വാർത്തകൾ

🗞🏵 *റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക കരുതൽ ധനത്തിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറാമെന്ന മുൻ ആർബിഐ ഗവർണർ ബിമൽ ജലാൻ സമിതിയുടെ ശുപാർശയ്ക്കു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോർഡിന്റെ അംഗീകാരം.* കേന്ദ്ര സർക്കാരിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്.

🗞🏵 *ഇന്ത്യയ്ക്കും പാകിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയത്. ഫ്രാൻസിലെ ബിയാറിറ്റ്സിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ചർച്ചനടത്തിയത്

🗞🏵 *ബാറ്ററി അമിതമായി ചൂടാവുന്നതായി പരാതിയുയർന്ന മാക്ബുക്ക് പ്രോയുടെ ചില മോഡലുകൾ വിമാനയാത്രക്ക് കൂടെ കൊണ്ടുപോകരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസ് നിർദേശം.* നേരത്തേ സിംഗപ്പൂർ എയർലൈൻസും തായ് എയർലൈൻസും വിമാന യാത്രയിൽ മാക്ബുക്ക് പ്രോ ഒപ്പം കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

🗞🏵 *ഓട്ടിസമുള്ള പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അധ്യാപകൻ പിടിയിൽ.* തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. അധ്യാപകനായ സന്തോഷാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്

🗞🏵 *ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തെ നാല് ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.* കേസിലെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിബിഐ കോടതിയിൽ ചിദംബരത്തെ ഹാജരാക്കി. ഈ മാസം 30ന് ചിദംബരത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും.

🗞🏵 *തന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ച് ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ.* ബുലന്ദ്ഷഹറിലുണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണിത്. പ്രതികളെ ജയിലിന് മുന്നിൽ മാലയിട്ട് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

🗞🏵 *പാലായിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫും ജോസ്.കെ മാണിയും തമ്മിൽ ചർച്ചനടത്താൻ സാധ്യത തെളിയുന്നു.* സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇരു ഗ്രൂപ്പുകൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടായില്ലെങ്കിൽ കോൺഗ്രസ് നേതൃത്വം ഇടപെട്ടേക്കും.

🗞🏵 *ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുന്നതിലൂടെ റെയിൽവെയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ വൻ വർധന.* 2016 നും 2019നുമിടെ റെയിൽവേയ്ക്ക് ഇത്തരത്തിൽ ലഭിച്ചത് 1377 കോടിരൂപ.

🗞🏵 *അഴുക്കുചാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് രക്ഷകരായി ഉത്തർ പ്രദേശ് പോലീസ്.* ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനാണ് ബദായൂണിലെ പോലീസുകാർ രക്ഷകരായത്. ശനിയാഴ്ചയാണ് സംഭവം.

🗞🏵 *തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീർപ്പാക്കാനുള്ള അജ്മാൻ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു.* തുഷാർ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസിൽ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്.

🗞🏵 *എല്ലാ വഴികളും അടഞ്ഞപ്പോഴുളള ഗതികേട് കൊണ്ടാണ് വിശ്വാസികൾക്ക് അനുകൂലമായി സിപിഎം നിലപാട് മാറ്റിയിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള.* എല്ലാ വഴികളും ആത്മീയതയിലേക്ക് എന്നതാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന സെക്രട്ടറി തന്നെ വിശ്വാസികൾക്ക് വേണ്ടി നിലപാട് മാറ്റുമ്പോൾ അത് ആശയപരമായ മാറ്റമായി താൻ കാണുന്നില്ല.

🗞🏵 *പാലാ കേരളാ കോൺഗ്രസിന് തീർച്ചയായും വിജയസാധ്യതയുള്ള സീറ്റാണെന്ന് പി സി തോമസ്.* എൻ ഡി എ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടും. എൻ ഡി എ സീറ്റ് തന്നാൽ കേരളാ കോൺഗ്രസ് മത്സരിക്കും. ആരു മത്സരിക്കണമെന്നതിനെ കുറിച്ച് പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *കെട്ടിട നിർമാണ ചട്ടഭേദഗതിയിൽ മൂന്നാറിന് വേണ്ടിയിറക്കിയ ഉത്തരവ് സംസ്ഥാനത്ത് ആകെ നടപ്പിലാക്കാൻ ഹൈക്കോടതി നിർദ്ദേശം.* ഇക്കാര്യം പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂന്നാറിന് വേണ്ടി കൊണ്ടുവന്ന ഭേദഗതിയിൽ എട്ട്, ഒമ്പത് എന്നീ ക്രമനമ്പറിലുള്ള നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കാനും കോടതി നിർദ്ദേശം നൽകി.

🗞🏵 *യെമൻ പ്രവിശ്യയായ സാദയിൽ നിന്ന് തെക്കൻ സൗദി നഗരമായ ജിസാനിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെ സൈന്യം വെടിവെച്ചിട്ടുവെന്ന് അറബ് സഖ്യസേന അറിയിച്ചു.*

🗞🏵 *മാവോവാദി സാന്നിധ്യമുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* മാവോവാദികൾക്കെതിരായ നീക്കങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. 

🗞🏵 *വിവരാവകാശ നിയമപ്രകാരം രാജ്യത്തെ എല്ലാ കേന്ദ്ര-സംസ്ഥാന വകുപ്പുകളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ ആയി അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്ന വെബ് പോർട്ടൽ വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്.*

🗞🏵 *പേ ടിഎമ്മിലും സൊമാറ്റോയിലും വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ചൈനീസ് ഭീമൻ ആലിബാബ ഇന്ത്യയിൽ തൽക്കാലം കൂടുതൽ നിക്ഷേപം നടത്തേണ്ടെന്ന് തീരുമാനിച്ചതായി റിപ്പോർട്ട്.*

🗞🏵 *അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട 22 കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിലെ ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ.*

🗞🏵 *പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയത്തിൽ ഇന്ന് പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും.* ഇന്ത്യൻ സമയം വൈകീട്ട് ആറ് മണിയോടെയാകും പാക് ജനതയെ അഭിസംബോധന ചെയ്യുക.

🗞🏵 *ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മോദി സ്തുതി നടത്തിയതിനെതിരേ കോൺഗ്രസിൽ വിമർശനം ശക്തമാവുന്നു.* മോദിയെ സ്തുതിക്കേണ്ടവർ ബി.ജെ.പിയിലേക്ക് പോയി സ്തുതിക്കണമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. ഇടയ്ക്ക് മോദി സ്തുതി നടത്തിയാൽ മാത്രമേ വിമർശനം ഏൽക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം.

🗞🏵 *കേരളത്തിൽ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളിൽ നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ.* ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായിൽ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മറ്റു അസ്വാഭാകിതയൊന്നുമില്ല. 

🗞🏵 *മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിനുള്ള പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിച്ചേക്കും.* സിആർപിഎഫായിരിക്കും ഇനി മൻമോഹന് സുരക്ഷനൽകുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.

🗞🏵 *കർണാടകയിൽ സഖ്യ സർക്കാർ താഴെ വീണതിന് പിന്നാലെ കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ തമ്മിലുടലെടുത്ത വാക് പോര് കൂടുതൽ രൂക്ഷമായി.* എച്ച്.ഡി.കുമാരസ്വാമി തന്നെ ശത്രുവായി മാത്രം കണ്ടതാണ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ച് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

🗞🏵 *ജമ്മു കശ്മീരിൽ പ്രതിഷേധക്കാർ ട്രക്ക് ഡ്രൈവറെ കല്ലെറിഞ്ഞ് കൊന്നു. സുരക്ഷാ സേനയുടെ വാഹനമാണെന്ന് തെറ്റിധരിച്ചാണ് പ്രതിഷേധക്കാർ കല്ലെറിഞ്ഞത്.* കശ്മീരിലെ സ്രാദിപ്പോര സ്വദേശി നൂർ മുഹമ്മദ് ദർ ആണ് കല്ലേറിനെത്തുടർന്നുണ്ടായ പരിക്കുമൂലം കൊല്ലപ്പെട്ടത്. അനന്ത് നാഗ് ജില്ലയിലാണ് സംഭവം. വിഷയത്തിൽ ചിലർ അറസ്റ്റിലായിട്ടുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു.

🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹത്വവത്കരിക്കലല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്ന് യു.ഡി.എഫ്. കൺവീനൻ ബെന്നി ബെഹനാൻ എം.പി.* സംഘപരിവാർ അജണ്ടയോട് കോൺഗ്രസിന് യോജിക്കാനാകില്ലെന്നും മോദിയെ എതിർക്കുന്നതിൽ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *സ്വർണവില വീണ്ടും കുതിച്ചു.* പവന് 28,640 രൂപയായി. പവന് 320 രൂപയാണ് വർധിച്ചത്. 3580 രൂപയാണ് ഗ്രാമിന്റെ വില.

🗞🏵 *ആണവ ബോംബുകൾ യുദ്ധത്തിൽ അനിവാര്യമായ സാഹചര്യത്തിൽ മാത്രം പ്രയോഗിക്കാനായി വൻ ശക്തി രാജ്യങ്ങൾ കരുതി വെച്ചിരിക്കുന്നവയാണ്.* എന്നാൽ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആറ്റംബോംബ് ഉപയോഗിക്കണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം. 

🗞🏵 *വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ വിജയം.* 318 റൺസിനായിരുന്നു വിൻഡീസിന്റെ തോൽവി. 419 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് രണ്ടാമിന്നിങ്സിൽ 100 റൺസിന് പുറത്തായി. സ്കോർ: ഇന്ത്യ-297, 343/7d. വെസ്റ്റിൻഡീസ്-222,100

🗞🏵 *ബോളിവുഡ് നടൻ സഞ്ജയ് ദത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനൊരുങ്ങുന്നു.* മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആർ.എസ്.പി) എന്ന പാർട്ടിയിലാണ് സഞ്ജയ് ദത്ത് അംഗമാകാനൊരുങ്ങുന്നത്. ആർ.എസ്.പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

🗞🏵 *തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി റഹീം അബ്ദുൾ ഖാദറിനേയും സുൽത്താൻ ബത്തേരി സ്വദേശിനിയായ യുവതിയേയും വിട്ടയച്ചു.* ഇവർ നിരപരാധികളാണെന്ന് വ്യക്തമായതിനെ തുടർന്നാണിത്. ഇന്നലെ മുതൽ ഞായറാഴ്ച വൈകീട്ട് ഏഴുവരെ എൻ.ഐ.എ അടക്കമുള്ള അന്വേഷണ ഏജൻസികൾ യുവാവിനെ ചോദ്യം ചെയ്തു. എന്നാൽ, ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് വിട്ടയച്ചത്.

🗞🏵 *ശബരിമലയിലെ ഇടപെടലിനു പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.* വര്‍ഗീയ കോമരങ്ങള്‍ ശബരിമലയില്‍ പൊലീസിനെ വേട്ടയാടി. കലാപമുണ്ടാക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. പൊലീസ് സേന ചിലപ്പോള്‍ ദുഷ്പേരുണ്ടാക്കുന്നു. ലോക്കപ്പ് മര്‍ദനം പൊലീസിന്റെ മറ്റൊരു മുഖമായി. അതിന്റെ കാരണം ആലോചിക്കണം. പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിക്കും. കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

🗞🏵 *നികുതി വകുപ്പിലെ 22 മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂടി നരേന്ദ്രമോദി സര്‍ക്കാര്‍ നിർബന്ധിത വിരമിക്കലിനു വിധേയമാകുന്നതായി റിപ്പോർട്ട്.* അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്നാണു നടപടി. നികുതി വകുപ്പിൽ വിശ്വസിക്കാൻ കൊള്ളാത്ത ചിലരുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരായ നീക്കമെന്നതും ശ്രദ്ധേയം.

🗞🏵 *ബിജെപിക്കെതിരെ എതിരാളികൾ അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബിജെപി നേതാവും സന്യാസിനിയുമായ പ്രജ്ഞ സിങ് ഠാക്കൂർ.* മുതിർന്ന ബിജെപി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുർമന്ത്രവാദമാണെന്നും പ്രജ്ഞ ആരോപിച്ചു. അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, ബാബുലാൽ‌ ഗൗർ തുടങ്ങിയവരുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണു വിവാദ പ്രസ്താവന.

🗞🏵 *ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് അപ്രതീക്ഷിത അതിഥിയായി എത്തിയത് അംഗരാജ്യങ്ങളെ അമ്പരപ്പിച്ചു.* ഇറാന്‍ മന്ത്രി വിമാനമിറങ്ങും വരെ ഇക്കാര്യം അംഗരാജ്യങ്ങള്‍ക്കൊന്നും അറിവുണ്ടായിരുന്നില്ലെന്നാണു റിപ്പോര്‍ട്ട്.

🗞🏵 *ക്രൈസ്തവ വിശ്വാസം അടിച്ചമര്‍ത്തുന്ന വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയായില്‍ രണ്ടു മാസത്തിനിടെ അറസ്റ്റ് ചെയ്തത് നൂറ്റിഅന്‍പതോളം ക്രൈസ്തവര്‍.* ഇവരില്‍ പലരും തുരങ്കങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭൂഗര്‍ഭ ജയിലുകളിലാണെന്ന്‍ സന്നദ്ധ സംഘടനയായ വേള്‍ഡ് വാച്ച് മോണിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിനായിരുന്നു ഏറ്റവും ഒടുവിലത്തെ അറസ്റ്റ്.
 
🗞🏵 *ആരാധകരുടെ അതിരുവിട്ട കത്തോലിക്കാ വിരുദ്ധ മുദ്രാവാക്യങ്ങളെ തുടര്‍ന്നു സ്കോട്ടിഷ് ഫുട്ബോള്‍ ക്ലബ്ബിനു യൂറോപ്പിലെ ഫുട്ബോളിന്റെ ഭരണാധികാര സംഘടനയായ യുവേഫയുടെ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) നടപടി* . അടുത്ത മത്സരത്തില്‍ ഇബ്രോക്സ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അടക്കുവാനാന് സ്കോട്ടിഷ് പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ റെയ്ഞ്ചേഴ്സിനോട് യുവേഫ ആവശ്യപ്പെട്ടിരിക്കുന്നത്

🗞🏵 *പ്ലാന്‍ഡ് പാരന്‍റ്ഹുഡ് എന്ന കുപ്രസിദ്ധ ഗര്‍ഭഛിദ്ര പ്രസ്ഥാനത്തിനുവേണ്ടി ക്ലിനിക്ക് ഡയറക്ടറായി പ്രവർത്തിക്കുകയും പിന്നീട് പ്രോലൈഫ് ആക്ടിവിസ്റ്റായി മാറുകയും ചെയ്ത അബി ജോൺസണിന്റെ പുതിയ പ്രോലൈഫ് ഇടപെടല്‍ മാധ്യമങ്ങളില്‍ ഇടംനേടുന്നു.* അബി ജോൺസണിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചു തീയറ്ററുകളില്‍ ശ്രദ്ധയാകര്‍ഷിച്ച ‘അൺപ്ലാന്‍ഡ്’ ചിത്രത്തിന്റെ കോപ്പികള്‍ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ പ്രവർത്തിക്കുന്നയാളുകള്‍ക്കു അയച്ചുകൊടുത്ത് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അബി ജോൺസൺ.
 
🗞🏵 *ലോകത്തു ഏറ്റവും കൂടുതല്‍ ഇസ്ലാം മതസ്ഥര്‍ അധിവസിക്കുന്ന ഇന്തോനേഷ്യയില്‍ എട്ട് ദിവസത്തിനുള്ളിൽ പൗരോഹിത്യം സ്വീകരിച്ചത് പതിനഞ്ച് നവവൈദികരും ഒരു ഡീക്കനും.* സുമാത്ര ദ്വീപിലെ തൻജുങ്കറാങ് രൂപതയ്ക്കും, ജാവ ദ്വീപിലെ ജക്കാർത്ത രൂപതയ്ക്കുമായാണ് നവവൈദികര്‍ പട്ടം സ്വീകരിച്ചത്

🗞🏵 *ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്.* പിസി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള ജനപക്ഷം എൻഡിഎ സീറ്റ് ആവശ്യപ്പെടുമെന്ന അഭ്യൂഹത്തിനിടെയാണ് പി സി ജോർജ് നിലപാട് വ്യക്തമാക്കിയത്.
🌺🌺🍀🌺🌺☘🌺🌺☘🌺🌺

*ഇന്നത്തെ വചനം*
അവന്‍െറ ശിഷ്യന്‍മാര്‍ തിരിച്ചെത്തി. അവന്‍ ഒരു സ്‌ത്രീയോടു സംസാരിക്കുന്നതു കണ്ട്‌ അവര്‍ അദ്‌ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട്‌ അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല.
ആ സ്‌ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്‌, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
ഞാന്‍ ചെയ്‌ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍തന്നെയായിരിക്കുമോ ക്രിസ്‌തു?
അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട്‌ അവന്‍െറ അടുത്തു വന്നു.
തത്‌സമയം ശിഷ്യന്‍മാര്‍ അവനോട്‌ അപേക്‌ഷിച്ചു: റബ്‌ബി, ഭക്‌ഷണം കഴിച്ചാലും.
അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്‌ഷണം എനിക്കുണ്ട്‌.
ആരെങ്കിലും ഇവനു ഭക്‌ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്‍മാര്‍ പരസ്‌പരം പറഞ്ഞു.
യേശു പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം.
നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്‌ത്തിനു പാകമായിരിക്കുന്നു.
കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്‌ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു.
വിതയ്‌ക്കുന്നത്‌ ഒരുവന്‍ , കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല്‌ ഇവിടെ സാര്‍ഥകമായിരിക്കുന്നു.
നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ ഞാന്‍ നിങ്ങളെ അയച്ചു; മറ്റുള്ളവരാണ്‌ അധ്വാനിച്ചത്‌. അവരുടെ അധ്വാനത്തിന്‍െറ ഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
യോഹന്നാന്‍ 4 : 27-38
🌺🌺🍀🌺🌺☘🌺🌺☘🌺🌺

*വചന വിചിന്തനം*
നമ്മൾ അറിഞ്ഞ ഈശോയെ നമ്മൾ മറ്റുള്ളവരെ അറിയിച്ചോ?

ഞാൻ ചെയ്ത കാര്യങ്ങൾ എന്നോട് പറഞ്ഞ മനുഷ്യനെ നിങ്ങൾ വന്നു കാണുവിൻ (29). സമരിയക്കാരി സ്ത്രീയുടെ വലിയ വിശ്വാസ സാക്ഷ്യമാണ് നമ്മൾ ഇവിടെ കാണുന്നത്. താൻ അനുഭവിച്ച ദൈവപുത്രനെ, മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കുന്നു, അവരെക്കൂടി അവന്റെ അടുക്കലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു.

ഈശോയുടെ അടുത്തേയ്ക്ക് ആർക്കും വരാം എന്ന സന്ദേശമാണ് ഈ സ്ത്രീയുടെ വരവോടെ നമ്മൾ പഠിക്കുന്നത്. ജീവിതത്തിന്റെ ദുരവസ്ഥയിൽ പെട്ടവർക്കും പാപാവസ്ഥയിൽ കഴിയുന്നവർക്കും ദുഖിച്ചിരിക്കുന്നവർക്കും ഈശോയുടെ പക്കൽ വരാം. പക്ഷേ, വന്നു കഴിഞ്ഞാൽ, തിരികെ പോകുമ്പോൾ മാറ്റം സംഭവിക്കും. അതും സമരിയക്കാരി സ്ത്രീയുടെ മാനസാന്തരം നമ്മെ പഠിപ്പിക്കുന്നു.

തുറന്ന ഹൃദയത്തോടെ ഈശോയെ സമീപിക്കുന്നവർക്ക് നന്മയിലേക്കുള്ള മാറ്റം സംഭവിക്കും. നമ്മൾ എത്രയോ വി. കുർബാനയിൽ പങ്കെടുത്തിരുന്നു, എത്രയോ പ്രാവശ്യം ഈശോയുടെ പക്കൽ അണഞ്ഞിരിക്കുന്നു. എന്നാൽ നമുക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ? നമ്മൾ മറ്റുള്ളവർക്ക് മുൻപിൽ ഈശോയെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ടോ? നമ്മൾ മറ്റുള്ളവരെ ഈശോയുടെ പക്കലേയ്ക്ക് നയിച്ചിട്ടുണ്ടോ?
🌺🌺🍀🌺🌺☘🌺🌺☘🌺🌺

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*