സി.എം.എസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, എസ്.എം.സി.എ കുവൈറ്റ് റിട്ടേണ്‍സ് ഫോറം വൈസ് പ്രസിഡന്റ് ഷാജി മങ്കുഴിക്കരി, ഷിന്റോ ജോര്‍ജ് കല്ലൂര്‍, ബൈജു സെബാസ്റ്റ്യന്‍, ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏവര്‍ക്കും വാസയോഗ്യമായ വീട് രൂപതയുടെ സ്വപ്നം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
