ന്യൂഡൽഹി: രാജ്യ സുരക്ഷയുടെ ഭാഗമായി ജമ്മു കശ്മീരില്‍ ആധാര്‍ കാർഡ് സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആധാര്‍ രജിസ്‌ട്രേഷന്‍ കശ്മീരില്‍ സമ്പൂര്‍ണമായാല്‍ നുഴഞ്ഞു കയറ്റക്കാരേയും ഭീകരവാദികളേയും പൂര്‍ണമായും തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.നിലവില്‍ ജമ്മു കശ്മീരില്‍ 78 ശതമാനത്തോളം ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ണമാകുന്നതോടെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുളള ക്ഷേമ പദ്ധതികളുടെ മുഴുവന്‍ ഗുണങ്ങളും ലഭ്യമാകും.
ഓഗസ്റ്റ് 5 നാണ് ജമ്മുകശ്മീരിന്റെ പ്രത്യേകേ പദവി സര്‍ക്കാര്‍ എടുത്തുമാറ്റിയത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ രണ്ടായി വിഭജിച്ചിരുന്നു. ഇതു പ്രകാരം ലഡാക് കേന്ദ്രഭരണ പ്രദേശമായും കശ്മീര്‍ ഗവര്‍ണറുടെ ഭരണത്തിന് കീഴിലുമാണ്. ഭീകരവാദത്തിന് അറുതി വരുത്തുക, രാജ്യത്തെ ഒറ്റ കുടകീഴില്‍ കൊണ്ടു വരിക, കശ്മീരിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം നടപ്പിലാക്കുക തുടങ്ങിയവയും വിഭജനത്തിലൂടെ ലക്ഷ്യമാക്കുന്നു. ഒക്ടോബര്‍ 31 മുതല്‍ ജമ്മുകശ്മീരില്‍ കേന്ദ്രഭരണ സംവിധാനം നിലവില്‍ വരും.