ഇസ്ലാമാബാദ്: ജമ്മു കാഷ്മീർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിനെ ചൊല്ലി മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ എല്ലാത്തരം യുദ്ധങ്ങൾക്കും തയാറാണെന്ന് വിദേശകാര്യമന്ത്രി ഷാ മെഹമ്മുദ് ഖുറേഷി പറഞ്ഞു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി നിയമവിരുദ്ധമായി അസാധുവാക്കിയതിലൂടെ ഇന്ത്യ പ്രാദേശിക സമാധാനവും സ്ഥിരതയും അപകടത്തിലാക്കിയിട്ടുണ്ടെന്നും ലോകം ഇതിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഖുറേഷി പറഞ്ഞു.
ഈ മേഖലയിലെ അതിക്രമങ്ങളിൽനിന്നും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ ഇന്ത്യക്ക് എന്തും ചെയ്യാമെന്നും ഖുറേഷി കൂട്ടിച്ചേർത്തു.
കാഷ്മീരിൽ ഏതറ്റം വരെയും പോകുമെന്നു കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണു കാഷ്മീർ വിഷയത്തിൽ ഇമ്രാൻ നിലപാടു വ്യക്തമാക്കിയത്. കാഷ്മീരിനെ പിടിച്ചടക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണെന്നും ഇമ്രാൻ കുറ്റപ്പെടുത്തി.
സൈന്യത്തെ ഉപയോഗിച്ചാണ് അവർ കാഷ്മീരിനെ പിടിച്ചടക്കിയത്. സ്വയംഭരണാവകാശം റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ വിഡ്ഢിത്തം ചെയ്തിരിക്കുന്നു. കാഷ്മീരികൾക്കു നെഹ്റു നൽകിയ ഉറപ്പാണു മോദി ലംഘിച്ചത്. യുഎൻ പ്രമേയത്തിനെതിരാണ് ഇന്ത്യയുടെ നടപടി. കാഷ്മീരിലെ പ്രശ്നം അന്താരാഷ്ട്രവത്കരിക്കുന്നതിൽ പാക്കിസ്ഥാൻ വിജയിച്ചു. 1965-നുശേഷം ആദ്യമായി യുഎൻ കാഷ്മീർ വിഷയത്തിൽ യോഗം ചേർന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾപോലും വിഷയം ചർച്ച ചെയ്തെന്നും ഇമ്രാൻ പറഞ്ഞു.
പ്രശ്നം യുദ്ധത്തിലേക്കു നീങ്ങുകയാണെങ്കിൽ ഇരുരാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നതു മറക്കരുത്. ആഗോളശക്തികൾക്കു കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. ആണവയുദ്ധത്തിൽ ആരും വിജയിക്കുകയില്ല. ലോകരാജ്യങ്ങളിൽ ഒന്നുപോലും കാഷ്മീരിനൊപ്പം നിന്നില്ലെങ്കിലും, പാക്കിസ്ഥാൻ 80 ലക്ഷം കാഷ്മീരികൾക്കൊപ്പം നിലയുറപ്പിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ആർഎസ്എസിന്റെ ഫാഷിസ്റ്റ് ആശയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരൻമാരായാണ് അവർ കരുതുന്നതെന്നും ഇമ്രാൻ പറഞ്ഞിരുന്നു.