മാനന്തവാടി: സന്യാസ സമൂഹത്തിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാത്തതിന്റെ പേരിൽ ഒരു സന്യാസിനിക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിൽ ചില ചാനലുകളും ഓണ്‍ലൈൻ പത്രങ്ങളും സത്യവിരുദ്ധ പ്രസ്താവനകളുമായി സഭയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ കത്തോലിക്ക സഭയ്ക്കെതിരെ ശക്തമായ ഗൂഢാലോചന നടക്കുന്നതിന്റെ ഭാഗമായി മാനന്തവാടി രൂപതയും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനിയും ഇതു തുടർന്നാൽ സമുദായ സ്നേഹികളും ക്രൈസ്തവ വിശ്വാസികളുമായ ജനങ്ങൾക്ക് ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നു യോഗം മുന്നറിയിപ്പു നൽകി. സന്യാസസമൂഹത്തിന്റെ നിയമമനുസരിച്ചു ജീവിക്കാൻ കഴിയാത്തവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതു സന്യാസസമൂഹത്തിൽതന്നെ നിന്നുകൊണ്ടല്ല, പുറത്തു പോയിട്ടാണു വേണ്ടത്.
വ്യാജപ്രചാരണങ്ങളിലൂടെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും സമർപ്പണ ജീവിതം നയിക്കുന്നവരെ അവഹേളിക്കാനും മുതിരുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പു നല്കി.12 മേഖലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാൻ രൂപത പ്രവർത്തക സമിതിയെ യോഗം ചുമതലപ്പെടുത്തി.
രൂപത പ്രസിഡന്റ് ഡോ.കെ.പി. സാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡയറക്ടർ ഫാ.ആന്റോ മന്പള്ളി ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. ജോർജുകുട്ടി വിലങ്ങപ്പാറ, സണ്ണി ചെറുകാട്ട്, ജോസ് കറുന്പാലക്കാട്ട്, ജെയിംസ് മറ്റത്തിൽ, ഷാജി തോപ്പിൽ, വിൻസന്റ് ചാരുവേലിൽ, ഗ്ലാഡിസ് ചെറിയാൻ, മോളി കരിന്പനാക്കുഴി, ലൗലി ഇല്ലിക്കൽ, സൈമണ്‍ ആനപ്പാറ, തങ്കച്ചൻ കുറുന്പാലക്കോട്ട, ജോയി ചെട്ടിമട്ടേൽ എന്നിവർ പ്രസംഗിച്ചു.