വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ തിരിച്ചറിയുന്നത് നാം വഹിക്കുന്ന പദവികളാല്‍ അല്ലായെന്നും കര്‍മ്മാധിഷ്ഠിതമായ വിശ്വാസജീവിതത്താലാണ് അവിടുന്ന് തിരിച്ചറിയുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായാറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയോട് ചേര്‍ന്ന് നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നമ്മുടെ പദവികളാലല്ല കര്‍ത്താവ് നമ്മെ തിരിച്ചറിയുക. നമ്മള്‍ പറയും, കര്‍ത്താവേ നോക്കൂ, ഞാന്‍ ആ സംഘടനയില്‍ അംഗമാണ്, ആ മോണ്‍സിഞ്ഞോറിന്‍റെ, ആ കര്‍ദ്ദിനാളിന്‍റെ, ആ പുരോഹിതന്‍റെ സുഹൃത്താണ് എന്നൊക്കെ” ഇല്ല, പദവികള്‍ക്ക് ഇവിടെ വിലയില്ല, അവ പരിഗണനാര്‍ഹങ്ങളല്ല. നാം നയിക്കുന്ന എളിമയാര്‍ന്ന ജീവിതത്താല്‍, കര്‍മ്മാധിഷ്ഠിതമായ വിശ്വാസജീവിതത്താലാണ് കര്‍ത്താവ് നമ്മെ തിരിച്ചറിയുക. പാപ്പ ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഇതിനര്‍ത്ഥം നാം യേശുവുമായി യഥാര്‍ത്ഥ കൂട്ടായ്മയിലായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പ്രാര്‍ത്ഥനയാലും ദേവാലയത്തില്‍ പോകുന്നതുവഴിയും കൂദാശകള്‍ സ്വീകരിക്കുന്നതിലൂടെയും യേശുവിന്‍റെ വചനം ശ്രവിക്കുന്നതുവഴിയും ആണ് ഈ കൂട്ടായ്മയില്‍ പ്രവേശിക്കേണ്ടത്. ഇത് നമ്മുട വിശ്വാസത്തെ നിലനിറുത്തുകയും പ്രത്യാശയെ ഊട്ടുകയും നവജീവന്‍ പകരുകയും ചെയ്യും. അങ്ങനെ ദൈവത്തിന്‍റെ കൃപയാല്‍, നമുക്ക്, നമ്മുടെ ജീവിതം സഹോദരങ്ങളുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കാനും സകലവിധ തിന്മകള്‍ക്കും എല്ലാ അനീതികള്‍ക്കുമെതിരെ പോരാടാനും സാധിക്കും, അപ്രകാരം നാം ചെയ്യുകയും വേണം. മറിയം, സ്വര്‍ഗ്ഗത്തിന്‍റെ വാതിലാണെന്നും അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.