ഏർബിൽ: സമാനതകളില്ലാത്ത പീഡനങ്ങളിലൂടെ കടന്നുപോയ ഇറാഖിലെ സഭ ഉയിർപ്പിന്റെ പാതയിലേക്ക്. കുർദിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായിരുന്ന രൂപത പുനഃസ്ഥാപിച്ച സിറിയൻ കത്തോലിക്കാ സഭയുടെ നടപടി ജന്മനാട്ടിൽ താമസിക്കുന്ന ക്രൈസ്തവർക്ക് ആത്മീയ പിന്തുണ നൽകാൻ സഹായമാകുമെന്നാണ് വിലയിരുത്തൽ.
സിറിയക് കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്‌നാസ് ജോസഫ് മൂന്നാമൻ യൂനാനാണ് ഓഗസ്റ്റ് 24ന് രൂപത പുനഃസ്ഥാപിക്കുന്ന പ്രഖ്യാപനം നടത്തിയത്. സമാധാനരാജ്ഞിയുടെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു പ്രഖ്യാപനം.
ഭീഷണികൾക്കു നടുവിലും വിശ്വാസത്തിന്റെ ആൾരൂപങ്ങളായി മാറിയ നിങ്ങളുടെ സാക്ഷ്യം ഏത് പൈശാചിക പ്രവൃത്തിക്കുമധ്യേയും ക്രിസ്തുവിലുള്ള പ്രത്യാശയിൽനിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ വെളിപ്പെടുത്തി.
‘നിങ്ങളുടെ രക്ഷകനായ ക്രിസ്തുവിനെപ്പോലെ ദൈവം അനുവദിച്ച കുരിശുകൾ നിങ്ങൾ തോളിലേറ്റി. ഭീഷണികളിലും എന്തിന്, മരണത്തിന്റെ വക്കോളം എത്തിയപ്പോഴും നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിലും പൈതൃകത്തിലും ക്രിസ്തുവിലുള്ള ലോകമെമ്പാടും കിഴക്കും പടിഞ്ഞാറും ഒരുപോലെ പ്രശംസിക്കപ്പെടുന്നതിനു കാരണമായി,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 120,000 ക്രിസ്ത്യാനികളാണ് കുർദിസ്ഥാനിലുള്ളത്. 2003ൽ ഇറാഖിൽ ഏകദേശം 15 ദശലക്ഷം ക്രിസ്ത്യാനികളുണ്ടായിരുന്നു. എന്നാൽ ഐസിസ് ഭീകരരുടെ കടന്നുകയറ്റവും ആക്രമണവും മൂലം ആളുകൾ പാലായനം ചെയ്യുകയായിരുന്നു. ഇപ്പോൾ ഇവിടെ 250,000 ക്രിസ്ത്യാനികൾ മാത്രമാണുള്ളത്.
പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കുംമധ്യേ വിശ്വാസം അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ഒരു ജനത്തിന്റെ ശ്രമങ്ങളെ സഭയ്ക്ക് കാണാതിരിക്കാനാവില്ല എന്നതിന് തെളിവാണ് രൂപത പുനസ്ഥാപിച്ച നടപടി.